'ചിരിക്കാന്‍ തുടങ്ങിയാല്‍ ചിരിച്ചുകൊണ്ടേയിരിക്കും...'; എന്താണ് അനുഷ്‌ക ഷെട്ടി പറഞ്ഞ അപൂര്‍വരോഗം
ഒരു വ്യക്തിയെ സ്വമേധയാ ചിരിക്കാനോ കരയാനോ ഇടയാക്കുന്ന അപൂര്‍വ രോഗം തനിക്കുണ്ടെന്ന് അനുഷ്‌ക ഷെട്ടി. 'എനിക്ക് ചിരിക്കുന്ന രോഗമുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ നിര്‍ത്താന്‍ സാധിക്കില്ല. കോമഡി സീനുകള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ച് തറയില്‍ക്കിടന്ന് ഉരുളുകയാണ്, ഷൂട്ടിങ് പലതവണ നിര്‍ത്തിവെക്കേണ്ടി വന്നു' ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക പറഞ്ഞു.
എന്താണ് അനുഷ്‌ക പറഞ്ഞ അപൂര്‍വ രോഗം
സ്യൂഡോബള്‍ബര്‍ അഫക്ട് (Pseudobulbar Affect (PBA) എന്നറിയപ്പെടുന്ന തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയെക്കുറിച്ചാണ് അനുഷ്‌ക പറഞ്ഞത്. ഇത് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. അനുഷ്‌ക അഭിമുഖത്തില്‍ പറഞ്ഞതിന് സമാനമാണ് പിബിഎയുടെ ലക്ഷണങ്ങളെങ്കിലും നടിക്ക് ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.
പിബിഎ രോഗികളില്‍ ചിരിയോ കരച്ചിലോ പെട്ടെന്ന് നിയന്ത്രിക്കാനാകാത്ത അവസ്ഥ തുടരും. ഈ വൈകാരിക അവസ്ഥ അനുഭവിക്കുന്നവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും ആശയക്കുഴപ്പവും സമ്മര്‍ദവും സൃഷ്ടിക്കും. പക്ഷാഘാതം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്(എഎല്‍എസ്), ട്രോമാറ്റിക് ബ്രെയിന്‍ ഇന്‍ജുറി, അല്‍ഷിമേഴ്‌സ് രോഗം തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കല്‍ അവസ്ഥകളോ പരിക്കുകളോ ആയി പിബിഎ ബന്ധപ്പെട്ടിരിക്കുന്നു. വൈകാരിക പ്രകടനത്തെ നിയന്ത്രിക്കുന്ന ന്യൂറല്‍ പാതകളിലെ തടസങ്ങള്‍ കാരണമാണ് ഇത് സംഭവിക്കുന്നത്. ഒരു വ്യക്തിക്ക് എന്ത് തോന്നുന്നുവെന്നും ആ വികാരങ്ങല്‍ എങ്ങനെ പ്രകടിപ്പിക്കുന്നുവെന്നും തമ്മിലുള്ള പൊരുത്തക്കേടിലേക്ക് പിബിഎ നയിക്കുന്നു.
രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. ഒരു വ്യക്തി ദുഃഖകരമായ സാഹചര്യത്തില്‍ ചിരിക്കുകയോ സന്തോഷകരമായ അവസ്ഥയില്‍ കരയുകയോ ചെയ്യാം. ഇത് ഏതാനും സെക്കന്‍ഡ് മുതല്‍ മിനിറ്റുകള്‍വരെ തുടരാം. എന്താണ് സംഭവിക്കുകയെന്നത് മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ രോഗിയുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കാം. ഇത് ഉത്കണ്ഠ, വിഷാദം, സാമൂഹികമായ ഇടപെടലുകളില്‍നിന്ന് വമിമുഖത എന്നിവ സൃഷ്ടിക്കാം.
പിബിഎയുടെ ലക്ഷണങ്ങള്‍ മറ്റ് മാനസിക വൈകാരിക അവസ്ഥകളുമായി ബന്ധപ്പെടുത്തുന്നതിനാല്‍ രോഗനിര്‍ണയം പലപ്പോഴും ബുദ്ധിമുട്ടാക്കുന്നുണ്ട്. എന്നിരുന്നാലും സെന്‌റര്‍ ഫോര്‍ ന്യൂറോളജിക് സ്റ്റഡി- ലേബിലിറ്റി സ്‌കെയില്‍(CNS-LS) പോലുള്ള പ്രത്യേക സ്‌ക്രീനിങ് ടൂളുകള്‍ ആരോഗ്യവിദഗ്ധരെ പിബിഎ തിരിച്ചറിയാന്‍ സഹായിക്കും.
രോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് ചികിത്സയില്‍ പെടുന്നത്. ഡെക്ട്‌സ്‌ട്രോമെത്തോര്‍ഫാനും ക്വിനിഡിനും സംയോജിപ്പിച്ചുള്ള മരുന്നിന് എഫ്ഡിഎ അംഗീകാരം നല്‍കിയിട്ടുണ്ട്. രോഗത്തിന്‌റെ ആവൃത്തിയും തീവ്രതയും കുറയ്ക്കുന്നതിന് ആന്‌റിഡിപ്രസന്‌റുകള്‍ ഉപയോഗിക്കുന്നുണ്ട്. മരുന്നുകള്‍ കൂടാതെ, രോഗികള്‍ക്കും സമൂഹത്തിനും രോഗത്തെക്കുറിച്ച് ധാരണ നല്‍കേണ്ടതും ചികിത്സയില്‍ പെടുന്നുണ്ട്. വൈകാരിക പിന്തുണ നല്‍കുന്നതിന് കൗണ്‍സലിങ് പോലുള്ളവയും പ്രയോജനപ്പെടുത്താം.