വീടിനുള്ളിലുണ്ട് അര്‍ബുദത്തിനു കാരണമാകുന്ന റഡോണ്‍; അകത്തെത്തുന്ന വഴികളും കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും അറിയാം
അര്‍ബുദത്തിനു കാരണമാകുന്ന, സ്വാഭാവികമായുണ്ടാകുന്ന റഡോണ്‍ വാതകം നമ്മുടെ വീടിനുള്ളിലും ജോലിസ്ഥലത്തുമൊക്കെയുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ ഇത് കൂടിയ സാന്ദ്രതയില്‍ വീടിനുള്ളിലും ഓഫിസിലുമൊക്കെ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ശ്വാസകോശ അര്‍ബുദത്തിന്‌റെ പ്രധാന കാരണക്കാരന്‍ ഈ റഡോണാണ്.
റേഡിയോ ആക്ടീവ് വാതകമാണ് റഡോണ്‍. ഇതിനു നിറമോ ഗന്ധമോ ഇല്ലാത്തതിനാല്‍ ശരിയായ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. പാറകളിലും മണ്ണുകളിലും ജലസ്രോതസുകളിലും കാണപ്പെടുന്ന യുറേനിയത്തിന്‌റെ സ്വാഭാവികമായ ക്ഷയത്തില്‍നിന്നാണ് റഡോണ്‍ ഉണ്ടാകുന്നത്.
പുറത്തുള്ള റഡോണ്‍ നിരുപദ്രവകരമായ അളവിലുള്ളതാണ്. എന്നാല്‍ അകത്ത്, പ്രത്യേകിച്ച് വായുസഞ്ചാരം കുറവുള്ള ഇടങ്ങളില്‍ ഇത് അപകടകരമാകുന്നു. അകത്തിടങ്ങളില്‍ ഇതിന്‌റെ അളവ് 10 Bq/m3 മുതല്‍ 10,000 Bq/m3 വരെ ആകാം.
മൂന്ന് മുതല്‍ 14 ശതമാനംവരെ കണക്കില്‍ ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നത് റഡോണ്‍ ആണ്. ഒരു സ്ഥലത്തുള്ള റഡോണിന്‌റെ അളവ്, പുകവലി എന്നിവ ഇതിനെ സ്വാധീനിക്കുന്നുണ്ട്. ചെറിയ സാന്ദ്രതയില്‍ വീടിനുള്ളില്‍ കാണുന്ന റഡോണ്‍ വരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പുകവലി ശീലമുള്ളവര്‍ക്കു മറ്റുള്ളവരേക്കാള്‍ റഡോണ്‍ കാരണമുള്ള അര്‍ബുദം പിടിപെടാനുള്ള സാധ്യത 25 മടങ്ങ് അധികമാണ്.
ഭൂരിഭാഗം പേര്‍ക്കും റഡോണിന്‌റെ സമ്പര്‍ക്കം ലഭിക്കുന്നത് വീടുകളില്‍നിന്നുതന്നെയാണ്. തറയിലെ വിള്ളലുകള്‍, പൈപ്പുകള്‍ക്കു ചുറ്റുമുള്ള വിടവ്, മറ്റ് തുറസായ പ്രദേശങ്ങള്‍ എന്നിവ വഴിയാണ് പ്രധാനമായും റഡോണ്‍ വീടിനുള്ളിലെത്തുന്നത്. വിവിധ കെട്ടിടത്തില്‍ മാത്രമല്ല, ഒരേ കെട്ടിടത്തിനുള്ളില്‍ ദിവസവും മണിക്കൂറുകളും അനുസരിച്ച് റേേഡാണിന്‌റെ അളവ് മാറാം.
ഇന്‍ഡോര്‍ ക്രമീകരണങ്ങളില്‍ റഡോണ്‍ അളക്കാനും കുറയ്ക്കാനും മാര്‍ഗങ്ങളുണ്ട്. ലളിതവും ചെലവ് കുറഞ്ഞതുമായ റഡോണ്‍ ഗ്യാസ് ഡിറ്റക്ടര്‍ വഴി വീടിനുള്ളിലെ റഡോണ്‍ അളവ് മനസിലാക്കാനും ഉയര്‍ന്ന നിലയിലാണെങ്കില്‍ കുറയ്ക്കാന്‍വേണ്ട കാര്യങ്ങള്‍ ചെയ്യാനും സാധിക്കും.
വായുസഞ്ചാരം വര്‍ധിപ്പിക്കുക, തുറസായ പ്രദേശങ്ങളിലെ വിള്ളുകളും പൊട്ടലുകളും അടയ്ക്കുക, കെട്ടിടത്തിനുള്ളിലെ വായുസഞ്ചാരം കൂട്ടുക തുടങ്ങിയവയിലൂടെ റഡോണിന്‌റെ അളവ് കുറയ്ക്കാനാകും. നിഷ്‌ക്രിയ ലഘൂകരണ സംവിധാനങ്ങളിലൂടെ അകത്തളങ്ങളിലെ റഡോണിന്‌റെ അളവ് 50 ശതമാനംവരെ കുറയ്ക്കാനാകും. കൂടാതെ റഡോണ്‍ വെന്‌റിലേഷന്‍ ഫാനുകള്‍ ഉപയോഗിച്ചും അളവ് കുറയ്ക്കാം.