24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 752 കോവിഡ് കേസുകള്‍; ആഗോളതലത്തില്‍ 52 ശതമാനം വര്‍ധന
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 752 കോവിഡ് കേസുകള്‍. നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ കോവിഡ് കേസുകളില്‍ 52 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായിരുന്ന 2669-ല്‍ നിന്ന് ആക്ടീവ് കേസുകളുടെ എണ്ണം 2997 ആയി.
കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ കോവിഡ്-19 കേസുകളുടെ എണ്ണം ഇപ്പോള്‍ 4.50 കോടിയാണ് (4,50,07,212). കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു മരണത്തോടെ മരണസംഖ്യ 5,33,328 ആയി രേഖപ്പെടുത്തി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി പല രാജ്യങ്ങളും ദിവസേനയുള്ള കോവിഡ് കേസുകളില്‍ പെട്ടെന്നുള്ള വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതലും പുതുതായി കണ്ടെത്തിയ ജെഎന്‍1 കോവിഡ് വകഭേദമാണ്. കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വേഗത്തില്‍ പരിവര്‍ത്തനം ചെയ്യാനുള്ള കഴിവും ഉയര്‍ന്ന വ്യാപനനിരക്കും ഉള്ളതാണ് ജെഎന്‍1. വ്യാഴാഴ്ച വരെ രാജ്യത്ത് കോവിഡ്-19 ഉപ വകഭേദം ജെഎന്‍1 ന്റെ 22 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. 21 കേസുകള്‍ ഗോവയില്‍ നിന്നും മറ്റൊന്ന് കേരളത്തില്‍ നിന്നുമാണ്.
കേരളത്തിന് പുറമേ കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി, ഗുജറാത്ത്, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡിന്‌റെ പിറോള വൈറസിന്‌റെ പിന്‍ഗാമിയാണ് ജെഎന്‍.1. ഈ വകഭേദം ആദ്യം കണ്ടെത്തിയത് ലക്‌സംബര്‍ഗിലായിരുന്നു. ബിഎ 2.86 വകഭേദത്തില്‍നിന്നുണ്ടായ പുതിയ രൂപമാണ് ജെഎന്‍1
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ''കോവിഡ് കേസിലുള്ള വര്‍ധന അനുസരിച്ച് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല ഈ മാസത്തില്‍ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. ആശങ്കയ്ക്കു വകയില്ല''- മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കല്‍ കോളേജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവയ്ക്കണം. ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിലവിലുള്ള പ്ലാന്‍ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കണമെന്നും മന്ത്രി പറഞ്ഞു.