വയറുവേദനയില്‍ തുടങ്ങി വൃക്ക പരാജയത്തിലേക്കു നയിക്കുന്ന ഇ-കോളി ബാക്ടീരിയ; കാരണം അറിഞ്ഞ് ഒഴിവാക്കാം രോഗത്തെ
യുകെയെ ഭീതിയിലാഴ്ത്തി ഇ-കോളി ബാക്ടീരിയ. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ഇ-കോളി ബാക്ടീരിയ അണുബാധ കാരണം യുകെയിലെ മൂന്ന് വിതരണക്കാര്‍ സാന്‍ഡ് വിച്ചും സാലഡും ഉള്‍പ്പെടെ 60 തരം ഭക്ഷണവസ്തുക്കളാണ് തിരിച്ചുവിളിച്ചത്. ബിബിസി പറയുന്നതനുസരിച്ച് കഴിഞ്ഞ ആഴ്ചകള്‍ക്കുള്ളില്‍ 200 -ല്‍ അധികം ആളുകള്‍ക്ക് ഇ-കോളി അണുബാധ ബാധിച്ചിട്ടുണ്ട്. ജൂണ്‍ 11 വരെയുള്ള കണക്കുകള്‍ പ്രകാരം 42 ശതമാനം പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
എന്താണ് ഇ- കോളി അണുബാധ?
മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ സാധാരണയായി കാണപ്പെടുന്ന ഒരുതരം ബാക്ടീരിയ ആയ എസ്‌ചെറിഷ്യ കോളി കാരണമാണ് ഇ-കോളി അണുബാധ ഉണ്ടാകുന്നത്. ഇ-കോളിയുടെ ഭൂരിഭാഗം ഇനങ്ങളും നിരുപദ്രകരമാണെങ്കിലും ചില ഇ-കോളി ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകും.
മലിനമായ ഭക്ഷണമോ വെള്ളമോ ഉപയോഗിക്കുന്നതിലൂടെ അണുബാധ ഉണ്ടാകാറുണ്ട്. വേവിക്കാത്ത മാംസം, പച്ച പാല്‍, മലിനമായ വെള്ളം ഉപയോഗിച്ചുണ്ടാകുന്ന ജ്യൂസ് എന്നിവ രോഗകാരണമാകുന്നവയാണ്.
എസ്‌ചെറിഷ്യ കോളി ഉല്‍പാദിപ്പിക്കുന്ന ഇ- കോളി STEC O145 എന്ന ഷിഗ ടോക്‌സിന്‍ ഒരു രോഗകാരിയാണ്. വയറുവേദന, വയറിളക്കം, ഛര്‍ദി എന്നിവയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടൊപ്പം ഇത് ഗുരുതരമായ ഭക്ഷ്യജന്യ രോഗത്തിന് കാരണമാകും. സാധാരണയുള്ള ഇ-കോളി O157-ല്‍നിന്ന് വ്യത്യസ്തമായി STEC O145 സാധാരണമല്ലെങ്കിലും അപകടകാരിയാണ്. മലിനമായ ഭക്ഷണം, വെള്ളം, വേവിക്കാത്ത മാംസം എന്നിവയിലൂടെയാണ് ഇത് ശരീരത്തിനുള്ളിലെത്തുന്നത്. രോഗം ഗുരുതരമാകുന്നത് ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോമിലേക്ക് നയിക്കുകയും ഇത് വൃക്ക പരാജയത്തിലേക്ക് എത്തുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
രോഗാണു ഉള്ളില്‍ പ്രവേശിച്ച് മൂന്നോ നാലോ ദവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. വയറുവേദന, വയറിളക്കം, ഛര്‍ദി എന്നിവയ്ക്കു പുറമേ ചിലരില്‍ ചെറിയ രീതിയില്‍ പനിയും ഉണ്ടാകും. കുട്ടികളിലും പ്രായമായവരിലുമാണ് ഇ-കോളി ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോമിലേക്കും വൃക്ക പരാജയത്തിലേക്കും നയിക്കുന്നത്.
മല പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതും വിശ്രമവുമാണ് ചികിത്സയുടെ ഭാഗമായി നിര്‍ദേശിക്കുന്നത്. സങ്കീര്‍ണതയ്ക്കുള്ള സാധ്യത കൂട്ടുമെന്നതിനാല്‍ ആന്‌റിബയോട്ടിക്കുകള്‍ സാധാരണയായി നിര്‍ദേശിക്കാറില്ല.
മാംസം നന്നായി പാകം ചെയ്ത് കഴിക്കുക, കൃത്യമായി ശുദ്ധീകരിക്കാത്ത വസ്തുക്കള്‍ ഒഴിവാക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുക എന്നിവയിലൂടെ രോഗം പ്രതിരോധിക്കാനാകും. ഹാനികരമായ ബാക്ടീരിയകളുടെ വ്യാപനം തടയുന്നതില്‍ ഭക്ഷ്യസുരക്ഷയുടെയും ശുചിത്വരീതികളുടെയും പ്രാധാന്യം ഇ-കോളി ബാക്ടീരിയകള്‍ എടുത്തുകാട്ടുന്നു.