ഫ്രം കാലിഫോർണിയ... ടു കോവളം
കേരളത്തിലെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ ജീവിത സമ്പാദ്യത്തിലെ ഏറിയ പങ്കും മാറ്റിവയ്ക്കുകയാണ് ഒരു ദമ്പതികള്‍. സ്വന്തമായി ഗ്രൗണ്ട് പോലുമില്ലാതെ കടല്‍ തീരത്ത് പരിശീലനം നടത്തുന്ന കുട്ടികള്‍ക്കായി അവര്‍ ഒരു ഗ്രൗണ്ട് പണിതു. താമസിക്കാന്‍ ഹോസ്റ്റല്‍, കഴിക്കാന്‍ ഭക്ഷണം. അങ്ങനെ ഒരുപറ്റം കായിക താരങ്ങളുടെ ഫുട്‌ബോള്‍ സ്വപ്‌നത്തിനൊപ്പം അവരും യാത്ര തുടരുകയാണ്.
തിരുവനന്തപുരം സ്വദേശി ടി ജെ മാത്യുവും സാന്‍ ഫ്രാന്‍സിസ്‌കോയിലെ സാലി മാത്യുവും അമേരിക്കയില്‍ മാധ്യമ പ്രവര്‍ത്തകരായിരുന്നു. 1977ല്‍ കണ്ടുമുട്ടിയ അവര്‍ വിവാഹിതരാവുകയും ചെയ്തു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം 1991ല്‍ കോവളത്തേക്ക് താമസം മാറ്റി. ഇന്നവര്‍ക്ക് 89 വയസാണ്. അവിവാഹിതരായ അമ്മമാരുടെ മക്കളുടെ പഠനത്തിനായി ആദ്യമൊരു എജ്യുക്കേഷണല്‍ ട്രസ്റ്റ് രൂപീകരിച്ചു.
സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ താരമായ എബിന്‍ റോസിന്റെ നേതൃത്വത്തിലുള്ള കോവളം എഫ് സിയുടെ കളി കണ്ടതോടെ അവര്‍ പുതിയ തീരുമാനമെടുത്തു. നന്നായി കളിക്കുന്ന കഴിവുള്ള താരങ്ങള്‍. പക്ഷേ അവര്‍ക്ക് ആവശ്യമായ പിന്തുണ വേണം. നല്ല ഭക്ഷണം വേണം, താമസം വേണം. അങ്ങനെ ടി ജെ മാത്യുവും സാലി മാത്യുവും ഫുട്‌ബോളിനൊപ്പം ഓടിത്തുടങ്ങി.