ഇന്ത്യക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു; 8 മണിക്കൂർ ഉറങ്ങുന്നത് 2 ശതമാനം പേരെന്ന് സർവേ
ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം എട്ട് മണിക്കൂര്‍ സുഖകരമായ ഉറക്കം വേണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ രാജ്യത്ത് രണ്ട് ശതമാനം ജനങ്ങൾ മാത്രമാണ് എട്ട് മുതൽ പത്ത് മണിക്കൂർ വരെ ഉറങ്ങുന്നതെന്ന് സർവേ. ലോക ഉറക്ക ദിനമായ മാര്‍ച്ച് 17ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് പുറത്ത് വിട്ട സര്‍വേയിലാണ് പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 55 ശതമാനം ഇന്ത്യക്കാർക്കും ദിവസവും രാത്രി ആറ് മണിക്കൂറിൽ താഴെ തടസ്സമില്ലാത്ത ഉറക്കം ലഭിക്കുന്നുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
ഒരു വ്യക്തിക്ക് രാത്രിയിൽ എത്ര മണിക്കൂർ ഉറക്കം കിട്ടുമെന്നായിരുന്നു പഠനം
ഒരു വ്യക്തിക്ക് രാത്രിയിൽ എത്ര മണിക്കൂർ ഉറക്കം കിട്ടുമെന്നായിരുന്നു പഠനം നടത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ നടത്തിയ സര്‍വേയില്‍ 13,438 പേരാണ് പങ്കെടുത്തത്. ഇവരിൽ 43 ശതമാനം പേർ ആറ് മുതൽ എട്ട് മണിക്കൂർ വരെയും, 34 ശതമാനം പേർ നാല് മുതൽ ആറ് മണിക്കൂർ വരെയും, 21 ശതമാനം പേർക്ക് നാല് മണിക്കൂര്‍ വരെയും ഉറക്കം ലഭിക്കുന്നു എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. സർവേയിൽ പങ്കെടുത്തവരിൽ രണ്ട് ശതമാനം പേർക്ക് എട്ട് മുതൽ 10 മണിക്കൂർ വരെ ഉറങ്ങാൻ കഴിയുമെന്നതാണ് പഠനം നടത്തിയവരെ പോലും ഞെട്ടിച്ച വസ്തുതയെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2022-ലെ സർവേയുമായി താരതമ്യപ്പെടുത്തുമ്പോൾ, ആറ് മണിക്കൂറിൽ താഴെ തടസ്സമില്ലാതെ ഉറങ്ങാൻ കഴിയുന്ന ജനങ്ങളുടെ എണ്ണം കഴിഞ്ഞ ഒരു വർഷത്തിനുളളിൽ ഉയർന്നതായി ഫലങ്ങൾ സൂചിപ്പിക്കുന്നു. 2022 ൽ 50 ശതമാനമായിരുന്നത് 2023 ആയപ്പോൾ 55 ശതമാനമായി ഉയർന്നു.
കൂടാതെ, കൊതുക് കടി, ബാഹ്യ ശബ്ദങ്ങള്‍ എന്നിവ ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു
സർവേയിൽ പ്രതികരിച്ച 13,387 പേരിൽ 61 ശതമാനം പേരും ഉറക്കത്തിനിടെ ഒന്നോ അതിലധികമോ തവണ ശുചിമുറി ഉപയോഗിക്കുന്നത് കൊണ്ടാണ് എട്ട് മണിക്കൂർ ഉറങ്ങാൻ കഴിയാതെ പോകുന്നതെന്ന് വെളിപ്പെടുത്തി. 27 ശതമാനം പേർ വൈകി ഉറങ്ങുന്നതും അടുത്ത ദിവസം അതിരാവിലെ വീട്ടുജോലികൾക്കായി സമയം ക്രമീകരിക്കുന്നതുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. കൂടാതെ, കൊതുക് കടി, ബാഹ്യ ശബ്ദങ്ങള്‍ എന്നിവ ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമായി 24 ശതമാനം പേർ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ, സ്ലീപ് അപ്നിയ പോലുള്ള രോഗാവസ്ഥകളിൽ കഴിയുന്നവർക്കും ഉറക്കം നഷ്ടമാകുന്നുവെന്ന് സർവേയിൽ പ്രതികരിച്ച 20 ശതമാനം പേർ പറയുന്നു.
കോവിഡ് രോഗബാധയും പലര്‍ക്കും ഉറക്കം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്.
കോവിഡ് രോഗബാധയും പലര്‍ക്കും ഉറക്കം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. സർവേയോട് പ്രതികരിച്ച 12,700 പേരിൽ 28 ശതമാനം പേരും കോവിഡിന് ശേഷം ഉറക്കം കുറഞ്ഞതായി വ്യക്തമാക്കി. എന്നാൽ 59 ശതമാനം പേർക്കും കോവിഡിന് ശേഷം ഉറക്കത്തിന് കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നു. അതേസമയം, കോവിഡിന് ശേഷം വർക്ക് ഫ്രം ഹോം നിലവിൽ വന്നപ്പോൾ ശരിയായ ഉറക്കം ലഭിച്ചുവെന്നും ജോലിയും ജീവിതവും ഒരു പോലെ മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞുവെന്നും സർവേയിൽ പങ്കെടുത്ത ഏഴ് ശതമാനം പേർ പ്രതികരിച്ചു.
ഇന്ത്യയിലെ 309 ജില്ലകളിലെ നിന്ന് 39,000-ത്തിലധികം പേരാണ് സർവേയ്ക്കായി സഹകരിച്ചത്. ഇതില്‍ 64 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളുമാണ്. എല്ലാ വർഷവും മാർച്ച് 17 ന് ആചരിക്കുന്ന ലോക ഉറക്ക ദിനത്തോടനുബന്ധിച്ചാണ് സർവേ സംഘടിപ്പിച്ചത്.