ഭൂഗര്‍ഭ ജലത്തില്‍ ആര്‍സെനിക് സാന്നിധ്യം കൂടുന്നു; ചെറിയ അളവ് പോലും തലച്ചോറിന്റെ പ്രവർത്തനത്തിന് ഭീഷണി
രാജ്യത്ത് ഭൂഗര്‍ഭ ജലത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പഠനം. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന ആർസെനിക്ക് മൂലകത്തിന്റെ സാന്നിധ്യം ഭൂഗര്‍ഭ ജലത്തില്‍ വ്യാപകമാകുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. കുറഞ്ഞ അളവിലുള്ള ആർസെനിക് സാന്നിധ്യം പോലും മനുഷ്യന്റെ ചിന്താശേഷിയടക്കമുള്ള ബൗദ്ധിക പ്രവർത്തനങ്ങളെ (Cognitive Function ) തകരാറിലാക്കുന്നുവെന്ന് പുതിയ പഠനം.
പാരിസ്ഥിതികവും ജൈവശാസ്ത്രപരവുമായ ഘടകങ്ങൾ യുവാക്കളുടെ നാഡീ, വൈജ്ഞാനിക വികാസത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നത്. ആർസെനിക് മൂലകങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് മനുഷ്യ മസ്തിഷ്‌കത്തിലെ ഗ്രേമാറ്ററിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
ഏകാഗ്രത, ഒന്നില്‍ കൂടുതല്‍ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ, വിവരങ്ങളുടെ താൽക്കാലിക സംഭരണം എന്നിവ സാധ്യമാക്കുന്ന മസ്തിഷ്കത്തിന്റെ പ്രധാന ഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ രംഗത്തെ് വിദ്യാർഥികൾക്ക് മികവ് നഷ്ടപ്പെടുക, സാമ്പത്തിക ഉത്പാദനക്ഷമത കുറയുക, കുറ്റകൃത്യങ്ങളുടെയും സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങള്‍ കൂടുക എന്നിവ കോഗ്നിറ്റീവ് ഫങ്ഷന്റെ പ്രവർത്തന ക്ഷമതയില്ലാതാവുന്നതിന്റെ ലക്ഷണങ്ങളാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഒരു നിശബ്ദ പകർച്ച വ്യാധി എന്നാണ് ആർസെനിക്ക് എക്സ്പോഷറിനെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ആഗോള ജനസംഖ്യയെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും പിയർ റിവ്യൂഡ് ജേണലായ ജമാ നെറ്റ്‌വർക്ക് ഓപ്പണിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആർസെനിക് എക്സ്പോഷർ അളക്കാനായി ഇന്ത്യയിലെ അഞ്ച് പ്രദേശങ്ങളിൽ നിന്നുള്ള 1,014 പേരുടെ മൂത്ര സാമ്പിളുകളും കോഗ്നിറ്റീവ് ഫംഗ്ഷൻ വിലയിരുത്തുന്നതിന് തലച്ചോറിന്റെ സ്കാന്‍ റിപ്പോര്‍ട്ടുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്ത്യയിൽ ദരിദ്ര വിഭാഗത്തേയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജലത്തിൽ ആർസെനികിന്റെ സാന്നിധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള മുൻ പഠനങ്ങളും സൂചിപ്പിക്കുന്നത് ബാധിതരില്‍ ഏറെയും ദരിദ്രരാണ് എന്നാണ്.
ഭൂഗർഭജലത്തിലൂടെ ഭക്ഷണത്തിലെത്തുന്ന ആർസെനിക്കിന്റെ സാന്നിധ്യമാണ് ഇന്ത്യയുടെ പലപ്രദേശങ്ങളിലും വ്യാപിച്ചിരിക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ബിഹാറിൽ 18 ജില്ലകളിലെ ഭൂഗർഭ ജല സ്രോതസുകളിലും ഇത്തരത്തിൽ ആർസെനിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ്, അസം, മണിപ്പൂർ എന്നീ പ്രദേശങ്ങളിലെ ഭൂഗർഭ ജലത്തിലും ആര്‍സെനിക് സാന്നിധ്യം കണ്ടെത്തി
അതേസമയം, മലിനീകരണം പരിഹരിക്കാൻ പല സംസ്ഥാനങ്ങളും നേരത്തെ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. തൊണ്ണൂറുകളുടെ തുടക്കം മുതൽ, ബീഹാറിലെയും പശ്ചിമ ബംഗാളിലെയും സർക്കാരുകൾ ആർസെനിക് മലിനീകരണം പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഭൂഗർഭ ജലം വേർതിരിച്ചെടുക്കുന്നതിനുപകരം പൈപ്പ് വഴിയുള്ള ജല ഉപഭോഗം പ്രോത്സാഹിപ്പിക്കുക, ആർസെനിക് നീക്കം ചെയ്യാനുള്ള പ്ലാന്റുകൾ സ്ഥാപിക്കുക, ഭൂഗർഭ ജലം വേർതിരിച്ചെടുക്കുന്നത് അനിവാര്യമാണെങ്കിൽ - ആഴം കുറഞ്ഞ ജലസംഭരണികൾക്ക് പകരം 100 മീറ്ററിൽ കൂടുതൽ ആഴമുള്ള ജലാശയങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുക എന്നതൊക്കെയാണ് പൊതുവേ സ്വീകരിച്ചു വരുന്ന പോംവഴികള്‍. ഭക്ഷണത്തിലൂടെയല്ലാതെ, വായുവിലൂടെ ആഴ്സെനിക് ശരീരത്തിലെത്തുന്ന സാഹചര്യത്തില്‍ ഏത് തരത്തില്‍ ബാധിക്കുന്നു എന്നത് പരിശോധിച്ച് വരികയാണെന്നും ഗവേഷകര്‍ പറഞ്ഞു