പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാവാടയിട്ടാലും ട്രൗസറിട്ടാലും അവര്‍ക്കെന്താണ് കുഴപ്പം? കുടുംബത്തിലെ സദാചാര വിചാരണയ്ക്കെതിരെ പ്രതികരിച്ച് യുവതി

കുടുംബത്തിലുള്ളവര്‍ എന്ത് തോന്ന്യാസം കാണിച്ചാലും ആരും ചോദിക്കില്ലെന്ന ധൈര്യമാണ് അവര്‍ക്ക്. എന്നാല്‍ എനിക്ക് വലുത് ആത്മാഭിമാനമാണ്.
Updated on
2 min read

ബന്ധുക്കളുടെ സാദാചാര ആക്രമണത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശി അനുപമയെന്ന ഇരുപത്തിമൂന്നുകാരി. ബന്ധുക്കളില്‍ നിന്നും തുടര്‍ച്ചയായുണ്ടായ സദാചാര ആക്രമണത്തിനെതിരെ പരാതിയുമായാണ് അനുപമ രംഗത്തെത്തിയിരിക്കുന്നത്.

"കുടുംബക്കാര്‍ക്ക് എതിരെ കേസ് കൊടുക്കരുതെന്ന് പലരും പറഞ്ഞു, ഭീഷണിപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴി രേഖപ്പെടുത്താന്‍ പോകുന്നതിന് തലേദിവസം ഭീഷണികള്‍ അപേക്ഷയായി മാറി. മാപ്പ് പറയാന്‍ തയ്യാറാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. പക്ഷെ ക്ഷമിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. എനിക്ക് എന്റെ ആത്മാഭിമാനമായിരുന്നു പ്രധാനം" അനുപമ പറയുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് ഒരു അകന്ന ബന്ധു രാത്രി വീട്ടില്‍ കയറിവന്ന് അനുപമ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ ബഹളമുണ്ടാക്കിയത്. ശാരീരികമായി ഉപദ്രവിക്കാനും ശ്രമമുണ്ടായി. അയല്‍വാസിയും ബന്ധുവുമായതിനാല്‍ അയാള്‍ ചെയ്തതില്‍ തെറ്റുള്ളതായി തനിക്കല്ലാതെ മറ്റാര്‍ക്കും തോന്നിയില്ലെന്ന് അനുപമ പറയുന്നു.

അയാള്‍ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാമായിരുന്നു.. വീട്ടില്‍ ഷോര്‍ട്സിട്ട് ഞാന്‍ നടന്നാല്‍ അയാള്‍ക്കെന്താണു പ്രശ്‌നം? ഞാന്‍ ട്രൗസറിട്ടാലും പാവാടയുടുത്താലും നിങ്ങളതില്‍ ഇടപെടേണ്ടതില്ലെന്നും അങ്ങനെ ചെയ്താല്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും അപ്പോള്‍ തന്നെ ഞാന്‍ അയാളോട് പറഞ്ഞതാണ്. 'നീ പോയി കേസ് കൊടുക്കെടി' എന്നായിരുന്നു അയാളുടെ മറുപടി.

നിരന്തരമായി കുടുംബക്കാരുടെ സദാചാര വിചാരണ നടന്നു കൊണ്ടിരുന്നു . ജോലിത്തിരക്കു കാരണം അനുപമ നിയമപരമായി മുന്നോട്ട് പോകാന്‍ മടിച്ചു. അതിനിടെയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രണ്ട് ആണ്‍ സുഹൃത്തുക്കളോടൊപ്പം ബസ് കാത്തു നില്‍ക്കുന്ന അനുപമയുടെ ചിത്രവും വീഡിയോയും എടുത്ത് കുടുംബാംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു. പൊതു സ്ഥലത്ത് വെച്ച് അനാവശ്യം കാണിക്കുന്നു എന്ന തലക്കെട്ടോടു കൂടിയാണ് ഫോട്ടോ അനുപമയുടെ സഹോദരന്റെ ഫോണിലെത്തുന്നത്. അനുവാദമില്ലാതെ ഫോട്ടോ എടുത്തതിനും അത് പ്രചരിപ്പിച്ചതിനും കെഎസ്ആര്‍ടിസി ജീവനക്കാരനായ ബന്ധുവിനെതിരെ നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് അനുപമ പരാതി കൊടുത്തു.

പരാതി കൊടുത്തതോടെ പ്രതിഷേധിച്ച് അയാളുടെ ഭാര്യാ സഹോദരന്‍ അനുപമയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി, തെറി വിളിച്ചു. വാട്സാപ്പിലൂടെ അസഭ്യം നിറഞ്ഞ ഓഡിയോ സന്ദേശങ്ങള്‍ അയച്ചു. ഇതു കൂടിയായപ്പോഴാണ് നിയമപരമായി നീങ്ങാന്‍ അനുപമ തീരുമാനിച്ചത്. മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കുന്നതിന്റെ തലേദിവസവും ബന്ധുക്കളില്‍ പലരും അനുപമയെ വിളിച്ചു സംസാരിച്ചു. ചിലര്‍ ഭീഷണി സ്വരത്തിലായിരുന്നെങ്കില്‍ മറ്റ് ചിലര്‍ അപേക്ഷയുമായാണ് വിളിച്ചത്. എന്നാല്‍ ആത്മാഭിമാനം പണയും വെക്കാന്‍ അനുപമ തയ്യാറായിരുന്നില്ല. ഒരു സ്ത്രീയെ ഇത്രമാത്രം അധിക്ഷേപിച്ചവരുടെ പക്ഷം പിടിക്കാനും ആളുകള്‍ മടി കാണിച്ചില്ലെന്നതാണ് കരുത്തോടെ മുന്നോട്ട് പോകാന്‍ അവള്‍ക്ക് ശക്തിയായത് .

ഞാന്‍ പരാതി നല്‍കിയില്ലെങ്കില്‍ അവര്‍ ഇനിയും എന്നെയും കുടുംബത്തിലെ മറ്റു പെണ്‍കുട്ടികളെയും ഇത്തരത്തില്‍ ഉപദ്രവിക്കും. ഇടുന്ന വസ്ത്രത്തിന്റെ പേരിലും സുഹൃത്തുക്കളുടെ പേരിലും തെറി വിളികളും തുടരും
അനുപമ

നിയമനടപടികളുമായി മുന്നോട്ട് പോയതോടെ, പരാതിയില്‍ പറയുന്ന ബന്ധുവിന്റെ ഭാര്യ അനുപമയുടെ സഹോദരനെതിരെ വാഴക്കാട് പോലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തു. വീട്ടില്‍ വന്ന് തെറിവിളിച്ചുവെന്നായിരുന്നു പരാതി. പ്രതികാരമെന്നോണം കെട്ടിച്ചമച്ച കേസാണിതെന്ന് അനുപമ പറയുന്നു.

കുടുംബത്തിലിപ്പോള്‍ അനുപമ ഒറ്റയാണ്. പുരുഷന്മാരാരും അവരോട് സംസാരിക്കാറില്ല. പരിപാടികള്‍ക്ക് ക്ഷണിക്കാറില്ല. ''പോലീസ് സ്റ്റേഷനില്‍ വെച്ച് അയാള്‍ പറഞ്ഞത്, ഞങ്ങളൊക്കെ ഒരേ കുടുംബമല്ലേ, അതുകൊണ്ട് പറഞ്ഞതാണെന്നാണ്. അതെ, അത് തന്നെയാണ് അവരുടെ ധൈര്യവും. കുടുംബത്തിലുള്ളവര്‍ എന്ത് തോന്ന്യാസം കാണിച്ചാലും ആരും ചോദിക്കില്ലെന്ന ധൈര്യമാണ് അവര്‍ക്ക്. എന്നാല്‍ എനിക്ക് വലുത് ആത്മാഭിമാനമാണ്. ഇവരെയൊന്നും പേടിച്ച് ജീവിക്കാന്‍ തല്‍ക്കാലം സൗകര്യമില്ല.''

നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്ന ദൃഢനിശ്ചയമാണ് അനുപമയുടെ വാക്കുകളില്‍.

logo
The Fourth
www.thefourthnews.in