പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നേരത്തെ കണ്ടെത്തി ചികിത്സിക്കണം; അല്‍ഷൈമേഴ്സ് ബോധവത്കരണവുമായി ആരോഗ്യവകുപ്പ്

അല്‍ഷൈമേഴ്സ് രോഗം കണ്ടെത്തുന്നതിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ നിരവധി സൗകര്യങ്ങള്‍ ലഭ്യമാണ്
Updated on
1 min read

മറവി രോഗത്തിന്റെ അപായ സൂചനകള്‍ തിരിച്ചറിയുക എന്നതാണ് ഈ അവസ്ഥയെ ചെറുക്കാനുള്ള ഫലപ്രഥമായ വഴിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അല്‍ഷൈമേഴ്സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണം. അല്‍ഷൈമേഴ്സ് രോഗമാണ് മേധാക്ഷയത്തിന് (Dementia) കാരണമാകുന്നത്.

കൃത്യ സമയത്തുള്ള രോഗ നിര്‍ണയം ഏറെ പ്രാധാന്യമുള്ള ഘടകമാണ്. സാധനങ്ങള്‍ വെച്ച് മറക്കുക, സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ട്, ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകള്‍, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുക, വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളായി വരാം. രോഗത്തെ കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കാനാണ് ലോക അല്‍ഷൈമേഴ്സ് ദിനത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് പോയവരെ ഓര്‍മ്മിക്കാനായി ഒരു ദിനമായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോക അല്‍ഷൈമേഴ്സ് ദിനമായി ആചരിക്കപ്പെടുന്നത്. 'മേധാക്ഷയത്തെ അറിയൂ, അല്‍ഷൈമേഴ്സ് രോഗത്തെ അറിയൂ' (Know Dementia, Know Alzheimer's) എന്ന കഴിഞ്ഞ വര്‍ഷത്തെ പ്രമേയം തന്നെയാണ് ഈ വര്‍ഷവും. രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, നേരത്തെ രോഗം കണ്ടെത്തുക, തുടര്‍ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴില്‍ അല്‍ഷൈമേഴ്സ് രോഗം കണ്ടെത്തുന്നതിനും ചികിത്സയ്ക്കുമായി വിവിധ സംവിധാനങ്ങളുണ്ട്. മെഡിക്കല്‍ കോളേജ് ന്യുറോളോജി, സൈക്യാട്രി ഡിപ്പാര്‍ട്ട്മെന്റുകള്‍, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൈക്യാട്രി യൂണിറ്റുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവയിലെല്ലാം ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in