ആര്‍ത്തവ സമയത്ത് വ്യായാമം ചെയ്യാമോ? ആര്‍ത്തവവുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍

ആര്‍ത്തവ സമയത്ത് വ്യായാമം ചെയ്യാമോ? ആര്‍ത്തവവുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍

ആര്‍ത്തവത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ തിരിച്ചറിയാന്‍ ശരിയായ വിവരങ്ങള്‍ നാം അറിയേണ്ടതുണ്ട്
Updated on
2 min read

ആര്‍ത്തവം നമ്മുടെ കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്

എന്താണ് ആര്‍ത്തവം?

മാസം തോറും കൃത്യമായി ആവർത്തിച്ച് വരുന്ന രക്തസ്രാവം,അതിനോടനുബന്ധിച്ചുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അതാണ് നമുക്ക് ആർത്തവം. എന്നാല്‍ എന്താണ് ആർത്തവത്തില്‍ യഥാർഥത്തില്‍ സംഭവിക്കുന്നത്? ശരീരത്തിലെ രാസ സന്ദേശവാഹകരാണ് ഹോര്‍മോണുകള്‍. തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയും അണ്ഡാശയവും ആര്‍ത്തവചക്രത്തിനിടയില്‍ . ശരീരത്തിലെ പല മാറ്റങ്ങള്‍ക്കും കാരണമായ ഈ ഹോർമോണുകള്‍ ഉത്പാദിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്നു.

ഈ ഹോര്‍മോണുകള്‍ ഗർഭപാത്രത്തിന്റെ സ്തരത്തെ കട്ടിയാക്കുന്നു. ഗര്‍ഭധാരണം സംഭവിക്കുകയാണെങ്കില്‍, ഗര്‍ഭാശയ പാളിയില്‍ അണ്ഡം പിടിച്ചു നിര്‍ത്താന്‍ ഇത് അനിവാര്യമാണ് (ഗര്‍ഭാശയ പാളിയില്‍ പറ്റിപ്പിടിച്ചു കിടന്നാണ് ഭ്രൂണം വളരുന്നത്). അണ്ഡാശയത്തിലെ അണ്ഡോത്പാദനത്തെയും സഹായിക്കുന്നത് ഈ ഹോർമോണുകള്‍ ആണ്. അണ്ഡാശയത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന അണ്ഡം ഫലോപ്യന്‍ ട്യൂബിലൂടെ നീങ്ങുകയും ബീജത്തിനായി അവിടെ കാത്തിരിക്കുകയും ചെയ്യുന്നു. ബീജസങ്കലനം സംഭവിക്കുന്നില്ലെങ്കില്‍ ഗര്‍ഭധാരണം ഉണ്ടാവുന്നില്ല. ഇതോടെ നേരത്തെ രൂപപ്പെട്ട ഗര്‍ഭപാത്രത്തിന്റെ പാളി തകരുകയും രക്തവും കോശങ്ങളും പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇതാണ് ആർത്തവം

ആര്‍ത്തവത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍

1. ആര്‍ത്തവ രക്തം അശുദ്ധമാണ്

വസ്തുത: ശരീരത്തിലുള്ള അതേ രക്തം തന്നെയാണ് ആര്‍ത്തവ രക്തമായി പുറത്ത് വരുന്നത്. ഗര്‍ഭാശയത്തിലെ ഭിത്തികള്‍ ഗര്‍ഭധാരണത്തിനായി തയ്യാറെടുക്കുകയും എന്നാല്‍ ഇത് സംഭവിക്കാതെ വരുമ്പോള്‍ പാളികളിലെ രക്തവും കോശങ്ങളും ചേര്‍ന്ന് പുറന്തള്ളപ്പെടുന്നതിനാലാണ് നിറത്തിലും ഗന്ധത്തിലുമെല്ലാം വ്യത്യസ്തമാകുന്നത്. ഇത് ശരീരത്തില്‍ നടക്കുന്ന ഒരു സാധാരണ പ്രക്രിയ മാത്രമാണെന്നതിനാല്‍ ആര്‍ത്തവ രക്തം അശുദ്ധമെന്ന് പറയാന്‍ സാധിക്കില്ല.

2. ആര്‍ത്തവം സംഭവിക്കാത്തത് ഗര്‍ഭിണിയാകുമ്പോഴാണ്

വസ്തുത: ആര്‍ത്തവം വൈകുന്നതോ ഇല്ലാതിരിക്കുന്നതോ ഗര്‍ഭധാരണത്തിന്റെ മാത്രം ലക്ഷണങ്ങളല്ല. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, അമിതഭാരം, അനാരോഗ്യകരമായ ഭക്ഷണക്രമം, അസുഖം, സമ്മര്‍ദ്ദം തുടങ്ങിയ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവ ക്രമരഹിതമായ ആര്‍ത്തവത്തിനോ ആര്‍ത്തവം ഇല്ലാതാകുന്നതിനോ കാരണമായേക്കാം.

3. ആര്‍ത്തവ സമയത്ത് വ്യായാമം ചെയ്യരുത്

വസ്തുത: ആര്‍ത്തവ സമയത്ത് വ്യായാമം ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നതില്‍ യാതൊരു വിധ പഠനങ്ങളും ഇതുവരെ തെളിയിച്ചിട്ടില്ല. അതേസമയം വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷം നല്‍കുന്നു എന്ന് മാത്രമല്ല, ആര്‍ത്തവ വേദനകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചില യോഗാസനങ്ങളും വേദന കുറയ്ക്കുന്നതിന് വളരെ നല്ലതാണ്. എന്നാല്‍ ഈ സമയത്ത് കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കാം.

ആര്‍ത്തവ സമയത്ത് വ്യായാമം ചെയ്യരുതെന്നല്ല. നിങ്ങള്‍ക്ക് പ്രശ്നമില്ല എങ്കില്‍ വ്യായാമം ചെയ്യാം. എന്നാല്‍ അമിതമായ ക്ഷീണം, വേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലോ വ്യായാമം ഒഴിവാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ പരിശീലകനോടോ ഡോക്ടറിനോടോ അഭിപ്രായം തിരക്കാം.

Anna Bizon

4. ആര്‍ത്തവ സമയത്ത് തലമുടി കഴുകരുത്

വസ്തുത: ആര്‍ത്തവം നടക്കുമ്പോള്‍ തലകഴുകരുതെന്നോ കുളിക്കരുതെന്നോ ഒരു പഠനങ്ങളും പറഞ്ഞിട്ടില്ല. അതേസമയം, ചൂട് വെള്ളത്തില്‍ കുളിക്കുന്നത് പലപ്പോഴും സ്ത്രീകള്‍ക്ക് വേദന കുറയ്ക്കാന്‍ സഹായിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്.

5. ഒരു ടാംപണ്‍ ഉപയോഗിക്കുകയാണെങ്കില്‍, കന്യകാത്വം നഷ്ടപ്പെടും

വസ്തുത: ടാംപണുകള്‍ കന്യാചര്‍മം (ഹൈമന്‍) വലിയുന്നതിനോ പൊട്ടിപ്പോകുന്നതിനോ കാരണമായേക്കാം. ടാംപൺ മാത്രമല്ല സൈക്ലിങ് പോലുള്ള കഠിനമായ വ്യായാമങ്ങളോ ഒക്കെ കന്യാചര്‍മ്മം പൊട്ടുന്നതിനോ വലിയുന്നതിനോ കാരണമായേക്കും.

Anna Bizon

6. പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രം വെറും തോന്നല്‍ മാത്രമാണ്

വസ്തുത: 90 ശതമാനം സ്ത്രീകള്‍ക്കും ആര്‍ത്തവത്തിന് ഒന്നോ രണ്ടോ ആഴ്ചയ്ക്ക് മുമ്പായി പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രം അനുഭവപ്പെടാറുണ്ട്. ഇത് സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം സംഭവിക്കുന്നതാണ്. ആര്‍ത്തവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ത്രീകളില്‍ മൂഡ് സ്വിങ്സ്, വിഷാദം, തലവേദന, വയറു പെരുക്കല്‍, പുറം വേദന, തളര്‍ച്ച, ശരീര ഭാഗങ്ങളില്‍ വേദന എന്നിവ അനുഭവപ്പെട്ടേക്കാം. സാധാരണയായി ഇത് ആര്‍ത്തവത്തിന്റെ ആദ്യ രണ്ടോ മൂന്നോ ദിവസത്തിന് ശേഷം മാറുന്നതായിരിക്കും.

logo
The Fourth
www.thefourthnews.in