'മരിച്ചാലും തീരില്ല സങ്കടങ്ങള്‍' -ഒറ്റ മേല്‍ക്കൂരയില്‍ 20 മനുഷ്യജീവിതങ്ങളെ ചേര്‍ത്തുനിര്‍ത്തി കറുമ്പിയമ്മ പറയുന്നു
പുത്തന്‍ വികസന സ്വപ്‌നങ്ങള്‍ കണ്ട് കേരളം അതിവേഗം മുന്നേറുകയാണ്. പക്ഷേ, വികസന കുതിപ്പിലും അവഗണിക്കപ്പെടുന്ന വലിയൊരു വിഭാഗം ഇന്നും അവശേഷിക്കുന്നു. ഇവരില്‍ ഒരാളാണ് നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ പാറേക്കോട് കോളനിയിലെ എണ്‍പതുകാരി കറുമ്പി. ആദിവാസി വിഭാഗമായ കുറുമ്പ സമുദായത്തില്‍പ്പെട്ട ഇവര്‍ ഇന്നും താമസിക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ചെറിയ വീട്ടിലാണ്.
ഇരുപതോളം പേരാണ് ഈ വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒപ്പം ഞെങ്ങിഞെരുങ്ങി ജീവിക്കുന്നത്. കറുമ്പിയമ്മയും മൂന്ന് മക്കളും അവരുടെ മക്കളും കൊച്ചുമക്കളുമായി വലിയൊരു കുടുംബം ഇവിടെ കഴിയുന്നു. മതിയായ ഭക്ഷണമോ, ശുദ്ധമായ വെള്ളമോ, വിശ്രമിക്കാന്‍ ഇടമോ ഇല്ലാതെയാണ് പിഞ്ചു കുഞ്ഞുമുതല്‍ കറുമ്പിയമ്മ വരെ ഇവിടെ ജീവിച്ച് വരുന്നത്. ദുരിതങ്ങളുടെയും അവഗണനയുടെയും അനുഭവങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് പറയാനുള്ളത്.
താമസിക്കുന്ന സ്ഥലത്തിന് മതിയായ രേഖകള്‍ ഇവരുടെ പക്കലില്ല. ആകെയുള്ളത് റേഷന്‍ കാര്‍ഡും, ആധാര്‍ കാര്‍ഡുകളും മാത്രമാണ്. കറുമ്പിയമ്മയുടെ കൊച്ചുമക്കളില്‍ പലരും മികച്ച വിദ്യാഭ്യാസം നേടിയവരാണ്. ബിരുദധാരികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. എന്നിട്ടും അവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താനായിട്ടില്ല. അസൗകര്യങ്ങള്‍ നിറഞ്ഞ വീടിനുള്ളില്‍ ഞെങ്ങി ഞെരുങ്ങി ജീവിക്കുകയാണ് ഇരുപതോളം വരുന്ന കുടുംബാംഗങ്ങള്‍.
കറുമ്പിയുടെയും കുടുംബത്തിന്റെയും ജീവിതം കേരളത്തിന്റെ വികസന സ്വപ്‌നങ്ങളുടെ മറ്റൊരു വശമാണ്. താമസിക്കുന്ന സ്ഥലത്തിന് ഉടമസ്ഥാവകാശമില്ല, ക്ഷേമ പദ്ധതികളില്‍ നിന്നും ഈ കൂടുംബം നിരന്തരം പുറത്താക്കപ്പെടുന്നു. കറുമ്പിയമ്മയ്ക്ക് ഒരേയൊരു ആഗ്രഹം മാത്രമാണ് ഇപ്പോഴുള്ളത്, ഇനിയുള്ള കാലത്തെങ്കിലും തന്റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ലഭിക്കണം. പക്ഷേ, മരിച്ചാലും ഈ സങ്കടങ്ങള്‍ തീരില്ല എന്നൊരു നെടുവീര്‍പ്പ് സകല പ്രതീക്ഷകള്‍ക്കും മേലെ ഉയര്‍ന്നുനില്‍ക്കുന്നു.