തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമം. മനോഹരമായ ബീച്ചുകളുടെ പട്ടികയില്‍ ഇടം നേടിയ പ്രദേശം. ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ട് തിരുവനന്തപുരത്തെ തീരദേശമേഖലയായ പൊഴിയൂരിന്. എന്നാല്‍, ഈ പ്രദേശത്തെ ജനങ്ങളെ വേട്ടയാടുന്ന മറ്റൊന്നുണ്ട്. വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം അഞ്ച് വര്‍ഷത്തിനിടെ 97 പേരാണ് പൊഴിയൂരില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 13 പേര്‍ സ്ത്രീകളും, 84 പേര്‍ പുരുഷന്‍മാരുമാണ്. ആത്മഹത്യ ചെയ്തവരില്‍ 45 പേര്‍ 30 വയസ്സിനു താഴെയുള്ളവരാണ്.
തെക്കേ കൊല്ലംങ്കോട്, പരുത്തിയൂര്‍ എന്നീ രണ്ട് ഇടവകകളെ ചുറ്റിപറ്റിയാണ് മത്സ്യ തൊഴിലാളികളായ ജനതയുടെ ജീവിതം. തീരദേശമേഖലയായ ഇവിടേയ്ക്ക് പ്രധാനമായും ലഹരി വസ്തുക്കള്‍ എത്തുന്നത് വിഴിഞ്ഞം വഴിയാണ്. വിഴിഞ്ഞത്തു നിന്നും പൂവാറിലെത്തുന്ന ലഹരി വസ്തുക്കള്‍ അവിടെ നിന്നാണ് പൊഴിയൂരിലെത്തുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചതിനാല്‍, പ്രദേശത്തേക്ക് രാത്രി എട്ടുമണിക്ക് ശേഷം പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയിലും ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനാല്‍ അധ്യാപകരും ഏറെ ആശങ്കയിലാണ്.
ആത്മഹത്യകള്‍ക്ക് പിന്നിലെ കാരണമെന്ത്?
യുവജനങ്ങളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ ലഹരി ഉപയോഗം വര്‍ധിച്ചു വരികയാണ്. അതിനു പുറമേ കുടുംബ പ്രശ്നങ്ങളും മറ്റൊരു പ്രധാന ഘടകമാണ്. സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗവും പലരേയും ആത്മഹത്യയിലേക്ക് നയിച്ചു. പൊഴിയൂര്‍ കേന്ദ്രീകരിച്ച് കൃത്യമായ പഠനം വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനായി ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പൊഴിയൂര്‍ കേന്ദ്രീകരിച്ച് കൃത്യമായ പഠനം വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനായി ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്
ആത്മഹത്യകള്‍ തുടര്‍ക്കഥയാവുമ്പോഴും അത് സംബന്ധിച്ച യാതൊരു പഠനവും ഇതുവരെ പൊഴിയൂരില്‍ നടന്നിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. അതേസമയം ഇത്രയേറെ മരണങ്ങള്‍ക്ക് സാക്ഷിയായ പൊഴിയൂര്‍ കേന്ദ്രീകരിച്ച് കൃത്യമായ പഠനം വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനായി ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും, എന്നാല്‍ മാത്രമേ ആത്മഹത്യകളുടെ കാരണങ്ങള്‍ തിരിച്ചറിയാന്‍ ആവുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.