കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ഗുരുതരമാക്കുന്നതായി പഠനം

കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ഗുരുതരമാക്കുന്നതായി പഠനം

എന്തുകൊണ്ടാണ് ഡെങ്കിപ്പനി ഇപ്പോള്‍ വ്യാപകമാകുന്നതും കൂടുതല്‍ കേസുകളും ഗുരുതരമാകുതെന്നും മനസിലാക്കുന്നതിന് ഈ പഠനം നിർണായകമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം
Updated on
2 min read

കോവിഡ് മഹാമാരി ഡെങ്കിപ്പനി കൂടുതല്‍ ഗുരുതരമാക്കുന്നതായി പഠനം. കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വിഭാഗത്തിന് കീഴിലുള്ള ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ടി എച്ച് എസ് ടി ഐ) ശാസ്ത്രജ്ഞരുടെ വിശകലനത്തിലാണ് കണ്ടെത്തല്‍. “SARS-CoV-2 antibodies cross-react and enhance dengue infection” എന്ന തലക്കെട്ടോടെയാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ പഠനത്തിന്റെ വിശകലനം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍.

മനുഷ്യരില്‍ നിന്നുള്ള സ്വാഭാവിക അണുബാധയിൽ നിന്നുണ്ടാകുന്ന കോവിഡ് ആന്റിബോഡികൾ ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസുകളില്‍ ഒന്നായ ഡെന്‍വി-2 (DENV-2) - വുമായി ക്രോസ്-റിയാക്ടീവ് ആണെന്ന് പഠനത്തില്‍ കണ്ടത്തിയിട്ടുണ്ട്. ഇത് ഡെങ്കി അണുബാധ വർധിപ്പിക്കുന്നതിന് കാരണമാകുന്നു.

എന്തുകൊണ്ടാണ് ഡെങ്കിപ്പനി ഇപ്പോള്‍ വ്യാപകമാകുന്നതെന്നും കൂടുതല്‍ കേസുകളും ഗുരുതരമാകുന്നതെന്നും മനസിലാക്കുന്നതിന് ഈ പഠനം നിർണായകമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേർച്ചിലെ (ഐസിഎംആർ) പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാണിച്ചു. പുതിയ കണ്ടെത്തല്‍ സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഡെങ്കിപ്പനി വ്യാപകം

മഴക്കാലത്തിന് ശേഷം മാത്രം വ്യാപകമായി കണ്ടിരുന്ന ഡെങ്കിപ്പനി ഈ വർഷം എല്ലാ സമയത്തും റിപ്പോർട്ട് ചെയ്തിരുന്നു. ഈഡിസ് ഈജിപ്തി, ഈഡീസ് ആല്‍ബൊപിക്റ്റസ് എന്നീ കൊതുകുകളിലൂടെയാണ് രോഗം പകരുന്നത്. ഡെന്‍വി ഒന്ന് മുതല്‍ നാല് വരെയുള്ള ഡെങ്കു വൈറസുകളുടെ വകഭേദങ്ങളാണ് പനി ഗുരുതരമാകുന്നതിന് കാരണമാകുന്നത്.

പനി, തലവേദന, ഛർദ്ദി, പേശികളുടെ വേദന, ചൊറിച്ചില്‍ തുടങ്ങിയവയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗം ഗുരുതരമായിക്കഴിഞ്ഞാല്‍ രക്തസ്രാവമുണ്ടാകാനും രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയാനും സാധ്യതയുണ്ട്.

ഈ വർഷം സെപ്തംബർ 17 വരെ രാജ്യത്ത് 94,198 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 91 മരണവും സംഭവിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസിന്റെ രേഖകള്‍ പ്രകാരമുള്ള കണക്കുകളാണിത്. 2022ല്‍ 2.33 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 303 പേർക്കാണ് ജീവന്‍ നഷ്ടമായത്. 2021ല്‍ 1.93 ലക്ഷം കേസുകളും 346 മരണവും രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു.

ഡെങ്കിപ്പനിയുടെ വർധനവ് രാജ്യത്തിന് വെല്ലുവിളിയാണെന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കിരണ്‍ ജി ദേശീയ മാധ്യമമായ ദ പ്രിന്റിനോട് പ്രതികരിച്ചു. ആഗോള വ്യാപാരം, യാത്രകള്‍, നഗരവത്കരണം, കാലാവസ്ഥവ്യതിയാനം തുടങ്ങിയവയെല്ലാം ഡെങ്കിപ്പനിയെ ഒരു വാർഷിക പകർച്ചവ്യാധിയാക്കുന്നതില്‍ നിർണായ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും പുതിയ കണ്ടെത്തല്‍ മുന്നോട്ടുള്ള യാത്രയില്‍ സുപ്രധാനമാണെന്ന് കിരണ്‍ കൂട്ടിച്ചേർത്തു.

കൂടുതല്‍ പഠനങ്ങള്‍ ആവശ്യം

കോവിഡ്, ഡെങ്കിപ്പനി തുടങ്ങിയ വൈറല്‍ രോഗങ്ങളില്‍ കാണുന്ന പ്രതിഭാസമാണ് ആന്റിബോഡി ഡെപ്പെന്‍ഡെന്റ് എന്‍ഹാന്‍സ്മെന്റ് (എഡിഇ). ഇവിടെ ഒരു വൈറസിനെ ചെറുക്കുന്ന ആന്റിബോഡി മറ്റൊരു വൈറസ് വർധിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് അണുബാധ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നതായാണ് ഡോ കിരണ്‍ വിശദീകരിക്കുന്നത്.

"ഇത് സംഭവിക്കുന്നത് ആദ്യത്തെ വൈറസിന്റെ ആന്റിബോഡികൾ രണ്ടാമത്തെ വൈറസിനെ നിർവീര്യമാക്കുന്നതിനായി ഒത്തുചേരുന്നത് മൂലമാണ്. ഇതിലൂടെ രണ്ടാമത്തെ വൈറസ് കോശങ്ങളെ എളുപ്പം ബാധിക്കുകയും വൈറസിന്റെ എണ്ണം ഇരട്ടിപ്പിക്കുന്നതിലേക്കും നയിക്കും,'' ഡോ കിരണ്‍ പറയുന്നു. പുതിയ പഠനങ്ങള്‍ ഈ പ്രതിഭാസത്തെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ഡോ കിരണ്‍ വ്യക്തമാക്കി.

ഈ പ്രതിഭാസങ്ങള്‍ മനസിലാക്കുന്നതിനും പുതിയ ആരോഗ്യ നിർദേശങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നതിനും കൂടുതല്‍ പഠനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ഡോ കിരണ്‍ കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലത്തില്‍ രോഗങ്ങള്‍ പലതും ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡല്‍ഹി ഫോർട്ടിസ് ആശുപത്രിയിലെ പള്‍മനോളജി വിഭാഗം തലവനായ ഡോ വികാസ് മൗര്യ പറയുന്നത്.

''ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ മാത്രം ഇത് ഒതുങ്ങി നില്‍ക്കില്ല. മറ്റ് രോഗങ്ങളിലേക്കും അവയവങ്ങളിലേക്കും ഇത് വ്യാപിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കോവിഡും ഡെങ്കിപ്പനിയും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി ശാസ്ത്രീയ പദ്ധതികള്‍ ആരംഭിക്കേണ്ടതുണ്ട്,'' ഡോ വികാസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in