'കട്ടനും, പാട്ടും, പഠനവും' കാര്യവട്ടം ക്യാമ്പസിലെ കുട്ടികളാണ് താരം

പഠനത്തിനിടയിലും ചായക്കട നടത്തി ഉപജീവനം കണ്ടെത്തുകയാണ് കാര്യവട്ടം ക്യാമ്പസിലെ മൂന്ന് ചുണക്കുട്ടികൾ

പ്രണയത്തിനും സൗഹൃദത്തിനുമൊപ്പം ചൂടേറിയ രാഷ്ട്രീയ സംവാദങ്ങൾക്കും വേദിയാകുന്ന ക്യാമ്പസില്‍ കടുപ്പത്തിൽ ഒരു ചായക്കഥ പറഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ. പഠനത്തിനിടയിലും ചായക്കട നടത്തി ഉപജീവനം കണ്ടെത്തുകയാണ് കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥികളായ അമൃതയും ശ്രീനാഥും ദീപേന്ദുവും. മൂവരും ചേർന്ന് നടത്തുന്ന ''ദി ചായ സ്പോട്ട്'' ക്യാമ്പസിനു പുറത്ത് 'ഒരു മിനി ക്യാമ്പസ്' ആണിപ്പോള്‍ സഹപാഠികള്‍ക്ക്. വൈകുന്നേരമായാൽ ക്യാമ്പസിന്റെ വലിയൊരു ഭാഗവും കൊട്ടും പാട്ടും കൊച്ചുവാർത്തമാനവുമായി ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപമുള്ള ചായ സ്പോട്ടിലേക്ക് എത്തും.

"വീട്ടിലെ കഷ്ടപ്പാടുകൾക്കിടയിൽ പഠനാവശ്യങ്ങൾക്കായി പണം ആവശ്യപ്പെടേണ്ടി വരുന്നത് മാനസികമായി ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ വിദ്യാഭ്യാസ ചെലവുകൾക്കുള്ള പണം സ്വയം കണ്ടെത്താമെന്ന് മൂവരും ചേർന്ന് തീരുമാനിക്കുന്നത്. ആ ആലോചന 'ദി ചായ സ്‌പോട്ട്'-ല്‍ എത്തി നില്‍ക്കുന്നു ഇപ്പോള്‍"- കടയുടമയും വിദ്യാർത്ഥിയുമായ ശ്രീനാഥ് പറയുന്നു.

വിജയകഥ മാത്രമല്ല ടീ സ്‌പോട്ടിന് പറയാനുള്ളത്. വഴിയോര കച്ചവടക്കാർ നേരിടുന്ന എല്ലാ വെല്ലുവിളികളും ഈ മൂന്ന് കൂട്ടുകാർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ കുട്ടികൾ ആണെന്ന പരിഹാസവും ആക്ഷേപവും ഇവർക്ക് നൽകിയ മാനസിക സമ്മർദവും ചെറുതല്ല. എന്നാൽ മൂവരും ഒറ്റക്കെട്ടായി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു.

ഇന്ന് ചായ സ്പോട്ടിൽ ചിരികൾ മാത്രമേയുള്ളൂ. പ്രതിസന്ധികളുടെ കയ്‌പ്പ് മധുരമുള്ള ചായയിൽ അലിഞ്ഞടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും മാത്രമല്ല നടക്കാനിറങ്ങുന്നവർക്കും ടെക്കികൾക്കും ഏറെ പ്രിയപ്പെട്ടവരാണ് ഈ മൂന്ന് ചങ്ങാതിമാരും അവരുടെ ചായ സ്പോട്ടും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in