കുട്ടികള്‍ക്ക് വീണ്ടും 'പനി'ക്കാലം; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

കുട്ടികള്‍ക്ക് വീണ്ടും 'പനി'ക്കാലം; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

കുട്ടികളില്‍ രോഗങ്ങള്‍ വീണ്ടും പടര്‍ന്ന് പിടിക്കുമ്പോള്‍ ആശങ്ക വേണ്ടെന്നും നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്
Updated on
2 min read

കുട്ടികളില്‍ പനി, ജലദോഷം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ വീണ്ടും പടര്‍ന്ന് പിടിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കുട്ടികളുടെ ആരോഗ്യത്തില്‍ കരുതല്‍ ആവശ്യമാണ്. കൃത്യമായ ചികിത്സയും പരിചരണവും കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശ്വാസകോശ അണുബാധയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്

കോവിഡ് കാലത്ത് കുട്ടികളുടെ പ്രതിരോധ ശേഷിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ആഗോളതലത്തില്‍ തന്നെ ഇമ്മ്യൂണിറ്റി ഡെബ്റ്റ് എന്നറിയപ്പെടുന്ന ഇത്തരം പ്രതിഷേധശേഷിക്കുറവ് കാണപ്പെടുന്നുണ്ട്. സ്‌കൂളുകള്‍ അടഞ്ഞു കിടന്ന സമയത്ത് കുട്ടികള്‍ക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ പൊതുവേ അസുഖം കുറവായിരുന്നു. അതിനാല്‍ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷിയും കുറഞ്ഞു. എന്നാല്‍ അങ്കണവാടികളും സ്‌കൂളുകളും തുറന്നപ്പോള്‍ വീണ്ടും രോഗ ബാധയ്ക്കുള്ള സാഹചര്യം വര്‍ധിച്ചിരിക്കുകയാണ്. ഒരു കുട്ടിയ്ക്ക് അസുഖം വന്നാല്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ഇത്തരം സാഹചര്യങ്ങളില്‍ വളരെ എളുപ്പമാണ്. പിടിപെടുന്ന അസുഖം നീണ്ടുനില്‍ക്കാനും മൂര്‍ച്ഛിക്കാനും സാധ്യതയുണ്ട്.

കുട്ടികളില്‍ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വര്‍ധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്വാസകോശ അണുബാധയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ന്യുമോണിയയായി മാറാനുള്ള സാധ്യതയും ഏറെയാണ്. അതിനാല്‍ ചികിത്സയുടെ കാര്യത്തില്‍ വിട്ടുവീഴ്ച അരുത്.

അപായ സൂചനകള്‍

  • ശ്വാസംമുട്ടല്‍

  • കഫത്തില്‍ രക്തം

  • അസാധാരണ മയക്കം

  • തളര്‍ച്ച

  • നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം

  • ശക്തിയായ പനി

  • അതിയായ തണുപ്പ്

  • ജെന്നി

  • കൂടുതല്‍ വേഗതയിലുള്ള ശ്വാസമെടുപ്പ്

ഈ അപായ സൂചനകള്‍ കണ്ടാല്‍ ഉടന്‍തന്നെ കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കേണ്ടതാണ്. സ്വയം ചികിത്സ ആരോഗ്യസ്ഥിതി കൂടുതല്‍ പ്രശ്‌നത്തിലാക്കും.

ശ്വാസമെടുപ്പ് ശ്രദ്ധിക്കണം

ഒരു മിനിറ്റില്‍ നടക്കുന്ന ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം. രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഒരു മിനിറ്റില്‍ 60 തവണയിലധികം ശ്വാസമെടുക്കുന്നത് അപായ സൂചനയാണ്. 2 മാസം മുതല്‍ 1 വയസുവരെ പ്രായമുള്ള കുട്ടികള്‍ 50ല്‍ അധികം തവണ ശ്വാസമെടുക്കുന്നതും അപകട സൂചനയാണ്. 1 വയസുമുതല്‍ 5 വയസുവരെ 40ന് മുകളിലും 5 വയസ് മുതലുള്ള കുട്ടികള്‍ 30ന് മുകളിലും തവണ ശ്വാസമെടുക്കുന്നതു ശ്രദ്ധയില്‍ പെട്ടാലും ഉടന്‍ വൈദ്യ സഹായം തേടേണ്ടതുണ്ട്. കുട്ടി ഉറങ്ങുമ്പോഴോ, സ്വസ്ഥമായി ഇരിക്കുമ്പോഴോ ആണ് ഇത് പരിശോധിക്കേണ്ടത്.

രക്ഷിതാക്കള്‍ അറിയേണ്ടത്

  • രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. സമ്പര്‍ക്കം വഴി രോഗം മറ്റുള്ളവരിലേക്കും പകരാന്‍ കാരണമാകും.

  • രോഗലക്ഷണങ്ങളെ കൃത്യമായി നിരീക്ഷിക്കണം

  • കുട്ടികള്‍ക്ക് ഇഷ്ടമുള്ള പോഷകാഹാരം, പാനീയം എന്നിവ നല്‍കണം

  • തണുത്ത ആഹാരമോ പാനീയമോ നല്‍കരുത്

  • ആഹാരം അളവ് കുറച്ച് കൂടുതല്‍ തവണ നല്‍കുക

  • പോഷണഗുണമുള്ള ചൂടുപാനീയങ്ങള്‍ നല്‍കണം (ഉദാ: ചൂട് കഞ്ഞിവെള്ളത്തില്‍ ചെറുനാരങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് നല്‍കാം)

  • പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങള്‍ നല്‍കണം

  • അപായ സൂചനകള്‍ കണ്ടാല്‍ ഡോക്ടറെ കാണണം

  • കൃത്യമായി മരുന്ന് നല്‍കണം

കുട്ടികള്‍ ശ്രദ്ധിക്കേണ്ടത്

  • മാസ്‌ക് കൃത്യമായി ധരിക്കണം

  • ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം

  • കൈ കഴുകുന്നത് ശീലമാക്കണം

പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും ശ്രദ്ധ കരുതല്‍ തുടരണമെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. എന്നാല്‍ ഏതെങ്കിലും പ്രദേശങ്ങളില്‍ രോഗത്തിന്റെ വര്‍ധനവുണ്ടായാല്‍ പ്രതിരോധം ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.

പ്രത്യേക പ്രദേശങ്ങളില്‍ പനിയുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎല്‍ഐ, എസ്എആര്‍ഐ എന്നിവയുടെ പര്യവേഷണം മുഖേന രോഗവ്യാപനം നിരിക്ഷിച്ചു വരുന്നു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകള്‍ വഴി അവബോധം നല്‍കാനും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in