അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ ശീലമാക്കിയവർ ജാഗ്രതൈ; കാത്തിരിക്കുന്നത് അകാലമരണം

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ ശീലമാക്കിയവർ ജാഗ്രതൈ; കാത്തിരിക്കുന്നത് അകാലമരണം

മുപ്പത് വർഷമെടുത്ത് 1,14,000 പേരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്
Updated on
1 min read

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് അകാലമരണത്തിന് ഇടയാക്കുമെന്ന് അമേരിക്കയിലെ ഹാർവാർഡ് സർവകലാശാല നടത്തിയ പഠനം. 30 വർഷമെടുത്ത്, 1,14,000 പേരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. റെഡി ടു ഈറ്റ് വിഭാഗത്തിലുള്ള മാംസാഹാരങ്ങൾ, സീഫുഡ് അധിഷ്ഠിത ഉത്പന്നങ്ങൾ, മധുരപാനീയങ്ങൾ, പാലുത്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മധുരപലഹാരങ്ങൾ, അമിതമായി സംസ്കരിച്ച പ്രഭാതഭക്ഷണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് മരണസാധ്യത വർധിപ്പിക്കും.

മെഡിക്കൽ ജേണലായ ബിഎംജെയിലാണ് ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുകളുള്ള പഠനം പ്രസിദ്ധീകരിച്ചത്. കൂടുതൽ സംസ്കരിച്ച മാംസാഹാരങ്ങൾ പതിവായി കഴിക്കുന്നവർക്ക് അകാലമരണത്തിനുള്ള സാധ്യത 13 ശതമാനം അധികമാണെന്നാണ് ഹാർവാർഡ് ഗവേഷകർ കണ്ടെത്തിയത്. കൃത്രിമ മധുരപലഹാരങ്ങൾ, നിറങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ പോലെ വീട്ടിലെ അടുക്കളകളിൽ സാധാരണയായി കാണപ്പെടാത്ത അഡിറ്റീവുകളും ചേരുവകളും അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളായി കണക്കാക്കുന്നത്. പൂരിത കൊഴുപ്പ് കൂടുതലുള്ളതും പോഷകങ്ങളും നാരുകളും ഇല്ലാത്തതുമായ ഭക്ഷണങ്ങളാണിവ.

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ ജീവിതക്രമത്തിന്റെ പ്രധാന ഭാഗമാണ്

മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തൽ, പഞ്ചസാരയും കൃത്രിമ മധുരപാനീയങ്ങളും കൂടുതലായി അകത്താക്കുന്നത് മരണസാധ്യത ഒൻപത് ശതമാനം വർധിപ്പിക്കുമെന്നതാണ്. ഏകദേശം 34 വർഷത്തിനിടയിൽ ഗവേഷകർ 48,193 മരണങ്ങൾ പഠനവിഷയമാക്കി. ഇതിൽ 13,557 മരണങ്ങൾ അർബുദവും 11,416 മരണങ്ങൾക്ക് ഹൃദ്രോഗവും 3,926 മരണങ്ങൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും 6,343 മരണങ്ങൾ ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളും കാരണവുമായിരുന്നു.

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ ശീലമാക്കിയവർ ജാഗ്രതൈ; കാത്തിരിക്കുന്നത് അകാലമരണം
അമ്പത് ശതമാനത്തിലേറെ രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണശീലം; മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍

ദീർഘകാലം ആരോഗ്യവാന്മാരായി കഴിയണമെങ്കിൽ അമിതമായി സംസ്കരിക്കുന്ന ഭക്ഷണങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തണമെന്ന മുന്നറിയിപ്പോടെയാണ് പഠനം അവസാനിക്കുന്നത്. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ ജീവിതക്രമത്തിന്റെ പ്രധാന ഭാഗമാണ്.

ചെറുപ്പക്കാർക്കും കുറഞ്ഞ വരുമാനമുള്ളവർക്കുമിടയിൽ അമിതമായി സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപഭോഗ അളവ് ഏകദേശം 80 ശതമാനത്തോളമാണ്. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട പ്രവണതകളെ ചെറുക്കുന്നതിന് പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, വിത്തുകൾ, മുട്ട, മത്സ്യം, മാംസം തുടങ്ങിയ അസംസ്കൃത മൃഗ ഉത്പന്നങ്ങളോ കുറഞ്ഞ അളവിൽ സംസ്കരിച്ച ഭക്ഷണങ്ങളോ കഴിക്കാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

logo
The Fourth
www.thefourthnews.in