ഓരോ 3 സെക്കന്‍ഡിലും ഒരു പുതിയ ഡിമെന്‍ഷ്യ ബാധിതനുണ്ടാകുന്നു ; ആദ്യഘട്ട ലക്ഷണങ്ങള്‍ തിരിച്ചറിയുക
നമ്മുടെ തലച്ചോറിനെ ബാധിക്കുന്ന ഒരു കൂട്ടം അസുഖങ്ങളെ ഒന്നിച്ച് പറയുന്ന പേരാണ് ഡിമെന്‍ഷ്യ. ഓര്‍മ്മകള്‍, ചിന്തിച്ചു പ്രവര്‍ത്തിക്കാനുള്ള കഴിവ്, സ്വഭാവം എന്നിവയെ ബാധിക്കുന്ന ഒരു കൂട്ടം അസുഖങ്ങളാണവ. മറവി മൂലം ജോലിയിലോ, ദൈനംദിന ജീവിതത്തിലോ പ്രശ്‌നങ്ങള്‍ ഉണ്ടാവുക, സുപരിചിതമായ ജോലികള്‍ ബുദ്ധിമുട്ടുള്ളതാവുക, ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, കാര്യകാരണ സഹിതം ചിന്തിക്കാനുള്ള ബുദ്ധിമുട്ട്, സാഹചര്യത്തിനൊത്തവണ്ണം തീരുമാനമെടുക്കുവാനും പ്രവർത്തിക്കാനുമുള്ള ബുദ്ധിമുട്ട്, ഇപ്പോഴത്തെ കാര്യങ്ങള്‍ മറക്കുകയും, പഴയ കാര്യങ്ങള്‍ വ്യക്തമായി ഓര്‍ക്കുകയും സംസാരിക്കുകയും ചെയ്യുക, വികാരപ്രകടനത്തിലുള്ള മാറ്റം, സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാകുന്ന മാറ്റം, സ്വമേധയാ പ്രവർത്തിക്കുവാനുള്ള ബുദ്ധിമുട്ട്, പൊതുചടങ്ങുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള ഉള്‍വലിയല്‍ എന്നിവയെല്ലാം ഡിമെന്‍ഷ്യയുടെ ആദ്യഘട്ട ലക്ഷണങ്ങളാണ്. നിലവില്‍ ഡിമെന്‍ഷ്യ എന്ന അവസ്ഥയെ ചികിത്സിച്ചു ഭേദമാക്കുവാന്‍ സാധ്യമല്ല, പക്ഷേ ഡിമെന്‍ഷ്യ എന്ന അവസ്ഥയെ പെട്ടെന്ന് തന്നെ മൂര്‍ച്ഛിക്കാതെ നോക്കുവാനും, പരിചാരകര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കാനും ഇന്ന് സംവിധാനങ്ങളുണ്ട്.
അല്‍ഷൈമേഴ്‌സ് ഡിസീസ് ഇന്റെര്‍നാഷണല്‍ (എഡിഐ)യുടെ റിപ്പോർട്ടനുസരിച്ച് എല്ലാ 3 സെക്കന്‍ഡിലും ഒരു പുതിയ ഡിമെന്‍ഷ്യ ബാധിതന്‍ ഉണ്ടാകുന്നു. നിലവില്‍ 55 മില്ല്യണ്‍ ഡിമെന്‍ഷ്യ ബാധിതരാണുള്ളത്, 2050 ആകുമ്പോഴേക്കും 139 മില്ല്യണ്‍ ഡിമെന്‍ഷ്യ ബാധിതര്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 6 മില്ല്യണ്‍ (2022) രോഗികളാണ് ഇന്ത്യയിലുള്ളത്.ഇതില്‍ 2.16 മില്ല്യണ്‍ (2021) രോഗികള്‍ കേരളത്തിലാണ്.
ഡിമെന്‍ഷ്യ രോഗബാധിതരില്‍ 60% ത്തോളം വികസ്വര രാജ്യങ്ങളിലാണുള്ളത്. പക്ഷേ ഇന്ത്യയില്‍ പത്ത് ശതമാനം ആളുകളില്‍ കൂടുതല്‍ രോഗനിര്‍ണ്ണയം നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പൊതു സമൂഹത്തിന് ഡിമെന്‍ഷ്യ എന്ന അവസ്ഥയെ കുറിച്ചുള്ള അറിവില്ലായ്മയും, മിഥ്യാധാരണയും നിലനില്‍ക്കുന്നതുമൂലം ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥയെ മുന്‍കൂട്ടി തിരിച്ചറിയുന്നതും ചികിത്സ നേടുന്നതും രോഗാവസ്ഥ മൂര്‍ച്ഛിച്ച ശേഷമായിരിക്കും. ഈ വര്‍ഷത്തെ സെപ്തംബര്‍ 2022 ലോക അല്‍ഷൈമേഴ്‌സ് ദിന സന്ദേശമായി പ്രചരിപ്പിക്കുന്നത് ''ഡിമെന്‍ഷ്യയെ കുറിച്ച് മനസിലാക്കുക, അല്‍ഷൈമേഴ്‌സിനെ കുറിച്ച് മനസിലാക്കുക 'എന്നതാണ്. ഈ രോഗാവസ്ഥയെപ്പറ്റിയുള്ള അറിവും പരിശീലനവും മെച്ചപ്പെടുത്തി സമൂഹത്തില്‍ ഡിമെന്‍ഷ്യ ബാധിച്ചവരെ നേരത്തെ തിരിച്ചറിയുക എന്നത് ഒരു പ്രധാനപ്പെട്ട ഘടകമാണ്. അതിനായി സര്‍ക്കാരും സംഘടനകളും, ജനങ്ങളും ഈ മേഖലയില്‍ പുതിയ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്.
ഡിമെന്‍ഷ്യ വരുന്നതിനുള്ള കാരണങ്ങള്‍:-
അമിതവണ്ണം, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍, പുകവലി, മദ്യപാനം, പക്ഷാഘാതം, തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതം, വ്യായാമം ഇല്ലായ്മ, പാരമ്പര്യം, 65 വയസ്സു കഴിഞ്ഞവരില്‍ വിറ്റാമിന്‍ ബി1, 12 എന്നിവയുടെ കുറവ്, തൈറോയ്ഡ് ഹോര്‍മോണിന്റെ അഭാവം എന്നിവയെല്ലാം ഡിമെന്‍ഷ്യ വരുന്നതിനുള്ള കാരണങ്ങള്‍ ആണ്. എം.എം.എസ്, ഇ. പരിശോധന, എം.ആര്‍.ഐ അല്ലെങ്കില്‍ സി.ടി. സ്‌കാന്‍, വിറ്റാമിന്‍ ബി12 /തൈറോയ്ഡ് ഹോര്‍മോണ്‍ പരിശോധന എന്നിവയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്
ഡിമെന്‍ഷ്യ രോഗബാധിതരെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം
രോഗിയുടെ ദേഷ്യം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ വേണം
മനസ്സില്‍ ആശങ്കകള്‍ ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക
ദേഷ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍, തിരിച്ച് ദേഷ്യപ്പെടാതെ ശ്രദ്ധ തിരിച്ച് വിടുക
ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ നിര്‍ബന്ധിക്കാതിരിക്കുക
ദേഷ്യപ്പെടുന്നതിന്റെ കാരണം മുന്‍കൂട്ടി മനസ്സിലാക്കി അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക
മുറികളില്‍ പൂട്ടിയിടുകയോ, കസേരയില്‍ കെട്ടിയിടുകയോ, ചുറ്റുപാടുകള്‍ മാറ്റുകയോ ചെയ്യാതിരിക്കുക
ശരീരത്തിലുണ്ടാവുന്ന മറ്റ് അസുഖങ്ങളും ചില സമയങ്ങളിലെ ദേഷ്യത്തിന് കാരണമാവും.
സംസാരിക്കുബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കണ്ണുകളിലേക്ക് നോക്കി സ്‌നേഹത്തോടെ, സൗമ്യമായി, വ്യക്തതയോടെ, ആംഗ്യഭാഷകള്‍ ഉപയോഗിച്ച് സംസാരിക്കുക, തമാശകള്‍ പറയുക.
അവരുടെ സാന്നിധ്യത്തില്‍ രോഗകാര്യങ്ങള്‍ സംസാരിക്കാതിരിക്കുക, സന്ദര്‍ശകരോട് രോഗബാധിതനെ കുറിച്ച് മുന്‍കൂട്ടി അറിയിക്കുക.
അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുക. പറയുന്ന കാര്യങ്ങള്‍ക്കു തര്‍ക്കിച്ചുനില്‍ക്കാതെ അവര്‍ പറഞ്ഞ കാര്യം ശരിയാണെന്ന് സമ്മതിക്കുക.
വാക്കുകള്‍ മറന്നുപോവുമ്പോള്‍ പറഞ്ഞുകൊടുക്കുക, ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുക. ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പുഞ്ചിരിച്ച് ഉത്തരം നല്‍കുക (മറ്റു പ്രവൃത്തികളില്‍ ഏര്‍പ്പെടുത്തി ശ്രദ്ധ തിരിച്ച് വിടുക).
പുറകില്‍ നിന്ന് വിളിക്കാതെ അടുത്തുചെന്ന് സംസാരിക്കുക. വ്യക്തതയോടെ സംസാരിക്കുക, നോ പറയാതിരിക്കുക,
പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അവരുടെ കഴിവിനനുസരിച്ചും, താത്പര്യമുള്ളതുമായ പ്രവൃത്തികളില്‍ പങ്കെടുപ്പിക്കുക, കൈ അടിച്ച് പ്രോത്‌സാഹനം നല്‍കുക
അപകടപരമായ സാധനങ്ങള്‍ അവര്‍ ഇടപഴകുന്ന സ്ഥലങ്ങളില്‍ നിന്നും മാറ്റുള്‍ക
വീട്ടില്‍ നിന്ന് ഇറങ്ങിപോവുന്ന അവസരത്തില്‍ (അതിനുള്ള കാരണം മനസ്സിലാക്കുക) മറ്റു പ്രവൃത്തികളില്‍ ഏര്‍പ്പെടുത്തി ശ്രദ്ധ തിരിച്ച് വിടുക.
ലഘുവ്യായാമങ്ങള്‍, വിനോദങ്ങള്‍, പാട്ടുകള്‍, ചിത്രരചന, കളറിംഗ്, എഴുത്ത് , ഗാര്‍ഡനിംഗ് പോലുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ പ്രോത്‌സാഹിപ്പിക്കുക.
ഒരു സമയം ഒരു കാര്യം മാത്രം ചെയ്യാന്‍ ആവശ്യപ്പെടുക,
കഥ/പത്രം വായിപ്പിക്കുകയോ, വായിച്ച് കൊടുക്കുകയോ ചെയ്യുക.
ടൈംടേബിള്‍ പ്രകാരം ചിട്ടപ്പെടുത്തിയുള്ള പ്രവൃത്തികള്‍ ചെയ്യിപ്പിക്കുക
വ്യക്തിശുചിത്വത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെള്ളം കൊടുക്കുന്നത് ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് മാത്രം.
ഉറങ്ങുന്നതിനു മുന്‍പ് മൂത്രമൊഴിപ്പിക്കുക,
ചെവികളിലെ അഴുക്കുകള്‍ നീക്കം ചെയ്യുക.
ലളിതമായ വസ്ത്രം ധരിപ്പിക്കുക.
നഖം, പാദം, വായ എന്നിവ ശുചിയാക്കുക.
സ്വകാര്യ ഭാഗങ്ങള്‍ ശുചിയാക്കുക.
ധരിക്കാന്‍ അയവുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക.
മറവിരോഗ ബാധിതരെ ഭക്ഷണം കഴിപ്പിക്കുവാനുള്ള വഴികള്‍
അവരുടെ ഇഷ്ടപ്പെട്ട ഭക്ഷണം ഏതെന്ന് മനസ്സിലാക്കുക
രുചിപ്പിച്ചോ, മണപ്പിച്ചോ അവരെ ഭക്ഷണം കഴിപ്പിക്കുന്നതിനായി പ്രേരിപ്പിക്കുക
സ്‌നേഹത്തോടെയുള്ള സംസാരം, ശാന്തമായ അന്തരീക്ഷം എന്നിവ ഭക്ഷണം കഴിക്കുന്നതിന് അനുകൂല ഘടകമാണ്
ഡൈനിംഗ് ഹാളില്‍ കഴിക്കുന്നതാണോ , വീടിനു പുറത്തോ, ഒരുമിച്ചിരുന്നോ കഴിക്കുന്നതിലാണോ താത്പര്യം എന്ന് മനസ്സിലാക്കുക
ഭക്ഷണം കഴിക്കുന്നതിന് വിവിധ നിറങ്ങളുള്ള പ്ലേറ്റ് ഉപയോഗിക്കാം, പ്ലേറ്റിലെ ഭക്ഷണത്തില്‍ കൈ വെപ്പിക്കാം, ചെറിയ ഉരുളകളുണ്ടാക്കി കൈപ്പത്തിയില്‍ വച്ച് കൊടുക്കാം, സ്പൂണ്‍ നല്‍കാം.
ഭക്ഷണം നല്‍കുന്നതിന് കൃത്യമായ സമയക്രമം പാലിക്കുക.
ഭക്ഷണം കഴിക്കുന്നതിനായി ആവശ്യത്തിന് സമയം നല്‍കുക, ഒരിക്കലും ധൃതി പിടിക്കരുത്
ഭക്ഷണം സ്വയം കഴിക്കാന്‍ പ്രോത്‌സാഹിപ്പിക്കുക.
ഭക്ഷണം ഇറക്കാാന്‍ മറന്നുപോവുന്നവരുടെ മുന്‍പില്‍ ഇരുന്ന് പരിചാരകര്‍ ഭക്ഷണം ഇറക്കുന്നതെങ്ങിനെ എന്ന് കാണിച്ചുകൊടുക്കുകയോ, പറയുകയോ ചെയ്യുക.
ഭക്ഷണം കഴിക്കുവാന്‍ കഴിയാത്തവര്‍ക്ക് ഭക്ഷണം ഉടച്ചു കൊടുക്കുകയോ, ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം റൈല്‍സ് ട്യൂബ് ഇടുകയോ ചെയ്യേണ്ടതാണ്.
വീടുകള്‍ മറവിരോഗ ബാധിതര്‍ക്കായി ക്രമീകരിക്കുക
വീടുകളില്‍ ഹോം കെയര്‍ തെറാപ്പി/ഹൈജീന്‍ കിറ്റുകള്‍ തയ്യാറാക്കുക.
പരിചാരകര്‍ രണ്ടോ മൂന്നോ പേര്‍ ഉണ്ടാവണം.
പരിചരിക്കുന്നതിനായി ടൈം ടേബിള്‍ ഉണ്ടായിരിക്കണം.
വീടുകളിലെ വാതിലില്‍ ചിഹ്‌നങ്ങള്‍ (ബാത് റൂം, ഡൈനിംഗ് ടേബിള്‍, കിച്ചണ്‍) പതിപ്പിക്കുന്നതുമൂലം അവര്‍ക്കുണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് സഹായിക്കും.
വീടുകളില്‍ ആവശ്യത്തിന് വെളിച്ചം ഉണ്ടാവേണ്ടതാണ്.
വീടുകള്‍ മാറി മാറി നിര്‍ത്തുന്നത് രോഗബാധിതന്റെ സ്വഭാവത്തിലും, പെരുമാറ്റത്തിലും വലിയമാറ്റങ്ങള്‍ വരുത്തും, അതിനാല്‍ കഴിവതും ഒരു വീട്ടില്‍ തന്നെ നിര്‍ത്തേണ്ടതാണ്.
പരിചാരകര്‍ ശ്രദ്ധിക്കേണ്ടത്
ഡിമെന്‍ഷ്യ ബാധിതരുടെ തലച്ചോറായിട്ടാണ് ഒരു പരിചാരകന്‍ പ്രവര്‍ത്തിക്കേണ്ടത്.
മറവിരോഗത്തെ കുറിച്ച് പൂര്‍ണ്ണമായും പരിചാരകന്‍ മനസ്സിലാക്കേണ്ടതാണ്.
അവരുടെ രോഗാവസ്ഥയിലുള്ള മാറ്റം മനസ്സിലാക്കി ഡോക്ടറുടെ നിര്‍ദ്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക. സ്വയം ചികിത്സ അരുത്.
ഡിമെന്‍ഷ്യ ബാധിതരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയുവാന്‍ ശ്രമിക്കണം.
ഡിമെന്‍ഷ്യ ബാധിതരുടെ കുടുംബപരിചാരകര്‍ ആവശ്യമായ വിശ്രമം എടുക്കേണ്ടതാണ്, കൂട്ടായ്മകളില്‍, വിനോദങ്ങളില്‍ ഏര്‍പ്പെടുക.
ആവശ്യമെങ്കില്‍ കുടുംബപരിചാരകര്‍ കൗണ്‍സലിംഗിന് വിധേയരാവണം.
അണുകുടുംബ വ്യവസ്ഥയില്‍ പലപ്പോഴും ഒരാള്‍ മാത്രമാണ് പരിചാരകരായി ഉണ്ടാവുന്നത്, ഡിമെന്‍ഷ്യ എന്ന അവസ്ഥ ബാധിക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ല അവരുടെ കുടുംബങ്ങളെ കൂടിയാണ്, കാരണം സാമ്പത്തികമായും, സാമൂഹികമായും, മാനസികമായും ആ കുടുംബം താഴേക്ക് പോകുന്നു. പരിശീലനം ലഭിച്ച പരിചാരകരുടെ അഭാവം ഉള്ളതിനാല്‍ കുടുംബപരിചാരകന്‍ തന്നെ ഡിമന്‍ഷ്യ ബാധിച്ച വ്യക്തിയെ പരിചരിക്കുന്ന അവസ്ഥയുണ്ടാകുന്നു, അതിനുമാത്രമായി ഒരാളുടെ സമയം മുഴുവന്‍ നീക്കിവെക്കേണ്ടി വരുന്നു, കുടുംബങ്ങളില്‍ നടക്കുന്ന ചടങ്ങുകളിലോ, പൊതു ആഘോഷങ്ങളിലോ പങ്കെടുക്കുവാനോ പരിചാരകന് പറ്റാറില്ല, വര്‍ഷങ്ങളോളം ഈ ഒരവസ്ഥ തുടരേണ്ടി വരുന്നതു മൂലം ഇവര്‍ മാനസികമായി തളരുന്നു.
മറവി രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് വളരെ മുന്‍പേ തന്നെ രോഗവുമായി ബന്ധപ്പെട്ട വ്യതിയാനങ്ങള്‍ ഒരാളുടെ തലച്ചോറില്‍ ആരംഭിക്കുന്നു. അതിനാല്‍ ചിട്ടയായ ജീവിത ക്രമവും, ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങളും മദ്ധ്യവയസ്സില്‍ തന്നെ തുടങ്ങേണ്ടതാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ നിയന്ത്രിക്കുക, ഭക്ഷണത്തില്‍ കൊഴുപ്പ്, പുകവലി, ലഹരിമരുന്ന്, മദ്യം തുടങ്ങിയവ ഒഴിവാക്കുക. മസ്തിഷ്‌കത്തിന് ക്ഷതമേല്‍ക്കാത്തവിധം അപകടങ്ങളില്‍ നിന്ന് മുന്‍കരുതല്‍ എടുക്കുക. മാനസിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. സാമൂഹ്യവും മാനസികവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയൊക്കെയാണ് ഡിമെന്‍ഷ്യയെ പ്രതിരോധിക്കാന്‍ നമുക്ക് ചെയ്യാവുന്ന നടപടികള്‍.
കേരള സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിമെന്‍ഷ്യ
ഡിമെന്‍ഷ്യ ബാധിതരെ പരിപാലിക്കുന്നതിനും, സമൂഹത്തില്‍ ഈ വിഷയത്തിനുവേണ്ട ബോധവത്കരണം നടത്തുന്നതിനും തികച്ചും സൗജന്യമായി കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിമെന്‍ഷ്യയുടെ സ്മൃതിപഥം. ഈ പദ്ധതി സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടു കൂടി എ.ആര്‍.ഡി.എസ്.ഐ. ആണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ കീഴില്‍ എറണാകുളം ജില്ലയില്‍ ഒരു മുഴുവന്‍ സമയ ഡിമന്‍ഷ്യ പരിചരണ കേന്ദ്രവും, തൃശ്ശൂര്‍ ജില്ലയില്‍ ഒരു ഡിമന്‍ഷ്യ പകല്‍ പരിചരണ കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നു.