അല്‍ഷൈമേഴ്സ് സാധ്യത മൂന്നരവര്‍ഷം മുന്‍പേ തിരിച്ചറിയാം; രക്തപരിശോധനയിലൂടെ
രക്തപരിശോധനയിലൂടെ മൂന്നര വര്‍ഷം മുന്‍പ് തന്നെ അല്‍ഷൈമേഴ്സ് സാധ്യത തിരിച്ചറിയാനാകുമെന്ന് കണ്ടെത്തല്‍. ഇനിമുതല്‍ ക്ലിനിക്കൽ പരിശോധനയിലൂടെ തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ അല്‍ഷൈമേഴ്സിനെതിരായ ചികിത്സകള്‍ ആരംഭിക്കാന്‍ സഹായകമാകുന്നതാണ് പുതിയ കണ്ടെത്തില്‍. ബ്രെയിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനത്തിലാണ് പുതിയ പരിശോധനാരീതിയുടെ വിശദാംശങ്ങളുള്ളത്.
മസ്തിഷ്‌ക കോശങ്ങളുടെ രൂപീകരണത്തില്‍ മനുഷ്യ രക്തത്തിന് സുപ്രധാന പങ്കുണ്ട്. ഓര്‍മ്മശക്തിയെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ് എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഒരു പ്രധാന ഭാഗത്താണ് ന്യൂറോജെനിസിസ് എന്ന ഈ പ്രക്രിയ സംഭവിക്കുന്നത്. ഹിപ്പോകാമ്പസിലെ പുതിയ മസ്തിഷ്‌ക കോശങ്ങളുടെ രൂപീകരണത്തെ അല്‍ഷൈമേഴ്സ് രോഗം പ്രതികൂലമായി ബാധിക്കും. ഇതിനെ അടിസ്ഥാനമാക്കിയാണ് രോഗനിര്‍ണയം സാധ്യമാകുന്നത്. ഓര്‍മക്കുറവുള്ള 56 ആളുകളിലാണ് ഗവേഷണസംഘം പഠനം നടത്തിയത്. ഇവരില്‍ 36 പേര്‍ക്ക് പിന്നീട് അല്‍ഷൈമേഴ്‌സ് സ്ഥിരീകരിച്ചു.
പരിശോധന നടത്തിയ 56 പേരില്‍ 36 പേര്‍ക്ക് അല്‍ഷിമേഴ്‌സ് സ്ഥിരീകരിക്കുകയായിരുന്നു
രോഗ സാധ്യതയുള്ളവരുടെ രക്തകോശങ്ങുടെ വളര്‍ച്ചയിലും വിഭജനത്തിലും കുറവുണ്ടാകുകയും കോശങ്ങള്‍ നശിക്കുന്ന നിരക്ക് വര്‍ധിക്കുകയും ചെയ്തിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് മൂന്നരവര്‍ഷം മുമ്പാണ് ഗവേഷകര്‍ ഈ മാറ്റങ്ങള്‍ കണ്ടെത്തിയത്. പുതിയ കോശങ്ങള്‍ രൂപീകരിക്കാനുള്ള തലച്ചോറിന്റെ കഴിവില്‍ സ്വാധീനം ചെലുത്താന്‍, ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയ്ക്ക് കഴിയുമെന്നാണ് പരീക്ഷണത്തിലൂടെ തെളിഞ്ഞത്.
ഇത്തരത്തില്‍ അല്‍ഷൈമേഴ്‌സ് സാധ്യത നേരത്തെ തിരിച്ചറിയുന്നത് തുടക്കത്തില്‍ തന്നെ ചികിത്സ തേടുന്നതിന് സഹായകമാകും.