കോവിഡ് വാക്സിന്‍ ക്യാന്‍സർ ചികിത്സക്ക് ഗുണമാകുമെന്ന് പഠനം

കോവിഡ് വാക്സിന്‍ ക്യാന്‍സർ ചികിത്സക്ക് ഗുണമാകുമെന്ന് പഠനം

തൊണ്ടയെ ബാധിക്കുന്ന 'നാസോഫാരിഞ്ചിയല്‍ ക്യാൻസറി'ന്റെ ചികിത്സക്ക് വാക്സിന്‍ ഫലപ്രദമാണെന്നാണ് കണ്ടത്തല്‍
Updated on
1 min read

കോവിഡ് പ്രതിരോധ വാക്സിന്‍ ക്യാന്‍സർ രോഗികള്‍ക്ക് ആശ്വാസമാകുമെന്ന് കണ്ടെത്തല്‍. ക്യാന്‍സർ ചികിത്സയുടെ ഫലപ്രാപ്തിക്ക് വാക്സിന്‍ സഹായകമാണെന്ന് ഗവേഷകർ പറയുന്നു. ജര്‍മനിയിലെ ബോന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്. തൊണ്ടയെ ബാധിക്കുന്ന 'നാസോഫാരിഞ്ചിയല്‍ ക്യാൻസറി'ന്റെ ചികിത്സക്ക് വാക്സിന്‍ ഫലപ്രദമാണെന്നാണ് കണ്ടത്തല്‍.

പല ക്യാന്‍സര്‍ കോശങ്ങള്‍ക്കും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ മറികടക്കാനും, അതിനെ അതിജീവിക്കാനുമുള്ള കഴിവുണ്ട്. ഇത് നേരിടാനാണ് മരുന്നുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്തരത്തില്‍ 'നാസോഫാരിഞ്ചിയല്‍ ക്യാന്‍സറി'നെതിരെ ഫലപ്രദമായ രീതിയില്‍ മരുന്നുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കഴിവ് കോവിഡ് വാക്സിനുണ്ടെന്ന് പഠനം പറയുന്നു.

23 ആശുപത്രികളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം രോഗികളുടെ കേസ് വിശദാംശങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. ഇവരില്‍ മുന്നൂറിലധികം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും, ചൈനയില്‍ ഉപയോഗിച്ചുവരുന്ന സിനോവാക് വാക്‌സിന്‍ ആണെടുത്തിരുന്നതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാക്സിനെടുത്ത രോഗികള്‍ക്ക് വാസ്കിനെടുക്കാത്തവരേക്കാള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്നും പഠനം പറയുന്നു.

കോവിഡിനെതിരെ ഓരോ രാജ്യങ്ങളും ഉപയോഗിച്ചുവരുന്ന വാക്‌സിനുകള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ്, പാര്‍ശ്വഫലങ്ങള്‍ എന്നിവയും വ്യത്യസ്തമാണ്. വൈറസിന്‍റെ പ്രാരംഭ കാലത്ത് വാക്സിന്‍ വേണ്ട രീതിയില്‍ ലഭ്യമായിരുന്നില്ലെങ്കിലും, ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് വാക്‌സിന്‍ ലഭിച്ചുതുടങ്ങിയതോടെ രോഗപ്രതിരോധം ശക്തമായെന്നാണ് വിലയിരുത്തല്‍. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായതും, മരണങ്ങള്‍ റിപ്പോർട്ട് ചെയ്തതും ആശങ്കയ്ക്കിടയാക്കിയിരുന്നു. എന്നാല്‍, രോഗ തീവ്രത കുറയ്ക്കുന്നതിന് വാക്‌സിന്‍ ചെലുത്തിയ സ്വാധീനം ചെറുതല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in