കോവിഡ് കേസുകൾ കൂടും; ബൂസ്റ്റർ ഡോസിൽ ചർച്ചകൾ തുടങ്ങണമെന്ന് വിദഗ്ധർ
അവധിക്കാലമായതോടെ രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. ഇന്നലെ മാത്രം 628 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. കൂടാതെ, റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 63 എണ്ണവും പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദം ജെഎൻ1 ആണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 128 കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്നാണ്.
രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള 4,054 കേസുകളിൽ 3128 കോവിസ് പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. രോഗബാധിതരിൽ ഭൂരിഭാഗവും വീട്ടിലിരുന്ന് ചികിത്സ തിരഞ്ഞെടുക്കുന്നതിനാൽ, രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് ആനുപാതികമല്ല, കേസുകളിൽ കൂടുതലും ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തത് ആശ്വാസകരമാണ്.
പുതിയ വകഭേദത്തിൽ ആശക വേണ്ട, മറിച്ച് മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പ്രായമായവരും കുട്ടികളും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരും കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് വർധിച്ചു വരുന്ന കേസുകളുടെ എണ്ണം പരിഗണിച്ച് ബൂസ്റ്റർ ഡോസ് എടുക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ തുടങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ശാസ്ത്ര സമൂഹം പുതിയ കോവിഡ് ഉപവകഭേദത്തെ സൂക്ഷ്മമായി അന്വേഷിക്കുകയാണെന്നും സംസ്ഥാനങ്ങള്‍ പരിശോധന വേഗത്തിലാക്കുകയും അവരുടെ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ നിര്‍ദേശിച്ചു.
ദേശീയ തലസ്ഥാനത്ത് ഓരോ ദിവസവും ശരാശരി മൂന്ന് മുതല്‍ നാല് വരെ കോവിഡ് കേസുകള്‍ കാണുന്നുണ്ടെന്നും വൈറസ് പുനരുജ്ജീവനത്തിനെതിരെ പോരാടാന്‍ നഗരം സുസജ്ജമാണെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.