പുരുഷന്മാരിലെ വന്ധ്യതാ നിരക്ക് കൂടുന്നു; ജീവിതശൈലിയിൽ ചില മാറ്റങ്ങൾ പരീക്ഷിക്കാം

പുരുഷന്മാരിലെ വന്ധ്യതാ നിരക്ക് കൂടുന്നു; ജീവിതശൈലിയിൽ ചില മാറ്റങ്ങൾ പരീക്ഷിക്കാം

ഇന്ത്യയിലെ ദമ്പതിമാര്‍ അഞ്ചിൽ ഒന്ന് എന്ന അനുപാതത്തിൽ വന്ധ്യതാ പ്രശ്നം നേരിടുന്നു
Updated on
2 min read

ലോകത്ത് ആറിൽ ഒരാൾ വന്ധ്യതാപ്രശ്നം അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ. 1990 മുതൽ 2021വരെ നടത്തിയ വിവിധ പഠനങ്ങളെ അടിസ്ഥാനമാക്കി ഏപ്രിലിലാണ് ലോകാരോഗ്യസംഘടന ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ദമ്പതിമാര്‍ അഞ്ചിൽ ഒന്ന് എന്ന അനുപാതത്തിൽ വന്ധ്യതാ പ്രശ്നം നേരിടുന്നുണ്ട്. വന്ധ്യതയ്ക്ക് കാരണമായി മുൻപ് വിലയിരുത്തിയിരുന്നത് വിവിധ അസുഖങ്ങളും അണുബാധയുമായിരുന്നു. എന്നാൽ ജീവിതശൈലി രോഗങ്ങൾ, പാരിസ്ഥിതിക മാറ്റം തുടങ്ങിയവയെല്ലാം പുതിയ സാഹചര്യത്തിൽ വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ .

പുരുഷ വന്ധ്യത

സ്ത്രീകളെ അപേക്ഷിച്ച് പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടെത്തുക ശ്രമകരമാണ്. ബീജങ്ങളുടെ എണ്ണത്തിലെ കുറവ് , ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തങ്ങളുടെ വ്യതിയാനം, ഹൃദയ ധമനികളുടെ അപകട സാധ്യത, അസ്ഥികളുടെ ബലക്ഷയം തുടങ്ങിയവ പുരുഷന്മാരുടെ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. വന്ധ്യതയുള്ള പുരുഷന്മാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ നേരത്തെ കണ്ടുപിടിക്കപ്പെട്ടാല്‍ മിക്ക പുരുഷ വന്ധ്യതകളും പ്രശ്‌നമാകാതെ പരിഹരിക്കാനാകും.

ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുള്ള ദമ്പതിമാരിലെ പുരുഷന്മാര്‍ക്ക് കൃത്യമായ വന്ധ്യതാ നിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. വിദഗ്ധനായ ഒരു ഡോക്ടറുടെ ചികിത്സയിലൂടെ മാത്രമേ കുറവുകള്‍ കണ്ടെത്താനും പരിഹരിക്കാനും സാധിക്കൂ. പുരുഷന്മാരില്‍ ശുക്ല പരിശോധനയും കൃത്യ സമയത്ത് സ്‌ക്രീനിങ്ങും നടത്തേണ്ടതാണ്. ജീവിത ശൈലിയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയും നല്ല ഭക്ഷണ രീതികള്‍ പിന്തുടരുകയും ചെയ്താല്‍ പുരുഷന്മാരുടെ പ്രതുത്പാദനശേഷി മെച്ചപ്പെടുത്തുന്നതിനും ലൈംഗികാരോഗ്യം നിലനിര്‍ത്തുന്നതിനും സാധിക്കും.

പുരുഷ വന്ധ്യത കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും

1 . പുകവലി

ബീജങ്ങളുടെ എണ്ണം, ചലനശേഷി, ഗുണം എന്നിവ കുറയ്ക്കാനും നശിപ്പിക്കാനും അവയുടെ പ്രത്യുത്പാദന ശേഷിയെ ഇല്ലാതാക്കാനും പുകവലി കാരണമാകും. മാത്രമല്ല, ഭ്രൂണാവസ്ഥയില്‍ ജനിതകഘടകത്തിന് മാറ്റങ്ങള്‍ സംഭവിപ്പിക്കാനും പുകയിലയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്കാകും. ഗര്‍ഭധരണത്തിന് ആലോചിക്കുന്ന ദമ്പതിമാര്‍ പുകവലി ഒഴിവാക്കുന്നതാണ് ഉത്തമം.

2 . മദ്യപാനം

മദ്യപാനികളായ പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയുക, ഘടന വ്യത്യാസപ്പെടുക, ചലശേഷി കുറയുക എന്നിവ സംഭവിക്കാം. മദ്യപാനം മിതമായാലും അമിതമായാലും ബീജങ്ങളുടെ ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യതാ കൂടുതലാണ്

3 . അമിത വണ്ണം

അമിത വണ്ണമുള്ളവരില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനായി പരിവര്‍ത്തനം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന ഈ വ്യതിയാനം ബീജത്തിന്റെ ഉത്പ്പാദനത്തെ ബാധിക്കും .

4 . മാനസിക സമ്മര്‍ദം

അമിതമായ മാനസിക സംഘര്‍ഷം നാഡീവ്യവസ്ഥയെ ബാധിക്കുന്നത് വഴി പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കുന്ന ലെഡിഗ് കോശങ്ങളുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കും. ഇത് റെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും.

5 . ഭക്ഷണക്രമം

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പുരുഷന്മാരുടെ ബീജത്തിന്റെ ഗുണനിലവാരവും ഉത്പാദനവും മെച്ചപ്പെടുത്തും. ഉദാഹരണത്തിന്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണക്രമം ബീജത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, കോഴി, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ബീജത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. സംസ്‌കരിച്ച മാംസം, മുഴുവന്‍ കൊഴുപ്പ് അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, മദ്യം, കാപ്പി, പഞ്ചസാര മധുരമുള്ള പാനീയങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കാനുമിടയാക്കും.

6 . വ്യായാമത്തിലെ കുറവ്

കൃത്യമായി വ്യായാമശീലങ്ങള്‍ ഇല്ലാത്തത് ബീജ ഉത്പാദനത്തെ ബാധിക്കും. ആഴ്ചയില്‍ 30 മുതല്‍ 45 മിനിറ്റ് വരെ വ്യായാമം ശീലമാക്കുന്നത് ബീജത്തിന്റെ അളവ്, ബീജങ്ങളുടെ എണ്ണം, ചലനശേഷി, രൂപഘടന (ആകൃതിയും വലിപ്പവും) എന്നിവയില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ കാരണമാകും.

നേരത്തെ കണ്ടെത്തിയാല്‍ പുരുഷ വന്ധ്യത ചെറുക്കാന്‍ സാധിക്കും. സ്വയം ചികിത്സ ഒഴിവാക്കുക, കൃത്യമായ പരിശോധനകള്‍ നടത്തുക, അശാസ്ത്രീയമായ മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുക എന്നിവ ചെയ്താല്‍ ഒരു പരിധി വരെ ഇതിനെ നേരിടാം.

logo
The Fourth
www.thefourthnews.in