ചൂട് കൂടുന്നു, കേരളത്തില്‍ ചിക്കന്‍പോക്‌സും വ്യാപിക്കുന്നു; രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കേരളത്തില്‍ അതിവ്യാപകമായി പടര്‍ന്ന് ചിക്കന്‍പോക്‌സ്. കഴിഞ്ഞ 75 ദിവസത്തിനുള്ളില്‍ 6744 ചിക്കന്‍പോക്‌സ് കേസുകളും ഒന്‍പത് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം 26,000 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വേരിസെല്ല സോസ്റ്റര്‍ വൈറസുകള്‍ പരത്തുന്ന ചിക്കന്‍പോക്‌സ് വളരെ സാംക്രമികമായ ഒരു പകര്‍ച്ചവ്യാധിയാണ്.
ശരീരത്തില്‍ പ്രത്യക്ഷമാകുന്ന ചൊറിച്ചിലുണ്ടാക്കുന്ന ചെറിയ കുമിളകളാണ് ചിക്കന്‍പോക്‌സിന്‌റെതായി ശ്രദ്ധിക്കപ്പെടുന്ന ലക്ഷണം. പനി, തലവേദന, ക്ഷീണം എന്നിവയും അനുഭവപ്പെടും. കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരും ചിക്കന്‍പോക്‌സിന്‌റെ ഇരകളാകുന്നുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരിലും ഗര്‍ഭിണികളിലും ചിലപ്പോള്‍ ചിക്കന്‍പോക്‌സ് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
രോഗബാധിതനായ ഒരു വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ശ്വാസകണികകളിലൂടെയാണ് രോഗം പകരുന്നത്. വായുവഴിയാണ് രോഗം പകരുന്നത്. ചിക്കന്‍പോക്‌സ് കുരുക്കളിലെ ദ്രവങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരുന്നതും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ഇതിന്‌റെ വൈറസ് പകര്‍ച്ചവ്യാധിയാണ്. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നിന് രണ്ടുദിവസം മുന്‍പ് തുടങ്ങി മുഴുവന്‍ കുരുക്കളും പുറത്തുവരുന്നതുവരെ പകര്‍ച്ചവ്യാധി സാധ്യത നിലനില്‍ക്കുന്നു. കണ്ണുകള്‍, മൂക്ക്, വായ തുടങ്ങിയവയിലൂടെ രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നു. പ്രതിരോധശേഷിയുടെയോ വാക്‌സിന്‌റെയോ അഭാവം ചിക്കന്‍പോക്‌സ് രോഗസാധ്യത വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് സ്‌കൂളുകളിലും ഡേ കെയറുകളിലും രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് 10 മുതല്‍ 21 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ചുവന്ന കുരു, കുമിള, പഴുപ്പ്, ഉണങ്ങല്‍ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ആദ്യം പ്രത്യക്ഷമാകുന്ന ലക്ഷണങ്ങള്‍. കുറച്ച് ദിവസത്തിനുള്ളില്‍ കുരുക്കള്‍ പ്രത്യക്ഷമാകും, ചെറുതായി തുടങ്ങി പിന്നീട് വെള്ളംനിറഞ്ഞുനില്‍ക്കുന്ന രൂപത്തിലുള്ളതാണ് ചിക്കന്‍പോക്‌സിന്‌റേതായി പ്രത്യക്ഷമാകുന്ന കുമിളകളുടെ പ്രത്യേകത. ശരീരത്തിന്‌റെ മുഴുവന്‍ ഭാഗങ്ങളിലേക്കും പടരുന്നതോടെ ചൊറിച്ചിലും അനുഭവപ്പെടും. തൊണ്ടവേദന, വയറുവേദന, ശരീരവേദന തുടങ്ങിയവയും ഉണ്ടാകാം. അഞ്ച് മുതല്‍ 10 ദിവസംവരെ കുമിളകള്‍ ശരീരത്തില്‍ നിലനില്‍ക്കാം. ചര്‍മത്തില്‍ അണുബാധ, ന്യുമോണിയ, എന്‍സെഫലൈറ്റിസ് പോലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാം. പ്രത്യേകിച്ച് പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും.
ചിക്കന്‍പോക്‌സിനെതിരെ ഫലപ്രദമായ വാക്‌സിന്‍ നിലവിലുണ്ട്. ശിപാര്‍ശ ചെയ്യുന്ന ഷെഡ്യൂള്‍ അനുസരിച്ച് വാക്‌സിന്‍ എടുക്കാന്‍ ശ്രദ്ധിക്കണം. സാധാരണ 12 മുതല്‍ 15 മാസത്തിനുള്ളിലും നാല് വയസ്സിനും ആറിനും ഇടയില്‍ ബൂസ്റ്റര്‍ ഡോസുമായാണ് വാക്‌സിന്‍ എടുക്കുക. ഇതിനുപരിയായി രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ച് രോഗം പകരാന്‍ സാധ്യത കൂടിയ സമയങ്ങളില്‍. ശുചിത്വം നിലനിര്‍ത്തുകയും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പേഴും കൈകള്‍ കൊണ്ട് മൂടുന്നതും രോഗം പടരാതിരാക്കാന്‍ സഹായിക്കും. വീട്ടില്‍ ചിക്കന്‍പോക്‌സ് രോഗിയുണ്ടെങ്കില്‍ അവരെ ഐസൊലേറ്റ് ചെയ്യുകയും രോഗി ഉപയോഗിച്ച പാത്രങ്ങളോ വസ്ത്രങ്ങളോ മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.
സാധാരണയായി ഒരുതവണ ചിക്കന്‍പോക്‌സ് വന്നാല്‍ വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്. വൈറസ് വീണ്ടും ആക്രമിച്ചാലും ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ, ശ്രദ്ധിക്കപ്പെടാതെ പോകാറാണ് കാണുന്നത്. സാധാരണഗതിയില്‍ വന്നുപോകുന്ന രോഗമാണെങ്കിലും ഗുരുതരമായാല്‍ സങ്കീര്‍ണതകളും വളരെ അപൂര്‍വമായി മരണവും സംഭവിക്കാം.