വാടകയ്ക്ക് ഗർഭപാത്രം ആർക്ക്? എപ്പോൾ?
തെന്നിന്ത്യന്‍ താരജോഡി നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികള്‍ ജനിച്ചതിന് പിന്നാലെ വിവാദങ്ങളും കടുത്തിരിക്കുകയാണ്. ദമ്പതികളുടെ വാടക ഗര്‍ഭധാരണത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2022 ജനുവരിയില്‍ വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ഒരു നിയമഭേദഗതി നിലവില്‍ വന്നു. ഈ ഭേദഗതി പ്രകാരമാണോ ദമ്പതികളുടെ വാടക ഗര്‍ഭധാരണം, അല്ലെങ്കില്‍ ഈ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്താണ് വാടകഗര്‍ഭധാരണം, എന്തൊക്കെയാണ് നിയമങ്ങള്‍ ? പരിശോധിക്കാം.
എന്താണ് വാടക ഗര്‍ഭധാരണം?
ഒരു സ്ത്രീ മറ്റൊരു ദമ്പതികള്‍ക്ക് വേണ്ടി കുട്ടിയെ പ്രസവിക്കുന്ന പ്രക്രിയയാണ് വാടക ഗര്‍ഭധാരണം. സ്ത്രീകള്‍ക്ക് സ്വന്തമായി കുട്ടികളെ വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വാടകഗര്‍ഭധാരണത്തെ ആശ്രയിക്കുന്നത്. ഇത് പങ്കാളികളുടെ പൂര്‍ണ സമ്മതത്തോട് കൂടിയായിരിക്കണം. ഓരോ രാജ്യത്തിനും വാടക ഗര്‍ഭധാരണത്തിന് വ്യത്യസ്ത നിയമങ്ങളാണ്.
എന്തൊക്കെയാണ് വാടക ഗര്‍ഭധാരണ നിയമങ്ങള്‍ ?
കര്‍ശനമായ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജനുവരിയില്‍ വാടക ഗര്‍ഭധാരണ നിയമം നിലവില്‍ വന്നത്. പുതിയ നിയമപ്രകാരം പരോപകാര ആവശ്യങ്ങള്‍ക്കോ അല്ലെങ്കില്‍ തെളിയിക്കപ്പെട്ട വന്ധ്യതയോ രോഗമോ അനുഭവിക്കുന്ന ദമ്പതികള്‍ക്കോ മാത്രമേ വാടക ഗര്‍ഭധാരണം അനുവദനീയമാവുകയുള്ളൂ. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താന്‍ കഴിയൂ എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഭാര്യയ്ക്ക് 25 വയസ്സ് മുതല്‍ 50 വരെയും ഭര്‍ത്താവിന് 26 മുതല്‍ 55 വയസ്സുവരെ പ്രായവും വേണമെന്നതാണ് മറ്റൊരു നിയമം. മാത്രമല്ല ദമ്പതികള്‍ക്ക് പിറന്നതോ ദത്തെടുത്തതോ ആയ മറ്റ് കുട്ടികള്‍ ഉണ്ടാകാനും പാടില്ല. നിയമഭേദഗതി പ്രകാരം വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുട്ടി ജനിക്കുന്നതിന് ദമ്പതികള്‍ യോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
ആര്‍ക്കൊക്കെ വാടക ഗര്‍ഭം ധരിക്കാം ?
വാടക ഗര്‍ഭം ധരിക്കുന്നയാള്‍ ദമ്പതികളുടെ അടുത്ത ബന്ധുവായിരിക്കണം. 25 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള സ്ത്രീക്ക് മാത്രമേ ഇതിന് അനുമതിയുള്ളൂ. സ്വന്തമായി ഒരു കുഞ്ഞിന് നേരത്തെ ജന്മം നല്‍കിയിരിക്കണം. ശാരീരികവും മാനസികവുമായ ക്ഷമത ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റും ഇവര്‍ ഹാജരാക്കണം. ഇത്തരത്തില്‍ ഒരു തവണ മാത്രമേ ഒരു സ്ത്രീക്ക് വാടക ഗര്‍ഭധാരണം നടത്താന്‍ സാധിക്കുകയുള്ളൂ.
നിയമലംഘനത്തിന്റെ ശിക്ഷകള്‍ ?
വാടകഗര്‍ഭധാരണത്തില്‍ നിയമലംഘനം നടത്തിയാല്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവും 10 മുതല്‍ 20 ലക്ഷം വരെ പിഴയുമാണ് ശിക്ഷ.
നയന്‍താര- വിഘ്‌നേഷ് ദമ്പതികളുടെ വാടക ഗര്‍ഭധാരണം
നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത് ജൂണ്‍ 9 നാണ്. നാല് മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ ജനിച്ചതിനാല്‍ നിയമലംഘനം നടന്നിട്ടുണ്ടൊയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വിവാഹസമയത്ത് ഇരുവര്‍ക്കും 35 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരുന്നു. ദമ്പതികള്‍ക്ക് മുന്‍പ് കുട്ടികളുമില്ല. ഇതില്‍ നിയമലംഘനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. ഇനി ഭ്രൂണത്തെ നിക്ഷേപിച്ച സമയമാണ് മറ്റൊരു വിഷയം. ഈ വര്‍ഷം ജനുവരിക്ക് മുന്നേ ഭ്രൂണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പുതിയ നിയമം ബാധകമാണോ എന്നതാണ് മറ്റൊരു ചോദ്യം. ഇതാണ് ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷിക്കുന്നത്.