ചുളിവുകളും പാടുകളും അകറ്റാം; ആന്റി ഏജിങ് ക്രീമുകൾ ഏത് പ്രായത്തിൽ ഉപയോഗിച്ച് തുടങ്ങാം?
പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ ശരീരം പലപ്പോഴും കാണിച്ച് തരുന്നത് ചര്‍മത്തിലായിരിക്കും. പ്രായമാകുന്തോറും മുഖകുരുവിന്റെ പാടുകള്‍ കൂടുതല്‍ വ്യക്തമാകാന്‍ തുടങ്ങും. ചര്‍മം തൂങ്ങുകയും സണ്‍സ്‌പോട്ടുകള്‍ കാണപ്പെടുകയും ചെയ്യും. മുഖത്തും ശരീരത്തും ചുളിവുകള്‍ പ്രത്യക്ഷപ്പെടും.
ചര്‍മം പെട്ടെന്ന് പ്രായമാകുന്നതിനുള്ള കാരണങ്ങള്‍ എന്തായിരിക്കും?
1) കഠിനമായ ചൂട്
2) അപകടകാരികളായ രാസവസ്തുക്കള്‍ അടങ്ങിയ, നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ ചര്‍മത്തില്‍ ഉപയോഗിക്കുന്നത്.
3) തെറ്റായ ദിനചര്യകള്‍
4) അമിതമായുള്ള പുകവലിയും മദ്യപാനവും
തുടങ്ങിയവയെല്ലാം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്ന കൊളാജിന്‍, ഇലാസ്റ്റിന്‍ എന്നിവ നശിക്കുന്നതിനും ചര്‍മം പെട്ടെന്ന് പ്രായമാകുന്നതിനും കാരണമാകുന്നു. ചര്‍മ കോശങ്ങള്‍ക്കിടയിലുള്ള ഇലാസ്തികത നഷ്ടപ്പെടുന്നതും ചര്‍മത്തിലെ ഫാറ്റി ആസിഡ്, എസെന്‍ഷ്യല്‍ ഓയിലും കുറയുന്നതും പ്രായമാകല്‍ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കുന്നു.
ഏത് പ്രായത്തില്‍ ആന്റി-ഏജിങ് ഉത്പന്നങ്ങള്‍ ഉപയോഗിക്കണം?
പ്രായമാകുന്നത് തടയാന്‍ നമുക്ക് സാധ്യമല്ലെങ്കിലും ചർമം പ്രായമാകുന്നത് വൈകിപ്പിക്കാന്‍ കളിയും. ചര്‍മത്തില്‍ ചുളിവുകളും പാടുകളും വരുന്നത് വരെ കാത്തിരിക്കേണ്ട. ആന്റി-ഏജിങ് ഉത്പന്നങ്ങള്‍ നിങ്ങളുടെ ഇരുപതുകളിലോ മുപ്പതുകളിലോ ഉപയോഗിച്ച് തുടങ്ങുന്നതാകും നല്ലത്.
നിങ്ങള്‍ ഒരുപാട് നേരം വെയിലത്ത് ചിലവഴിക്കുന്നവരാണെങ്കില്‍ ആന്റി-ഏജിങ് ഉത്പന്നങ്ങള്‍ ഇപ്പൊഴേ ഉപയോഗിച്ച് തുടങ്ങുന്നതാകും നല്ലത്. പുറത്തുപോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാത്ത കൗമാരക്കാരാണ് നിങ്ങളെങ്കില്‍, മറ്റുള്ളവരേക്കാള്‍ നേരത്തെ തന്നെ നിങ്ങളുടെ ചര്‍മത്തില്‍ ചുളിവുകളും വരകളും വരാനുള്ള സാധ്യത കൂടുതലാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകളുടെ ത്വക്കിന് കട്ടികുറവായതിനാല്‍ കൂടുതല്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്തെന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ സൂര്യതാപം കൂടുതലായിരിക്കും.
സണ്‍സ്‌ക്രീന്‍ ദിനചര്യയുടെ ഭാഗമാക്കുന്നതാണ് നല്ലത്. ദിനവും സണ്‍സ്‌ക്രീന്‍ പുരട്ടി പുറത്തുപോകുന്നത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നേടുന്നതിനും ചർമത്തിന് പ്രായമാകുന്നത് വൈകിപ്പിക്കുന്നതിനും സഹായിക്കുന്നു.
ആന്റി-ഏജിങ് ഉത്പന്നങ്ങള്‍ ഏതെല്ലാം ഉപയോഗിക്കാം?
1. സണ്‍സ്‌ക്രീന്‍
മഴയോ വെയിലോ ആകട്ടെ, എപ്പോഴും സണ്‍സ്‌ക്രീന്‍ പുരട്ടി പുറത്ത് പോകുന്നതാണ് നല്ലത്. എസ്പിഎളഫ് മുപ്പതോ അതില്‍ കൂടുതലോ ഉള്ള സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കണം. ഇത് ചര്‍മാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
2. വിറ്റാമിന്‍ സി സിറം
ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി-ഒക്‌സിഡന്റുകള്‍ ചര്‍മത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കുന്നതിനും ഹൈപ്പര്‍ പിഗ്മെന്റേഷന്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ചര്‍മത്തിന് ഇലാസ്തികത നല്‍കുന്ന കൊളാജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. മികച്ച ഫലത്തിന് രാവിലെ മുഖം കഴുകി വൃത്തിയാക്കിയതിന് ശേഷം പുരട്ടുന്നതായിരിക്കും നല്ലത്.
3. ഹൈലൂറോണിക് ആസിഡ്
ശരീരത്തില്‍ സ്വഭാവികമായി നിര്‍മിക്കപ്പെടുന്ന ഒന്നാണ് ഹൈലൂറോണിക് ആസിഡ്. എന്നാല്‍ പ്രായമാകുന്നതിനനുസരിച്ച് ഇതിന്റെ ഉത്പാദനം കുറയുകയും വരണ്ടതും ചുളിവും വരകളുമുള്ളതായ ചര്‍മത്തിന് കാരണമാകുകയും ചെയ്യുന്നു. അതിനാല്‍, ഹൈലൂറോണിക് ആസിഡ് ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇതുവഴി ചര്‍മം കൂടുതല്‍ മൃദുലവും യുവത്വവുമുള്ളതായി തോന്നും. എന്നാല്‍ നിങ്ങളുടേത് ഏത് തരത്തിലുള്ള ചര്‍മമാണ് എന്നതിനെ ആശ്രയിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.
4. റെറ്റിനോള്‍
ആന്റി ഏജിങ് ഉത്പന്നങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് റെറ്റിനോള്‍. മൃതകോശങ്ങളെ നീക്കി പുതിയ കോശങ്ങളെ സ്ഥാപിക്കാന്‍ റെറ്റിനോളിന് സാധിക്കും. ഇത് കൊളാജന്‍ നിര്‍മാണത്തെ വര്‍ധിപ്പിക്കുകയും ചുളിവുകളും വരകളും പാടുകളും ചര്‍മത്തില്‍ കാണപ്പെടുന്നത് കുറയ്ക്കുകും ചെയ്യുന്നു. ചർമസുഷിരങ്ങള്‍ കുറയ്ക്കാനും മുഖക്കുരു വരാതെ നോക്കാനും റെറ്റിനോളിന് സാധിക്കും. കോസ്മറ്റോളജിസ്റ്റിന്റെ നിര്‍ദേശത്തോടെ പുരട്ടുന്നതായിരിക്കും നല്ലത്.
5. ഫേസ് വാഷ്
നിങ്ങളുടെ ചര്‍മം ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞ് വേണം ഫേസ് വാഷ് തിരഞ്ഞെടുക്കാന്‍. ചര്‍മം വരണ്ടതോ, എണ്ണമയമുള്ളതോ, സാധാരണയോ ആയിരിക്കാം. ചര്‍മത്തിന് ഇണങ്ങിയ ഫേസ് വാഷ് തിരഞ്ഞെടുക്കുക.
നിര്‍ബന്ധമായും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മുഖം ഫേസ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഇത് മുഖത്ത് പറ്റിപിടിച്ചിരിക്കുന്ന മേക്കപ്പ്, വിയര്‍പ്പ്, അഴുക്ക് എന്നിവ നീക്കം ചെയ്യുന്നതിന് സഹായിക്കും. ഇത് രാത്രിമുഴുവന്‍ ശ്വസിക്കാന്‍ ചര്‍മത്തിനെ അനുവദിക്കുന്നു. മുഖം രാത്രിയില്‍ വളരെ വരണ്ടിരിക്കുന്നതായി തോന്നിയാല്‍ നൈറ്റ് ക്രീമോ, മോയ്‌സ്ചറൈസറോ പുരട്ടുന്നതാണ് നല്ലത്. വരണ്ടിരിക്കുന്നതാണ് ചര്‍മത്തിന് പ്രായമാകുന്നതിനുളള പ്രധാന കാരണം. ഇത് ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.