'ഞങ്ങള്‍ക്കും ജീവിതമില്ലേ'; ട്രോളിങ് നിരോധനത്തിനും അതി തീവ്രമഴയ്ക്കും ഇടയിലെ മത്സ്യത്തൊഴിലാളി ജീവിതം
അമ്പത്തി രണ്ട് ദിവസത്തെ ട്രോളിങ് കാലം... ബോട്ടും വലയും കരയ്ക്കടുപ്പിച്ച് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി ചാകര കാത്ത് കഴിയുകയായിരുന്നു മത്സ്യത്തൊഴിലാളികള്‍. ട്രോളിങിന് ശേഷം പ്രതീക്ഷയോടെയാണ് ഓരോ തവണയും അവര്‍ കടലിലിറങ്ങുന്നത്. ചിലപ്പോള്‍ കാത്തിരിപ്പിന് ആശ്വാസമുണ്ടാകും. വല നിറയെ മീന്‍ നിറയുമ്പോള്‍ അവരുടെ ഉള്ളവും നിറയും. എന്നാല്‍ ഇത്തവണ കാലാവസ്ഥ കണക്ക് തെറ്റിച്ചു.
കടലിലേക്ക് പോകാന്‍ തയ്യാറെടുത്ത യന്ത്രവല്‍കൃത മീന്‍പിടിത്ത ബോട്ടുകള്‍ക്ക് കാറ്റും പേമാരിയും തിരിച്ചടിയായി. ആഗസ്റ്റ് 4 വരെ കടലാക്രമണ സാധ്യതയുള്ളതിനാല്‍ അറബിക്കടലും സമീപ പ്രദേശങ്ങളിലും യാതൊരു കാരണവശാലും മീന്‍പിടിത്തം പാടില്ലെന്നാണ് മുന്നറിയിപ്പ്. ട്രോളിങ് കാലം ജീവിത ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന് പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇന്ധന വിലയിലും പണിസാധനങ്ങളുടെ വിലയിലും അടിക്കടിയുണ്ടാകുന്ന വര്‍ധനവ് ഇവരുടെ മുന്നില്‍ ഉത്തരമില്ലാ ചോദ്യമായി ബാക്കി നില്‍ക്കുകയാണ്.
'കടലില്‍ പോയശേഷമാകും ചിലപ്പോള്‍ മുന്നറിയിപ്പുകള്‍ ലഭിക്കുക. ജീവനല്ലേ... ഞങ്ങള്‍ക്കും ജീവിതമില്ലേ... പ്രകൃതിയെ പേടിക്കാതെ പറ്റില്ലല്ലോ.. അതുകൊണ്ട് മടങ്ങി വരും. പക്ഷേ അത്രയും നേരം കൊണ്ട് ചെലവാകുന്ന ഇന്ധനം... അതിന്റെ വില.. ശരിക്കും ദുരിതമാണ് ജീവിതം...'' ട്രോളിങ്ങിന് ശേഷം കടലില്‍ പോകാമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ സുഗതന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ വാക്കുകളാണിത്.