കാന്‍സറിന്റേതായി പ്രത്യക്ഷപ്പെടുന്ന ഈ ഒന്‍പത് ലക്ഷണങ്ങള്‍ അവഗണിക്കരുത്

കാന്‍സറിന്റേതായി പ്രത്യക്ഷപ്പെടുന്ന ഈ ഒന്‍പത് ലക്ഷണങ്ങള്‍ അവഗണിക്കരുത്

ശരീരത്തില്‍ പ്രത്യക്ഷമാകുന്ന രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുകവഴി അര്‍ബുദം നേരത്തെ കണ്ടെത്താനും എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കാനും സാധിക്കും
Updated on
1 min read

മനുഷ്യരെ നിശബ്ദം മരണത്തിലേക്കു തള്ളവിടുന്ന ഒരു രോഗമാണ് അര്‍ബുദം. ശരീരത്തില്‍ പ്രത്യക്ഷമാകുന്ന രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുകവഴി അര്‍ബുദം നേരത്തെ കണ്ടെത്താനും എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കാനും സാധിക്കും. എന്നാല്‍ അര്‍ബുദത്തിന്‌റേതായി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. ഒരിക്കലും നിസാരമാക്കരുതാത്ത, കാന്‍സറിന്‌റേതായി പ്രത്യക്ഷപ്പെടുന്ന ഒന്‍പത് ലക്ഷണങ്ങള്‍ അറിയാം.

അകാരണമായ ഭാരനഷ്ടം

അപ്രതീക്ഷിതവും അകാരണവുമായി ശരീരഭാരം കുറയുകയാണെങ്കില്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങളുടെ ശരീരഭാരത്തിന്‌റെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ കുറയുകയാണെങ്കില്‍ ഉടന്‍ വിദഗ്‌ധോപദേശം തേടണം. ശരീരത്തിന്‌റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ അര്‍ബുദകോശങ്ങള്‍ കീഴടക്കുകവഴി ശരീരഭാരം കുറയും.

തുടര്‍ച്ചയായുള്ള ക്ഷീണം

അര്‍ബുദം ഉള്‍പ്പടെയുള്ള പല രോഗങ്ങളുടെയും ഒരു പ്രധാന ലക്ഷണമാണ് എപ്പോഴുമുള്ള ക്ഷീണം. കാന്‍സറുമായി ബന്ധപ്പെട്ടുള്ള ക്ഷീണമാണെങ്കില്‍ വിശ്രമിച്ചാല്‍ പോലും ആശ്വാസം ലഭിക്കില്ല, മാത്രമല്ല ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയിലെത്തുകയും ചെയ്യും.

കാന്‍സറിന്റേതായി പ്രത്യക്ഷപ്പെടുന്ന ഈ ഒന്‍പത് ലക്ഷണങ്ങള്‍ അവഗണിക്കരുത്
കുട്ടികളിലെ രക്താർബുദം; ഇന്ത്യയില്‍ ആദ്യത്തെ കീമോതെറാപ്പി മരുന്ന് വികസിപ്പിച്ചെടുത്ത് വിദഗ്ധർ

ചര്‍മത്തിലെ മാറ്റങ്ങള്‍

ചര്‍മത്തില്‍ പുതുതായുണ്ടാകുന്ന മറുകുകള്‍, മറുകുകളിലുണ്ടാകുന്ന വലുപ്പ-നിറവ്യത്യാസം എന്നിവ ശ്രദ്ധിക്കേണ്ടതാണ്. ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ചര്‍മാര്‍ബുദത്തിന്‌റെയോ അല്ലെങ്കില്‍ മറ്റവയവങ്ങളെ ബാധിക്കുന്ന അര്‍ബുദത്തിന്‌റെയോ ലക്ഷണമാകാം. ഇടയ്ക്കിടെ ചര്‍മ പരിശോധന നടത്തുകയും എന്തെങ്കിലും സംശയം തോന്നിയാല്‍ ചര്‍മരോഗ വിദഗ്ധന്‌റെ സേവനം തേടുകയും വഴി രോഗം നേരത്തെ കണ്ടെത്താനാകും.

സ്ഥിരമായുള്ള വേദന

വിവിധ രോഗാവസ്ഥകളുടെ ലക്ഷണമായി വേദന പ്രത്യക്ഷപ്പെടാമെങ്കിലും സ്ഥിരമായി നീണ്ടുനില്‍ക്കുന്ന വേദന പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്നുകള്‍കൊണ്ട് വേദനയ്ക്ക് ശമനം ലഭിച്ചില്ലെങ്കില്‍ അര്‍ബുദം സംശയിക്കണം.

ശാരീരിക പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങള്‍

സ്ഥിരമായ മലബന്ധം, വയറിളക്കം, മലത്തിലോ മൂത്രത്തിലോ രക്തം, മൂത്രത്തിന്റെ ആവൃത്തിയിലുള്ള മാറ്റങ്ങള്‍ എന്നിവ വന്‍കുടല്‍, മൂത്രസഞ്ചി അല്ലെങ്കില്‍ പ്രോസ്റ്റേറ്റ് അര്‍ബുദങ്ങളുടെ ലക്ഷണമാകാം. ഈ ശാരീരിക മാറ്റങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും സംശയം തോന്നിയാല്‍ വിദഗ്ദ നിര്‍ദേശം തേടുകയും വേണം.

തുടര്‍ച്ചയായുള്ള ചുമയും ശബ്ദവ്യത്യാസവും

ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ചുമയും ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനവും തൊണ്ടയിലെ അര്‍ബുദത്തിന്‌റെ ലക്ഷണമാകാം. പുകവലിക്കാരും പുകവലിയുടെ ചരിത്രമുള്ളവരും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാന്‍സറിന്റേതായി പ്രത്യക്ഷപ്പെടുന്ന ഈ ഒന്‍പത് ലക്ഷണങ്ങള്‍ അവഗണിക്കരുത്
പെട്ടെന്ന് പടരുന്ന സോംബി ഡിയര്‍; ആശങ്കയില്‍ ശാസ്ത്രലോകം

ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്

അന്നനാളത്തിലോ തൊണ്ടയിലോ പ്രത്യക്ഷപ്പെടുന്ന അര്‍ബുദത്തിന്‌റെ ഭാഗമായി ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട് അനുഭപ്പെടാം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതായി തോന്നുകയോ ഭക്ഷണം കഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയോ ചെയ്താല്‍ വിശദ പരിശോധന നടത്തി അര്‍ബുദത്തിന്‌റേതാണോ എന്ന് ഉറപ്പാക്കണം.

സ്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

സ്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാരും നിരീക്ഷിക്കേണ്ടതുണ്ട്. സ്തനത്തിന്‌റെ ആകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, സ്തനചര്‍മത്തിലെ നിറവ്യത്യാസം എന്നിവ ബ്രസ്റ്റ് കാന്‍സറിന്‌റെ ലക്ഷണങ്ങളാണ്. കൃത്യമായ സ്വയം നിരീക്ഷണവും മാമോഗ്രാം പോലുള്ള പരിശോധനകളും സ്തനാര്‍ബുദം നേരത്തേ കണ്ടെത്താന്‍ സഹായിക്കും. സ്തനോശങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ പുരുഷന്‍മാരും ശ്രദ്ധിക്കേണ്ടതാണ്.

തുടര്‍ച്ചയായുള്ള നെഞ്ചെരിച്ചിലും ദഹനപ്രശ്‌നങ്ങളും

ഇടയ്ക്കിടെയുള്ള ദഹനക്കേടോ നെഞ്ചെരിച്ചിലോ സാധാരണമാണെങ്കിലും, സ്ഥിരമായുള്ള ഈ പ്രശ്‌നങ്ങള്‍ അന്നനാള അര്‍ബുദത്തിന്‌റെ സൂചനയാകാം. മരുന്നുകള്‍ ഉപയോഗിച്ചിട്ടും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നില്ലെങ്കില്‍ ഒരു ആരോഗ്യവിദഗ്ധനെ സമീപിക്കേണ്ടതാണ്.

logo
The Fourth
www.thefourthnews.in