രാജ്യത്ത് വ്യാപിക്കുന്നത് കോവിഡിന്റെ ബിഎ.2 വകഭേദം; സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം കുട്ടികളിൽ
ഇന്ത്യയിൽ കോവിഡിന്റെ ഉപ-വകഭേദമായ ബി എ.2 ഇപ്പോഴും വലിയ രീതിയിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് അയ്യായിരത്തിലധികം കുട്ടികൾക്ക് രോഗം ബാധിച്ചതായി ഇന്ത്യൻ സാർസ്-കോവി-2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ്) നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കോവിഡ് -19 വകഭേദങ്ങളുടെ ജനിതക ഘടനയും വൈറസ് വ്യതിയാനവും പഠിക്കാനും നിരീക്ഷിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ 2020 ൽ രൂപീകരിച്ച ഇൻസാകോഗ്, ഇന്ത്യയിൽ പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ നിന്നും ശേഖരിച്ച പതിനായിരത്തോളം സാമ്പിളുകളാണ് പരിശോധിച്ചത്.
0-18 വയസ്സിനു ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ബിഎ.2 (ബിഎ.2.75) വകഭേദത്തിന്റെ സാന്നിധ്യം കൂടുതലായും കാണപ്പെടുന്നത്. ജനുവരി 1 മുതൽ ജൂലൈ 25 വരെ, 5,439 കുട്ടികളിൽ കണ്ടെത്തിയ ബിഎ.2, ആഗോളതലത്തിൽ പ്രചരിക്കുന്ന ഏറ്റവും പ്രബലമായ വകഭേദമായി ലോകാരോഗ്യ സംഘടന ഈ വര്‍ഷം ആദ്യം വിലയിരുത്തിയിരുന്നു.
ഇതിൽ 1,278 കുട്ടികളുടെ സാമ്പിളുകളിൽ ഒമിക്രോണും മറ്റ് ഉപ വകഭേദങ്ങളും കണ്ടെത്തിയതായി കേന്ദ്രം ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. 645 കുട്ടികളിൽ ലോകാരോഗ്യ സംഘടന ആശങ്കാ വകഭേദമായി തരംതിരിച്ചിരിക്കുന്ന ഒമിക്രോൺ ബി.1.1.529 കണ്ടെത്തി. 74 കുട്ടികൾക്ക് ഡെൽറ്റ ഉപ വകഭേദം ബാധിച്ചപ്പോൾ, ഏകദേശം 44 കുട്ടികൾക്ക് ഡെൽറ്റ ബി.1.617.2 വകഭേദം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു
ബിഎ.2 വകഭേദത്തിന് അതിവേഗം പടരാനും വാക്സിനുകളിൽ നിന്നും മുൻ അണുബാധയിൽ നിന്നും പ്രതിരോധശേഷി നേടാനും കഴിയും. ആഗോളതലത്തിൽ വ്യാപിച്ച, ബിഎ.5 ഉൾപ്പെടെ മറ്റ് ഒമിക്രോൺ വകഭേദങ്ങളേക്കാൾ ഇത് കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാല്‍, ഇന്ത്യയില്‍ ഗുരുതരമായി വ്യാപിച്ച ബിഎ.2 വകഭേദം ഇപ്പോഴും ആധിപത്യം പുലർത്തുന്നുണ്ടെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (ഐഎൻടിഎജിഐ) യുടെ കോവിഡ് -19 പ്രവർത്തന വിഭാഗ മേധാവി, ഡോ എൻ കെ അറോറ അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയ, ജർമനി, കാനഡ എന്നിവയുൾപ്പെടെ പത്തോളം രാജ്യങ്ങളില്‍ ബിഎ.2 കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവ മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നതായി ന്യൂഡൽഹിയിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞനായ ലിപി തുക്രാൽ പറഞ്ഞു.
രാജ്യത്ത് 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 9.96 കോടി ആദ്യ ഡോസും 7.79 കോടി രണ്ടാം ഡോസും നൽകിയാതായി കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇത് യഥാക്രമം, ജനസംഖ്യയുടെ 82.2 ശതമാനവും 64.3 ശതമാനവുമാണ്. അതേസമയം,12 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ രാജ്യത്ത് ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പറഞ്ഞു.