വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി; 
മനുഷ്യരിലേക്കു പകരുമോ?

വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരിലേക്കു പകരുമോ?

ഏതാനും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വളര്‍ത്തുപന്നികളില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനിയുടെ (ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍) അതിവ്യാപനം
Updated on
3 min read

ഏതാനും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വളര്‍ത്തുപന്നികളില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനിയുടെ (ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍) അതിവ്യാപനം. കണ്ണൂര്‍, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളിലെല്ലാം തന്നെ ചെറുതും വലുതുമായ രോഗബാധകള്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗം കണ്ടെത്തിയ ഫാമുകളില്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പന്നികളുടെ ദയാവധം ഉള്‍പ്പെടെ രോഗപ്രതിരോധനടപടികള്‍ സ്വീകരിക്കുകയാണ്.

ഇന്ത്യയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് അസമില്‍ 2020 ഫെബ്രുവരിയിലായിരുന്നു. കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത് കഴിഞ്ഞ വര്‍ഷം വയനാട്ടിലാണ്. മാനന്തവാടി മുൻസിപ്പാലിറ്റി, തവിഞ്ഞാല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ സ്വകാര്യഫാമുകളില്‍ രോഗത്തിന്റെ അതിവ്യാപനം തുടരുകയാണ്. ഇത് പന്നിവളര്‍ത്തല്‍ മേഖലയിലെ കര്‍ഷകര്‍ക്കുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. ഫാമുകള്‍ പൂട്ടിയതോടെ കടക്കെണിയിലായ കര്‍ഷകരും അനവധി. രോഗനിയന്ത്രണത്തിനായി കൊന്നൊടുക്കിയ പന്നികളുടെ എണ്ണവും തൂക്കവും കണക്കാക്കി സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരതുക മാത്രമാണ് കര്‍ഷകര്‍ക്ക് ആശ്വാസം.

വിപണിയില്‍ പന്നി മാംസത്തിന് ആവശ്യക്കാര്‍ കുറഞ്ഞെന്ന് മാത്രമല്ല കനത്ത വിലയിടിവും ബാധിച്ചിട്ടുണ്ട്. കേരളത്തിലെ വളര്‍ത്തുപന്നി സമ്പത്തിന്റെ നല്ലൊരു പങ്ക് രോഗബാധയേറ്റും രോഗനിയന്ത്രണത്തിന്റെ ഭാഗമായുമെല്ലാം ചത്തൊടുങ്ങി കഴിഞ്ഞു. ഇത് കേരളത്തിലെ മാത്രം സാഹചര്യമാണെന്ന് കരുതരുത്, ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളിലെല്ലാം ഇതേ രീതിയില്‍ വളര്‍ത്തുപന്നി സമ്പത്തിന് നാശം സംഭവിച്ചിട്ടുണ്ട്.

പന്നികര്‍ഷകരുടെ തലയ്ക്ക് മീതെ ഡെമോക്ലീസിന്റെ വാള്‍

പന്നി കര്‍ഷകരുടെ തലയ്ക്ക് മീതെ ഡെമോക്ലീസിന്റെ വാള്‍ പോലെ തൂങ്ങികിടന്ന് പടരുന്ന ആഫ്രിക്കന്‍ സൈ്വന്‍ ഫീവറിനെ പന്നികളിലെ എബോള എന്നാണു വിളിക്കുന്നത്. ഒരു നൂറ്റാണ്ടിലധികമായി ലോകമെമ്പാടും പന്നിവളര്‍ത്തല്‍ മേഖലയില്‍ വലിയ സാമ്പത്തികനഷ്ടം വിതയ്ക്കുന്ന രോഗമാണെങ്കിലും ഈ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാന്‍ ഫലപ്രദമായ മരുന്നുകളോ വാക്‌സിനുകളോ ഇല്ല. രോഗം ബാധിച്ച പന്നികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗം ബാധിച്ചവയുടെ ശരീരസ്രവങ്ങളും വിസര്‍ജ്യവും കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വഴി പരോക്ഷമായും ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും. രോഗബാധയേറ്റ ഉടന്‍ തന്നെ പന്നികള്‍ അതിതീവ്ര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. മരണ നിരക്ക് നൂറുശതമാനമാണ്.

മനുഷ്യരിലേക്ക് പകരുമോ?

പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്ത്യജന്യരോഗങ്ങളില്‍ ഒന്നല്ല ആഫ്രിക്കന്‍ പന്നിപ്പനി. അതിനാല്‍ പന്നിമാംസം കൈകാര്യം ചെയ്യുന്നതിലോ കഴിക്കുന്നതിലോ ആശങ്ക വേണ്ട. മനുഷ്യരില്‍ രോഗമുണ്ടാക്കുന്നിലെങ്കിലും രോഗബാധയേറ്റ പന്നികളുമായി ഇടപഴകുന്നവര്‍ വഴി വൈറസ് മറ്റ് പന്നിഫാമുകളിലേക്ക് വ്യാപിക്കാം. പന്നികളെ മാത്രം ബാധിക്കുന്ന ഈ വൈറസ് മറ്റ് വളര്‍ത്തുമൃഗങ്ങളിലും പക്ഷികളിലും രോഗമുണ്ടാക്കുന്നില്ല. ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ സ്ഥിരീകരിച്ചാല്‍ രോഗം കണ്ടെത്തിയ ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന മറ്റു ഫാമുകളിലെയും പന്നികളെയെല്ലാം ശാസ്ത്രീയ രീതിയില്‍ കൊന്ന് ജഡങ്ങള്‍ സുരക്ഷിതമായി മറവുചെയ്യുകയാണ് രോഗനിയന്ത്രണത്തിനുള്ള ഏകവഴി.

തുടര്‍ന്ന് അണുനശീകരണം നടത്തി മൂന്നുമാസം ഫാം പൂര്‍ണമായും അടച്ചിടണം. രോഗം കണ്ടെത്തിയ പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിരീക്ഷണ മേഖലയില്‍ മൂന്ന് മാസത്തേക്ക് പന്നിമാംസ വിതരണം പാടില്ല. ഇവിടെനിന്ന് പന്നികളെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും മറ്റു പ്രദേശങ്ങളില്‍ നിന്നു നിരീക്ഷണ മേഖലയിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും വിലക്കുണ്ട്.

അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലൂടെ കേരളത്തിലേക്കും പുറത്തേക്കും പന്നികള്‍, പന്നിമാംസം, അവയുടെ മറ്റുത്പന്നങ്ങള്‍, പന്നി കാഷ്ഠം എന്നിവ കൊണ്ടുപോകുന്നതിന് നിരോധനമുണ്ട്. എന്നാല്‍ നിരോധനം മറികടന്നും പലവഴികളിലൂടെ പന്നികളെ സംസ്ഥാനത്ത് എത്തിക്കുന്ന ലോബികള്‍ സജീവമാണ്.

കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടത്

1. കേരളത്തില്‍ രോഗം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഫാമിങ് പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തിവയ്ക്കണം. ഫാമുകളിലേക്ക് പുതിയ പന്നികളെയും പന്നികുഞ്ഞുങ്ങളെയും വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കണം. ബ്രീഡിങ്ങിന് വേണ്ടി ഫാമിലേക്ക് പുതിയ ആണ്‍പന്നികളെ കൊണ്ടുവരുന്നതും ഫാമിലെ പന്നികളെ പുറത്ത് കൊണ്ടുപോകുന്നതും നിര്‍ത്തിവയ്ക്കണം. വിപണത്തിനായി ഫാമില്‍ നിന്ന് പുറത്തു കൊണ്ടുപോകുന്ന പന്നികളെ തിരിച്ചു കൊണ്ടുവരുന്ന സാഹചര്യത്തില്‍ മൂന്നാഴ്ച ക്വാറന്റൈന്‍ നല്‍കണം. പന്നിയിറച്ചിയും പന്നിയുത്പന്നങ്ങളും ഫാമിനുള്ളിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണം.

2. പന്നിഫാമും പരിസരവും അണുവിമുക്തമാക്കണം. ജൈവസുരക്ഷാമാര്‍ഗങ്ങള്‍ പാലിക്കണം. ഫാമിനകത്ത് പ്രത്യേക വസ്ത്രങ്ങളും പാദരക്ഷകളും ഉപയോഗിക്കണം. ഫാമില്‍ അനാവശ്യസന്ദര്‍ശകരുടെയും വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. മറ്റു പന്നിഫാമുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. പുറത്തുനിന്ന് വരുന്നവര്‍ ഫാമില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ അവരുടെ വാഹനങ്ങളും പാദരക്ഷകളും അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്ക് ഉപകരണങ്ങള്‍ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷമേ ഫാമിനുള്ളില്‍ കയറ്റാവൂ. ബ്ലീച്ചിങ് പൗഡര്‍ മൂന്ന് ശതമാനം ലായനി ഫാമുകളില്‍ ഉപയോഗിക്കണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ മുപ്പത് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ എന്ന അനുപാതത്തില്‍ ചേര്‍ത്തിളക്കി ഇരുപത് മിനിട്ടിന് ശേഷം തെളിവെള്ളം ഉപയോഗിക്കാം. മൂന്ന് ശതമാനം സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, നാല് ശതമാനം അലക്കുകാരലായനി (സോഡിയം കാര്‍ബണേറ്റ് ), കുമ്മായം എന്നിവയും കൂടും പരിസരവും വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ഒരു ശതമാനം വീര്യമുള്ള പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഫാമിലെ തൊഴിലാളികളുടെ കൈകാലുകള്‍ അണുവിമുക്തമാക്കാനായി ഉപയോഗിക്കണം. ഫാമിന്റെ ഗേറ്റില്‍ അണുനാശിനി നിറച്ച് വാഹങ്ങളുടെ ടയര്‍, ഫുട്ട് ഡിപ്പ് എന്നിവ കഴുകി കയറാനുള്ള സംവിധാനം ക്രമീകരിക്കണം. ഇതിനായി ഫോര്‍മാലിന്‍ ലായനി മൂന്നു മില്ലിലിറ്റര്‍ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം.

3. പന്നിഫാമുകളിലേക്ക് രോഗബാധ വരുന്നത് ഹോട്ടല്‍ -മാര്‍ക്കറ്റ് അവശിഷ്ടങ്ങള്‍ മിച്ചാഹാരം എന്നിവ തീറ്റയായി നല്‍കുന്ന സ്വില്‍ ഫീഡിങ് രീതിയിലൂടെയാണ്. ഇതൊഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ -മാര്‍ക്കറ്റ് അവശിഷ്ടങ്ങള്‍ ഇരുപത് മിനിറ്റെങ്കിലും വേവിച്ചുമാത്രം പന്നികള്‍ക്ക് നല്‍കണം.

4. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ പന്നികള്‍ക്ക് കോഴി, പോത്ത്, പന്നി എന്നിവയെ കശാപ്പ് ചെയ്യുന്ന അറവുശാലയിലെ മാലിന്യം തീറ്റയായി നല്‍കിയതായി കര്‍ഷകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാംസം അടങ്ങിയ അറവമാലിന്യങ്ങള്‍ പന്നികള്‍ക്ക് തീറ്റയായി നല്‍കുന്നത് പരിമിതപ്പെടുത്തുന്നതാണ് ഉചിതം. പന്നി കശാപ്പുശാലകളില്‍ നിന്നും പന്നികള്‍ക്കൊപ്പം കോഴികളെയും പോത്തുകളെയും കശാപ്പു ചെയ്യുന്ന കേന്ദ്രങ്ങളില്‍ നിന്നുമുള്ള അറവുമാലിന്യം പന്നികള്‍ക്ക് തീറ്റയായി നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വില്‍പന കേന്ദ്രങ്ങളിലും പോയി വന്നതിനു ശേഷം വസ്ത്രവും പാദരക്ഷകളും മാറാതെയും ശുചിയാക്കാതെയും ഫാമിനുള്ളില്‍ കയറി പന്നികളുമായി ഇടപഴകരുത്.

കാട്ടുപന്നികളെ ആകര്‍ഷിക്കുന്ന രീതിയില്‍ തീറ്റ അവശിഷ്ടങ്ങള്‍ ഫാമിലും പരിസരത്തും നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പന്നികള്‍ കഴിച്ചതിന് ശേഷം ബാക്കിവരുന്ന തീറ്റ സംസ്‌കരിക്കണം.

5. ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിപ്പിക്കുന്നതില്‍ കാട്ടുപന്നികള്‍ക്ക് വലിയ പങ്കുണ്ട്. പന്നിഫാമുകളിലും പരിസരങ്ങളിലും കാട്ടുപ്പന്നികളെ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കാട്ടുപന്നികളെ ആകര്‍ഷിക്കുന്ന രീതിയില്‍ തീറ്റ അവശിഷ്ടങ്ങള്‍ ഫാമിലും പരിസരത്തും നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പന്നികള്‍ കഴിച്ചതിന് ശേഷം ബാക്കിവരുന്ന തീറ്റ സംസ്‌കരിക്കണം. കാട്ടുപന്നികളില്‍ ഉയര്‍ന്നനിരക്കില്‍ അസ്വാഭാവിക മരണം ശ്രദ്ധയില്‍പെട്ടാല്‍ മൃഗസംരക്ഷണവകുപ്പില്‍ അറിയിക്കണം.

6. കേരളത്തിലെ പന്നിഫാമുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളില്‍ വലിയൊരുപങ്ക് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനിയെ പറ്റിയും പ്രതിരോധമാര്‍ഗങ്ങളെ പറ്റിയും ബോധവത്കരണം നല്‍കാന്‍ ഫാം ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫാമിന് അകത്തും പുറത്തും ഉപയോഗിക്കാന്‍ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും തൊഴിലാളികള്‍ക്ക് നല്‍കണം. രോഗബാധിതരോ ചത്തതോ ആയ പന്നികളെ കൈകാര്യം ചെയ്യുമ്പോള്‍ ഏപ്രണുകള്‍, കൈയ്യുറകള്‍, ഗംബൂട്ടുകള്‍ തുടങ്ങിയവ ഉപയോഗിക്കണം. ജൈവസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തൊഴിലാളികള്‍ ഫാമില്‍ പാലിക്കുന്നുണ്ടെന്നത് ഉടമകള്‍ ഉറപ്പാക്കണം. തൊഴിലാളികളെ മറ്റു ഫാമുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തത്കാലത്തേക്ക് വിലക്കണം.

7. ഫാമിലെ പന്നികളില്‍ അസ്വാഭാവിക രോഗലക്ഷണങ്ങളോ പന്നികള്‍ക്കിടയില്‍ പെട്ടന്നുള്ള മരണമോ ശ്രദ്ധയില്‍ പെട്ടാലുടന്‍ അടുത്തുള്ള സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരം അറിയിക്കണം. രോഗം മറച്ചുവെക്കുന്നതും രോഗം സംശയിക്കുന്ന പന്നികളെ വിറ്റൊഴിവാക്കുന്നതും കശാപ്പ് നടത്തുന്നതും ശരിയല്ലെന്നും അറിഞ്ഞിരിക്കണം.

logo
The Fourth
www.thefourthnews.in