ഇന്ന് ലോക റാബിസ് ദിനം; പേടിക്കണം പേവിഷബാധയെ
ഇന്ന് സെപ്തംബര്‍ 28, ലോക റാബിസ് ദിനം . മഹാനായ ശാസ്ത്രജ്ഞന്‍ ലൂയി പാസ്റ്ററുടെ ചരമ ദിനമാണ് ലോക റാബിസ് ദിനമായി ആചരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ലൂയി പാസ്റ്റര്‍. ഒരേ സമയം രസതന്ത്രത്തിലും മൈക്രോ ബയോളജിയിലും പ്രാഗല്‍ഭ്യം തെളിയിച്ചു അദ്ദേഹം. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത സൂക്ഷ്മ ജീവികളാണ് പകര്‍ച്ച വ്യാധികള്‍ക്ക് കാരണമെന്ന ചരിത്രപരമായ കണ്ടു പിടുത്തം നടത്തിയത് അദ്ദേഹമാണ്. പേവിഷ ബാധയ്ക്കും ആന്ത്രാക്‌സിനുമുള്ള ആദ്യ പ്രതിരോധ മരുന്നു കണ്ടു പിടിച്ചതും സൂക്ഷ്മ രോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യകണ്ടുപിടിച്ചതും പാസ്റ്റര്‍ തന്നെ. പേവിഷ ബാധയേറ്റ നായയുടെ തലച്ചോറില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ദ്രാവകമാണ് പ്രതിരോധത്തിനായി അദ്ദേഹം ഉപയോഗിച്ചത്.
വീണ്ടുമൊരു ലോക റാബിസ് ദിനം കടന്നുവരുമ്പോള്‍ കേരളത്തിലെ പ്രധാന വാര്‍ത്തകളില്‍ ഒന്ന് തെരുവ് നായ ആക്രമണവും, പേ വിഷബാധയെ തുടര്‍ന്നുള്ള മരണങ്ങളുമാണ്.
എന്താണ് റാബിസ് വൈറസ് ?
ബുള്ളറ്റ് ആകൃതിയിലുള്ള വൈറസാണ് റാബിസ്. രോഗം ബാധിച്ചാല്‍ മരണം ഉറപ്പുള്ള പേവിഷബാധക്കു കാരണം ഈ വൈറസാണ്. മനുഷ്യരില്‍ ഹൈഡ്രോഫോബിയ (ജലത്തോടുള്ള ഭയം) ഉണ്ടാക്കുന്ന ഈ രോഗം ശരിക്കും ജലത്തിനോട് ഭയം ഉണ്ടാക്കുകയല്ല മറിച്ച് അന്നനാളത്തിലും കവിളിലെ മാംസ പേശികളിലും ഉണ്ടാകുന്ന പരാലിസിസിന്റെ ഭാഗമായി വെള്ളമിറക്കാന്‍ കഴിയാത്ത അസ്ഥയിലേക്ക് രോഗിയെ എത്തിക്കുകയാണ് ചെയ്യുന്നത്.
ഈ രോഗം പോലെ തന്നെ ഇതിന്റെ രോഗലക്ഷണങ്ങളും ഭയാനകമാണ്. നാഡീ വ്യൂഹത്തെ മാത്രം ബാധിക്കുന്ന വൈറസ് തലച്ചോറിലെത്തുകയും പിന്നീട് ഉമിനീരിലൂടെയും മറ്റ് ശരീര സ്രവങ്ങളിലൂടെയും പുറത്തു വരുകയും ചെയ്യും. സൂര്യ പ്രകാശവും ചൂടും സഹിക്കാന്‍ കഴിയാത്ത ഈ വൈറസ് ശരീരത്തിനുള്ളില്‍ പ്രത്യുല്‍പ്പാദനം നടത്തും. അസുഖം ബാധിച്ച ജീവി മരിക്കുന്നതിനു മുന്‍മ്പ് പുതിയ രോഗ വാഹകനെ കണ്ടെത്താന്‍ റാബിസ് വൈറസ് ശ്രമം നടത്തും. രോഗം ബാധിച്ച മൃഗം യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുന്നതും ഇതിന്റെ ഭാഗമാണ് .
ജീവികളിലെ രോഗബാധ
സസ്തനികളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത് . എന്നാല്‍ പക്ഷികളില്‍ ഈ വൈറസ് അത്യപൂര്‍വ്വമായി മാത്രമാണ് കാണപ്പെടുന്നത്. ഇതു വരെ രണ്ടു കേസുകളിലാണ് പക്ഷികളില്‍ ഈ അസുഖം രേഖപ്പെടുത്തിയത്. അതിലൊന്ന് കേരളത്തിലാണെന്ന് വെറ്റിനറി വിദഗ്ധന്‍ ഡോക്ടര്‍ മുഹമ്മദ് ആസിഫ് ദ ഫോര്‍ത്തിനോട് പറഞ്ഞു. സ്വാഭാവികമായി ഒരിക്കലും പക്ഷികളില്‍ റാബിസ് വൈറസ് പ്രവേശിക്കില്ല. കോഴിയുടെ ഭ്രൂണം ഉപയോഗിച്ചാണ് പ്രതിരോധവാക്‌സിനുകള്‍ നിര്‍മ്മിക്കുന്നത് എന്നതൊഴിച്ചാല്‍ മറ്റ് ബന്ധങ്ങളൊന്നും പക്ഷികള്‍ക്കിതുമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ട് നായകളില്‍ കൂടുതലായി രോഗം പടരുന്നു ?
നായകളിലാണ് ഏറ്റവും കൂടുതല്‍ റാബിസ് ബാധ കണ്ടു വരുന്നത് എന്ന തെറ്റിദ്ധാരണ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. നായകള്‍ ശരിക്കും റാബിസിന്റെ വാഹകര്‍ മാത്രമാണ്. എന്നാല്‍ പേവിഷ ബാധയുടെ സ്രോതസുകള്‍ വവ്വാല്‍, കീരി, കുറുക്കന്‍ തുടങ്ങിയ ജീവികളാണ്. ഇവയ്ക്ക് രോഗം ബാധിക്കില്ലെങ്കിലും രോഗം മറ്റൊരു ജീവിയിലേക്കെത്തിക്കാൻ ഇവയ്ക്കാകും. അപൂര്‍വ്വം ചില വന്യജീവി ഇനങ്ങളെ മാത്രമേ റാബിസ് വൈറസിന്റെ റിസര്‍വോയറുകള്‍ അഥവാ സംഭരണികളോ സ്രോതസുകളോ ആയി കണക്കാക്കുന്നുള്ളൂ. വവ്വാലുകള്‍, റാക്കൂണുകള്‍, സ്‌കങ്കുകള്‍, കീരികള്‍ എന്നിവ റിസര്‍വോയറുകളാണ്. ഇവയില്‍ റാബിസ് വൈറസിന്റെ വ്യത്യസ്ത സ്‌ട്രെയിനുകള്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
പേവിഷ വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ കയറിക്കൂടുന്ന വഴി ഇങ്ങനെ പലതാവാം. ഈയിടെ വയനാട്ടില്‍ വളര്‍ത്തുനായയ്ക്ക് പേവിഷബാധയേറ്റത് തോട്ടത്തില്‍ അതിക്രമിച്ച് കയറിയ കീരികളില്‍ ഒന്നിനെ കടിച്ചു കൊന്നതിലൂടെയായിരുന്നു. തെരുവുനായ്ക്കളെ പോലെ കീരികള്‍ പെരുകാനുള്ള അടിസ്ഥാന കാരണം അവയ്ക്കുള്ള ഭക്ഷണം നാം തന്നെ നിരത്തുകളിലെത്തിക്കുന്നു എന്നതാണ്. നിരത്തുകളില്‍ വലിച്ചെറിയുന്ന അറവുശാല അവശിഷ്ടങ്ങളും, ഭക്ഷണ അവശിഷ്ടങ്ങളും ഇവയുടെ അനിയന്ത്രിത വര്‍ധനവിന് കാരണമാണ്. മാംസം കഴിക്കാൻ കൂട്ടമായെത്തുന്ന നായകളും കീരികളും തമ്മിലുള്ള സമ്പര്‍ക്കം വഴി വൈറസ് നായകളിലേക്ക് പകരുന്നു. മനുഷ്യനും നായകളും തമ്മിലുളള ഇടപഴകല്‍ വഴി വൈറസ് മനുഷ്യനിലേക്കും എത്തുന്നു.
നായയിലേക്ക് റാബിസ് കയറി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ രോഗ ലക്ഷണം പ്രകടമാകും. രോഗലക്ഷണം കാണിക്കുന്നതു വരെയുള്ള സമയമാണ് ഇന്‍ക്യുബേഷന്‍. ഈ സമയത്തിനുള്ളില്‍ രോഗാണുക്കള്‍ ശരീരത്തില്‍ പെരുകി തുടങ്ങും. ലക്ഷണം കാണിക്കുന്നതിനും ഒരാഴ്ച്ച മുന്‍മ്പാണ് വാഹകന്റെ ശരീര സ്രവങ്ങളില്‍ നിന്നും റാബിസ് വൈറസ് പുതിയ ഇര തേടുന്നത്. അതിനു മുൻപ് കടിയേറ്റാലും റാബിസ് മറ്റൊരു ശരീരത്തിലേക്ക് പ്രവേശിക്കില്ല. ചാകുന്നതിനു മുന്‍പ് പേവിഷബാധയേറ്റ നായ മറ്റൊരു ജീവിയെ കടിച്ചാല്‍ മാത്രമേ വൈറസിന് മറ്റൊന്നിലേയ്ക്ക് പകരാനാവൂ. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പേ പിടിച്ച നായയുടെ മരണത്തോടെ വൈറസിന്റെ വ്യാപനചക്രവും നിലയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന പേവിഷ ബാധ
ഏഷ്യൻ രാജ്യങ്ങളിലെ പേവിഷ ബാധാ മരണ നിരക്കില്‍ 30 ശതമാനവും ഇന്ത്യയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത് . ഇന്ത്യയുടെ സാമൂഹികാന്തരീക്ഷവും ജനപെരുപ്പവുമാണ് ഇതിന്റെ പ്രധാന കാരണം . ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇപ്പോഴും ഇതിനെ കുറിച്ചുള്ള ബോധ്യം കുറവാണ്. വാക്സിൻ സ്വീകരിക്കാൻ പോലും തയ്യാറാകാത്തവരാണ് ഭൂരിപക്ഷവും.
വാക്സിൻ ഫലപ്രദമോ ?
അവസാനമായി കൊല്ലത്താണ് വാക്സിൻ സ്വീകരിച്ചതിനു ശേഷവും പേവിഷബാധയേറ്റ് മരണം സംഭവിച്ചത് . പിന്നീട് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ രക്തത്തില്‍ റാബിസിനെതിരായ ആന്റി ബോഡി കണ്ടെത്തിയിരുന്നു. ഇത് വാക്‌സിനേഷന്റെ ഭാഗമായാണ് രൂപപ്പെടുക. അതു കൊണ്ട് തന്നെ വാക്‌സിന്‍ പരാജയപ്പെട്ടു എന്ന വാദം ശരിയല്ല. കുട്ടിക്ക് കണ്ണിനായിരുന്നു കടിയേറ്റത്. എന്നാല്‍ സോപ്പുപയോഗിച്ച് കഴുകുന്നതു പോലും വളരെ വൈകിയാണ്. വാക്‌സിനും ഇമ്യൂണോഹോബിനും മാത്രമല്ല, പേവിഷബാധയേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതും വളരെ പ്രധാനമാണ്. സോപ്പുപയോഗിച്ച് കഴുകുന്നതിലൂടെ വൈറസിനെ ഒരു പരിധി വരെ പ്രതിരോധിക്കാനാകും. എന്നാല്‍ അത് ചെയ്യാന്‍ പലരും മടി കാണിക്കുന്നു. മറ്റ് പ്രതിരോധ മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങാൻ സമയമെടുക്കും. അതാണ് ഇവിടെയും സംഭവിച്ചത് എന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു.
എങ്ങനെ പ്രതിരോധം തീര്‍ക്കാം ?
മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്.
പ്രഥമ ശുശ്രൂഷയും വാക്സിനേഷനും പ്രധാനം.
കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക.
എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്സിനെടുക്കുക.
മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കേണ്ടത്.
കൃത്യമായ ഇടവേളകളില്‍ വാക്സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം.
കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്സിന്‍ എടുക്കണം.
വാക്സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക.
വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്സിനേഷന്‍ ഉറപ്പ് വരുത്തുക.
മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്.
പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്സിനേഷനും. അതിനാല്‍ അവയെ അവഗണിക്കരുത്.