അല്‍ഷിമേഴ്‌സ് മറ്റൊരാളിലേക്ക് പകരുമോ? ഗവേഷകര്‍ പറയുന്നത്

അല്‍ഷിമേഴ്‌സ് മറ്റൊരാളിലേക്ക് പകരുമോ? ഗവേഷകര്‍ പറയുന്നത്

വൈറല്‍-ബാക്ടീരിയല്‍ അണുബാധപോലെ പകരുന്ന ഒന്നല്ല അല്‍ഷിമേഴ്‌സ്. ഇത് വളരെ അപൂര്‍വമായി മനുഷ്യ കോശങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്
Updated on
1 min read

മറവിയെ ബാധിക്കുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്. നാച്വര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് അപൂര്‍വമായ മെഡിക്കല്‍ അപകടങ്ങള്‍ അല്‍ഷിമേഴ്‌സ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നതിനു കരാണമാകുന്നതായി പറയുന്നു. രോഗികളായ ദാതാക്കളുടെ പിറ്റ്യൂട്ടറി ഗ്രന്ഥികളില്‍ നിന്ന് വളര്‍ച്ചാ ഹോര്‍മോണ്‍ സ്വീകരിച്ചവരില്‍ ആ ഹോര്‍മോണുകള്‍ രോഗകാരികളായതിനാല്‍ത്തന്നെ അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനം അര്‍ഥമാക്കുന്നത്. വൈറല്‍-ബാക്ടീരിയല്‍ അണുബാധപോലെ പകരുന്ന ഒന്നല്ല അല്‍ഷിമേഴ്‌സ്. ഇത് വളരെ അപൂര്‍വമായി മനുഷ്യ കോശങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം സംഭവിക്കുന്ന ഒന്നാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രഫ.ജോണ്‍ കോളിന്‍ജ് ദ ഗാര്‍ഡിയനോട് പറഞ്ഞു.

മൃതദേഹങ്ങളുടെ പിറ്റിയൂട്ടറി ഗ്രന്ഥിയില്‍നിന്ന് വളര്‍ച്ചാ ഹോര്‍മോണ്‍ എടുക്കുന്നത് 1985-ല്‍ നിരോധിച്ചിരുന്നു. 1959 നും 1985 നും ഇടയില്‍ യുകെയിലെ നിരവധി രോഗികള്‍ക്ക് മൃതദേഹങ്ങളുടെ പിറ്റിയൂട്ടറി ഗ്രന്ഥികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത വളര്‍ച്ചാ ഹോര്‍മോണ്‍ ലഭിച്ചിട്ടുണ്ടെന്ന് പഠനം കാണിക്കുന്നു.

1985-ല്‍ ചില രോഗികള്‍ Creutzfeldt-Jakob രോഗം (CJD) മൂലം മരിച്ചതിനെത്തുടര്‍ന്ന് ഈ രീതി നിരോധിച്ചു. ചില രോഗികളുടെ തലച്ചോറില്‍ അല്‍ഷിമേഴ്സിനു കാരണമാകുന്ന അമിലോയിഡ്-ബീറ്റ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാട്രോജെനിക് ക്രീറ്റ്‌സ്‌ഫെല്‍ഡ്-ജേക്കബ് രോഗം (ഐസിജെഡി) ബാധിച്ച് മരണമടഞ്ഞ ചെറുപ്പക്കാരില്‍ അമിലോയ്ഡ് ബീറ്റാ പാത്തോളജിയും സെറിബ്രല്‍ അമിലോയിഡ് ആന്‍ജിയോപ്പതിയും പകര്‍ന്നതായി കണ്ടെത്തിയിരുന്നു.

അല്‍ഷിമേഴ്‌സ് മറ്റൊരാളിലേക്ക് പകരുമോ? ഗവേഷകര്‍ പറയുന്നത്
യുവാക്കള്‍ക്കിടയിലെ പക്ഷാഘാതത്തിനു പിന്നില്‍ ജോലി സമ്മര്‍ദം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓര്‍മശക്തിയെയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരു ന്യൂറോ ഡിജനറേറ്റീവ് രോഗമാണ് അല്‍ഷിമേഴ്‌സ്. ഡിമെന്‍ഷ്യയ്ക്കുള്ള പ്രധാന കാരണമാണ് ഇത്. രോഗം കൂടുന്നതനുസരിച്ച് ഓര്‍മശക്തി നഷ്ടമാകുക, ദിവസവും ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ സാധിക്കാതിരിക്കുക തുടങ്ങിയ അവസ്ഥകളിലേക്കെത്തും. സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി ജീവിതനിലവാരത്തെത്തന്നെ ഇത് തടസപ്പെടുത്തും. രോഗത്തിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായില്ലെങ്കിലും ജനിതകപരമായും പാരിസ്ഥിതികമായതുമായ കാരണങ്ങള്‍ പറയപ്പെടുന്നുണ്ട്. ഇതുവരെ ഈ രോഗത്തിന് ചികിത്സ കണ്ടെത്തിയിട്ടില്ല.

അല്‍ഷിമേഴിസിന്‌റേതായി ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണം മറവിതന്നെയാണ്. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധിക്കാതെ വരിക, ദിനവും ചെയ്തിരുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാതെ വരുക, സ്ഥലവും സമയവുമെല്ലാം സംബന്ധിച്ചുള്ള ആശയക്കുഴപ്പം, ചിത്രങ്ങള്‍ മനസിലാക്കാന്‍ പ്രയാസം, എഴുതാനും വായിക്കാനും പ്രയാസം, സംഭാഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരിക, മൂഡ് മാറ്റം, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉള്‍വലിയല്‍ എന്നിവയൊക്കെ രോഗലക്ഷണങ്ങളാണ്. രോഗം നേരത്തേ തിരിച്ചറിഞ്ഞ് മരുന്നുകള്‍ സ്വീകരിക്കുന്നവഴി ലക്ഷണങ്ങളുടെ അധികരിക്കുന്നത് കുറയ്ക്കാനാകും.

അല്‍ഷിമേഴ്‌സ് രോഗത്തിലെ അപകട ഘടകം പ്രായമാണ്, പ്രത്യേകിച്ച് 65നു മുകളില്‍ പ്രായമുള്ളവരില്‍. കുടുംബപരമായി രോഗചരിത്രമുള്ളവരും ശ്രദ്ധിക്കണം. തലയക്ക് പരുക്കേല്‍ക്കുക, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

logo
The Fourth
www.thefourthnews.in