കാല്‍സ്യം സപ്ലിമെന്‌റുകള്‍ വൃക്കയിലെ കല്ലിനു കാരണമോ? അറിയേണ്ടത്
എല്ലുകളുടെ ആരോഗ്യത്തിനും ഒസ്റ്റിയോപൊറോസിസ് തടയാനും കാല്‍സ്യം സപ്ലിമെന്‌റുകള്‍ കഴിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വൃക്കയിലെ കല്ലുകളുടെ രൂപീകരണത്തില്‍ ഇവയ്ക്കുള്ള പങ്കിനെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
കാല്‍സ്യം, ഓക്‌സലേറ്റ്, ഫോസ്ഫറസ് തുടങ്ങിയ പദാര്‍ഥങ്ങള്‍ മൂത്രത്തില്‍ അടിയുമ്പോഴാണ് വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നത്. ഈ പരലുകള്‍ സംയോജിച്ച് ചെറിയ കല്ലുകളുടെ രൂപത്തിലാകുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാതെ അവ വൃക്കകളില്‍ തുടരുമെങ്കിലും ഇവ മൂത്രനാളിയിലൂടെ സഞ്ചരിക്കുകയും തടസം ഉണ്ടാകുമ്പോള്‍ കഠിനമായ വേദനയിലേക്ക് നയിക്കുകയും ചെയ്യും. കാല്‍സ്യം ഓക്സലേറ്റ് ഉള്‍പ്പെടെയുള്ള വിവിധ വസ്തുക്കളാല്‍ വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാം.
പുറത്തും വശങ്ങളിലുമുണ്ടാകുന്ന ശക്തമായ വേദനയാണ് കിഡ്‌നി സ്റ്റോണിന്‌റെ പ്രധാന ലക്ഷണം. പതിയെ വേദനയുടെ ആധിക്യം കൂടുകയും ഓക്കാനം, ഛര്‍ദി, മൂത്രത്തില്‍ രക്തം എന്നിവ പ്രത്യക്ഷമാകുകയും ചെയ്യും. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുകയും പനി, വിറയല്‍ തുടങ്ങിയവയും അനുഭവപ്പെടാം. കല്ലിന്‌റെ വലുപ്പവും മൂത്രനാളിയിലുണ്ടാകുന്ന തടസവും അനുസരിച്ച് ലക്ഷണങ്ങളില്‍ വ്യത്യാസം വരാം. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് വിദഗ്ധ സേവനം തേടണം.
കാല്‍സ്യം സപ്ലിമെന്റുകള്‍ പോലെ ഭക്ഷണത്തിലൂടെയെത്തുന്ന കാല്‍സ്യം വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള അപകടസാധ്യത ഉണ്ടാക്കില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആവശ്യത്തിനുള്ള കാല്‍സ്യം കഴിക്കുന്നത്, കുടലിലെ ഓക്‌സലേറ്റുമായി ബന്ധിപ്പിച്ച് അതിന്റെ ആഗിരണം തടയുന്നതിലൂടെ വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഭക്ഷണത്തിലൂടെയെത്തുന്ന കാല്‍സ്യം ആഗിരണം ചെയ്യുന്നത് നിയന്ത്രിക്കാന്‍ ശരീരത്തിന് സംവിധാനങ്ങളുണ്ട്. ഭക്ഷണത്തില്‍ നിന്നുള്ള കാല്‍സ്യം ഈ രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്താനാകും. എന്നാല്‍ കാല്‍സ്യം സപ്ലിമെന്റുകള്‍ക്ക് ഈ നിയന്ത്രണ സംവിധാനങ്ങളെ മറികടക്കാന്‍ കഴിയും. ഇത് മൂത്രത്തില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം ഉണ്ടാകാനുള്ള സാധ്യത സൃഷ്ടിക്കുന്നു.
ആവശ്യത്തിനുള്ള ജലാംശം ശരീരത്തിലെത്താതിരിക്കുന്നത് മൂത്രത്തിലുള്ള ധാതുക്കള്‍ കേന്ദ്രീകരിക്കുന്നതിനു കാരണമാകുകയും ഇത് വൃക്കയിലെ കല്ലുകളുടെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. സപ്ലിമെന്റുകളിലൂടെയോ ഭക്ഷണത്തിലൂടെയോ അമിതമായ അളവില്‍ കാല്‍സ്യം എത്തുന്നത് വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും. അതുകൊണ്ടുതന്നെ വിദഗ്‌ധോപദേശം സ്വീകരിക്കാതെ കാല്‍സ്യം സപ്ലിമെന്‌റുകള്‍ ആരും കഴിക്കാന്‍ പാടില്ല.
ഓക്സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളായ ബീറ്റ്റൂട്ട്, ചോക്ലേറ്റ്, പരിപ്പ്, ചില ഇലക്കറികള്‍ എന്നിവ അമിതമായി കഴിക്കുന്നത് കാല്‍സ്യം ഓക്സലേറ്റ് കല്ലുകള്‍ ഉണ്ടാകാന്‍ കാരണമാകും, പ്രത്യേകിച്ച് കാല്‍സ്യം സപ്ലിമെന്റുകള്‍ക്കൊപ്പം.
ചില വ്യക്തികളില്‍ ജനിതക കാരണങ്ങളാലോ ആരോഗ്യപരമായ അവസ്ഥകളാലോ വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ വ്യക്തികള്‍ കാല്‍സ്യം കഴിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
വൃക്കയിലെ കല്ലുകള്‍ പ്രതിരോധിക്കുന്നതിന് ആവശ്യത്തിനുള്ള ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. വെള്ളം കുടിക്കുന്നത് മൂത്രത്തില്‍ ധാതുക്കള്‍ നേര്‍പ്പിക്കാനും കല്ല് രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
സപ്ലിമെന്റുകളേക്കാള്‍ സമീകൃതാഹാരത്തില്‍ നിന്ന് കാല്‍സ്യം ലഭിക്കുന്നത് ഉറപ്പാക്കണം. പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, എന്നിവ കാല്‍സ്യത്തിന്റെ നല്ല സ്രോതസ്സുകളാണ്.
കാല്‍സ്യം ഓക്സലേറ്റ് കല്ലുകള്‍ക്ക് സാധ്യതയുള്ള വ്യക്തികള്‍ ഉയര്‍ന്ന ഓക്സലേറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്.