മകളെ മുലയൂട്ടാന്‍ അനുവദിക്കാത്ത സ്തനാര്‍ബുദം, ഒപ്പം വിവാഹമോചനവും; കാന്‍സറിനെ മറികടന്ന ദീപയുടെ അതിജീവന കഥ

മകളെ മുലയൂട്ടാന്‍ അനുവദിക്കാത്ത സ്തനാര്‍ബുദം, ഒപ്പം വിവാഹമോചനവും; കാന്‍സറിനെ മറികടന്ന ദീപയുടെ അതിജീവന കഥ

ഏകദേശം ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദീപയ്ക്ക് ഇടത് സ്തനത്തില്‍ അര്‍ബുദം സ്ഥിരീകരിക്കുന്നത്
Updated on
3 min read

സ്തനാർബുദം, പിന്നാലെ വിവാഹമോചനം, ഗർഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയ്യല്‍... കൊല്ലം സ്വദേശി ദീപ നേരിട്ട അനുഭവങ്ങളുടെ തീവ്രത പറഞ്ഞറിയിക്കാൻ സാധിക്കില്ല. കാൻസർ ശാരീരികമായും മാനസികവും സാമ്പത്തികവുമായും വേട്ടയാടിയ ദീപ കാൻസറിന് മുന്നില്‍ തോല്‍ക്കാൻ തയ്യാറായിരുന്നില്ല.

മകളുടെ ജനനത്തിന് പിന്നാലെയാണ് സ്തനാര്‍ബുദം തിരിച്ചറിയുന്നത്. അസുഖം മൂലം കുഞ്ഞിന് ശരിയായ രീതിയില്‍ മുലപ്പാല്‍ പോലും നല്‍കാന്‍ സാധിക്കാത്ത അവസ്ഥ. കാന്‍സര്‍ എന്ന ഒറ്റക്കാരണത്താല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. എന്നാല്‍ ദീപ തളരാതെ ഇന്നും മുന്നോട്ട് പോകുകയാണ്. കാന്‍സറിനെ ചിരിച്ചു കൊണ്ട് അതിജീവിച്ച കഥ ദ ഫോര്‍ത്തിനോട് പങ്കുവെക്കുകയാണ് ദീപ.

ഏകദേശം ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദീപയ്ക്ക് ഇടത് സ്തനത്തില്‍ അര്‍ബുദം സ്ഥിരീകരിക്കുന്നത്. മകള്‍ ജനിച്ച് മാസങ്ങള്‍ മാത്രമായിരിക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ കൈക്കുഞ്ഞായിരുന്ന തന്റെ മകളെ ഒരു വര്‍ഷം മാത്രമേ ദീപയ്ക്ക് മുലയൂട്ടാന്‍ സാധിച്ചുള്ളു. നേരത്തെ തന്നെ മുഴ കണ്ട് സംശയിച്ച് ദീപ ചികിത്സ തേടിയിരുന്നുവെങ്കിലും രോഗ സ്ഥിരീകരണം വൈകി. രോഗത്തിന്റെ മൂന്നാം സ്റ്റേജിലാണ് ദീപ സ്തനാര്‍ബുദ രോഗിയാണെന്ന് മനസിലാക്കുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ വൈകിപ്പോയിരുന്നു.

ദീപ
ദീപ

''ഡെലിവറി കഴിഞ്ഞ് ഏഴ് മാസങ്ങള്‍ ശേഷമാണ് ഇടത് സ്തനത്തില്‍ മുഴ കാണപ്പെട്ടത്. ചികിത്സ തേടിയപ്പോള്‍ ഫീഡിങ് സമയത്തെ മുഴയാണെന്ന് ഡോക്ടര്‍ പറഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ രണ്ട് മൂന്ന് മുഴകളുണ്ടെന്നും മകള്‍ക്ക് ഒരു വയസ് കഴിഞ്ഞാല്‍ ശസ്ത്രക്രിയ നടത്താമെന്നും നിര്‍ദേശിക്കുകയായിരുന്നു. വീണ്ടും മുഴ കട്ടിയായി വന്നപ്പോള്‍ ബയോപ്‌സി ചെയ്തു. അന്നും ഈ മുഴകള്‍ കാൻസറല്ലെന്നും ഫീഡിങ് സമയത്ത് വന്നതാണെന്നും സ്ഥിരീകരിച്ചു. എങ്കിലും ആ മുഴ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം കുട്ടിക്ക് പാല് നല്‍കി ഓപ്പറേഷന്‍ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

മകളുടെ ആദ്യത്തെ പിറന്നാളിന് ശേഷം പിറ്റേന്ന് ആശുപത്രിയില്‍ അഡമിറ്റാകുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഓപ്പറേഷന്‍ നടക്കുന്നതിന്റെ പകുതിയില്‍ തന്നെ ഇത് കാന്‍സറാണോയെന്ന സംശയമുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ബയോപ്‌സിക്ക് അയച്ചു. അപ്പോഴാണ് കാന്‍സറാണെന്ന് അറിഞ്ഞത്. അപ്പോഴേക്കും മൂന്നാമത്തെ സ്‌റ്റേജാകുകായിരുന്നു.

ആദ്യത്തെ വട്ടം ഒരു മുഴയില്‍ നിന്നായിരുന്നു ബയോപ്‌സിക്ക് വേണ്ടി കുത്തിയെടുത്തത്. നാല് മുഴയുണ്ടായിരുന്നതില്‍ മൂന്നെണ്ണം ഫീഡിങ് മുഴയും ഒന്ന് കാന്‍സര്‍ മുഴയുമായിരുന്നു. അങ്ങനെ അതിന്റെ റിസള്‍ട്ട് വന്നതിന് ശേഷം തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറി. ഇടത് സ്തനം മുറിച്ചു മാറ്റി'', ദീപ പറഞ്ഞു.

കിംസ് ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറി
കിംസ് ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറി
മകളെ മുലയൂട്ടാന്‍ അനുവദിക്കാത്ത സ്തനാര്‍ബുദം, ഒപ്പം വിവാഹമോചനവും; കാന്‍സറിനെ മറികടന്ന ദീപയുടെ അതിജീവന കഥ
സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും മാരകം; സെര്‍വിക്കല്‍ കാന്‍സറെന്ന 'വില്ലന്‍'

സ്തനം മുറിച്ച് മാറ്റി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അള്‍ട്രാ സൗണ്ട് സ്‌കാനിലൂടെ ഗര്‍ഭപാത്രത്തില്‍ ചെറിയ ചെറിയ മണിത്തരികള്‍ പോലുള്ള മുഴകളും ദീപയില്‍ കാണപ്പെടുകയായിരുന്നു. ആദ്യത്തെ കാന്‍സറിന്റെ സമയത്തുള്ള മരുന്നുകളുടെ പാര്‍ശ്വഫലമെന്നായിരുന്നു അന്ന് ഡോക്ടര്‍മാര്‍ ദീപയെ അറിയിച്ചത്. എന്നാല്‍ ഈ അവസ്ഥ കൂടി വന്നതിന് പിന്നാലെ ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദീപയുടെ ഗര്‍ഭപാത്രവും അണ്ഡാശയവും റിമൂവ് ചെയ്യുകയായിരുന്നു. അതായത് മൂന്ന് വര്‍ഷത്തിനിടയിലെ മൂന്നാമത്തെ ശസ്ത്രക്രിയ. ഒപ്പം കീമോ അടക്കമുള്ള ചികിത്സകളുടെ പാര്‍ശ്വഫലങ്ങളും.

''കാന്‍സറിന്റെ ഭാഗമായി ഓര്‍മക്കുറവുകള്‍ ഉണ്ടായിട്ടുണ്ട്. എട്ട്-ഒമ്പത് വര്‍ഷമായി കാന്‍സര്‍ വന്നിട്ട്. 37ാം വയസിലായിരുന്നു ഗര്‍ഭപാത്രവും അണ്ഡാശയവും റിമൂവ് ചെയ്യുന്നത്. ചെയ്ത് കഴിഞ്ഞപ്പോള്‍ എല്ലുകള്‍ക്ക് ബലക്കുറവ്, നടുവേദന തുടങ്ങിയ രോഗങ്ങള്‍ വന്നു. എല്ലുകള്‍ക്ക് ബലം വെക്കാന്‍ മരുന്ന് നല്‍കും. ആ മെഡിസിന്‍ ആറ് മാസത്തിലൊരിക്കല്‍ എടുക്കാറുണ്ട്. നിലവില്‍ അസുഖത്തെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളില്ലെങ്കിലും ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്'', ദീപ വ്യക്തമാക്കി.

മകളെ മുലയൂട്ടാന്‍ അനുവദിക്കാത്ത സ്തനാര്‍ബുദം, ഒപ്പം വിവാഹമോചനവും; കാന്‍സറിനെ മറികടന്ന ദീപയുടെ അതിജീവന കഥ
നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം സെര്‍വിക്കല്‍ കാന്‍സര്‍, അറിയേണ്ടത്

ഇതൊന്നും തന്നെ ദീപയെന്ന പോരാളിയെ തളര്‍ത്തിയിരുന്നില്ല. എന്നാല്‍ കാന്‍സറിനൊപ്പം തന്നെ പങ്കാളി ആവശ്യപ്പെട്ട വിവാഹമോചനം ദീപയ്ക്ക് പ്രഹരം തന്നെയായിരുന്നു. കീമോ മൂലം ഇല്ലാതായ മുടി കിളിര്‍ത്തു വരുന്ന സമയത്താണ് വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി വരാന്തകളിലൂടെ ദീപയ്ക്ക് കയറിയിറങ്ങേണ്ടി വന്നത്.

''സ്തനം മുറിച്ചു മാറ്റിയപ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. ആ സമയങ്ങളില്‍ കോടതിയില്‍ വിവാഹമോചനത്തിന്റെ കേസ് നടക്കുകയായിരുന്നു. കാന്‍സര്‍ വന്നിട്ട് ഒമ്പത് വര്‍ഷമായി, വിവാഹമോചനം ചെയ്ത് ഏഴ് വര്‍ഷവും, ദീപ ഓര്‍മിക്കുന്നു.

ദീപയും മക്കളും
ദീപയും മക്കളും

നല്ലവരായ ഒരുപാട് മനുഷ്യരുടെ കൈത്താങ്ങ് ഇപ്പോഴും ദീപയ്ക്കുണ്ട്. താമസിക്കാന്‍ വീടില്ലാതെ വന്നപ്പോള്‍ ദീപയുടെ അമ്മയുടെ സുഹൃത്ത് വീട് ഒഴിഞ്ഞു നല്‍കി താമസിപ്പിക്കുകയായിരുന്നു. വീടിന് സമീപമുള്ള സ്‌കൂളില്‍ കുട്ടികളെ സൗജന്യമായാണ് പഠിപ്പിച്ചതും.

കിംസ് ആശുപത്രിയിലെ ഗ്രേസ് ഷെര്‍ലിയെന്ന ഓങ്കോളജിസ്റ്റും ചികിത്സകളില്‍ ദീപയെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. അതിജീവനം എന്ന കാൻസർ ഗ്രൂപ്പും കാൻസർ ചിരിച്ച് കൊണ്ട് നേരിട്ട് ഒടുവില്‍ കീഴടങ്ങേണ്ടി വന്ന നന്ദു മഹാദേവനെപ്പോലെയുള്ള നല്ല മനുഷ്യരും ദീപയ്‌ക്കൊപ്പമുണ്ടായിരുന്നു.

ഇനിയും ഏത് പ്രതിസന്ധി വന്നാലും തളരാതെ പിടിച്ച് നില്‍ക്കാന്‍ പാകത്തില്‍ കാന്‍സർ ദീപയെ മാറ്റിയിട്ടുണ്ട്. അതോടൊപ്പം ദീപ ഒരു പ്രചോദനമാണ്, കാന്‍സര്‍ വന്നാല്‍ അത് കണ്ടെത്തി ചികിത്സിക്കാനും അതിജീവിക്കാനുമുള്ള പ്രചോദനം.

logo
The Fourth
www.thefourthnews.in