അമിത മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു: ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദർ
അമിത മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ദർ. ഒരുകാലത്ത് പ്രായമായവരെ മാത്രം ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമായി കണക്കാക്കിയിരുന്ന സ്ട്രോക്ക് യുവാക്കൾക്കിടയിലെ കൂടുതലായി കണ്ടുവരുന്നതായാണ് ആശങ്കക്കിടയാക്കുന്നത്. അമിതമായ മദ്യപാനം ഉൾപ്പെടെയുള്ള ജീവിതശൈലി ശീലങ്ങൾ ആണ് ഇതിന് പിന്നിലെന്നും വിവിധ ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
രക്തക്കുഴലുകൾ കട്ട പിടിക്കുകയോ പൊട്ടുകയോ ചെയ്യുന്നത് മൂലം മസ്തിഷ്കത്തിൻ്റെ ഒരു ഭാഗത്തിന് ഓക്സിജൻ ലഭിക്കാതെ വരുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. ഇത് ചില മസ്തിഷ്ക കോശങ്ങളുടെ മരണത്തിന് കാരണമാകുന്നു. സംസാരിക്കാനോ നടക്കാനോ ചിന്തിക്കാനോ കൈകൾ ചലിപ്പിക്കാനോ ഉള്ള ബുദ്ധിമുട്ട് പോലുള്ള വൈകല്യങ്ങളിലേക്ക് ഇത് നയിച്ചേക്കാം.
സ്ട്രോക്ക് മൂലമുള്ള മരണങ്ങൾ 2020-ൽ 66 ലക്ഷത്തിൽ നിന്ന് 2050-ഓടെ 97 ലക്ഷമായി ഉയരുമെന്ന് സമീപകാല ലാൻസെറ്റ് പഠനം വെളിപ്പെടുത്തിയിരുന്നു. വിവിധ പ്രവർത്തനങ്ങളിലൂടെ പ്രതിരോധിക്കാവുന്നതും ചികിൽസിക്കാവുന്നതുമായ ഒരു സാധാരണ അവസ്ഥ ആണ് സ്ട്രോക്ക്. എന്നാൽ 2050-ഓടെ പ്രതിവർഷം ഒരു കോടി മരണങ്ങൾക്ക് സ്ട്രോക്ക് കാരണമായേക്കാം എന്നാണ് ലാൻസെറ്റ് പഠനം വ്യക്തമാക്കുന്നത്.
അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, സമ്മർദ്ദം, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയ്‌ക്ക് പുറമെ മദ്യവും പുകയില ഉപഭോഗവും സ്‌ട്രോക്കിനുള്ള സാദ്ധ്യതകൾ വർധിപ്പിക്കുന്നു. 2022-ലെ ഒരു ഇൻ്റർസ്ട്രോക്ക് പഠനം, ഉയർന്നതും മിതമായതുമായ മദ്യപാനം ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. മദ്യപാനം ദീർഘകാല ന്യൂറോളജിക്കൽ ആഘാതം സൃഷ്ടിക്കുന്നു. "മദ്യം തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നു. മെമ്മറി, അറിവ്, പെരുമാറ്റം, തീരുമാനമെടുക്കൽ എന്നിവയെ ബാധിക്കുന്നു," നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ന്യൂറോളജി ഡയറക്ടർ ഡോ കപിൽ കുമാർ സിംഗാൾ പറയുന്നു.
പതിവായി മദ്യം കഴിക്കുന്നത് മസ്തിഷ്ക ക്ഷതം, ന്യൂറോണുകൾ ഇല്ലാതാകുന്നത്, സിനാപ്സുകൾക്ക് കേടുപാടുകൾ സംഭവിക്കുക എന്നിവയ്ക്ക് കാരണമാകും. അവയെല്ലാം തലച്ചോറിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായതാണ്. അമിതമായ മദ്യപാനം അപസ്മാരത്തിന് കാരണമായേക്കാമെന്നും, ഇത് സ്ട്രോക്ക് വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഡോ.സിംഗാൽ വ്യക്തമാക്കി. പതിവ് മദ്യപാനം രക്താതിമർദ്ദം, ഏട്രിയൽ ഫൈബ്രിലേഷൻ, കരൾ തകരാറുകൾ തുടങ്ങിയ മറ്റ് അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം സ്‌ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കുന്നു.
വാരാന്ത്യങ്ങളിൽ മാത്രം അമിതമായി മദ്യപിക്കുന്നതിലും അപകടങ്ങൾ ഉണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.