മങ്കിപോക്സിനുള്ള പരിശോധനാ കിറ്റ് പുറത്തിറക്കി
മങ്കിപോക്‌സ് പരിശോധനയ്ക്കായി ഇന്ത്യയില്‍ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത ആദ്യ ആര്‍ടി- പിസിആര്‍ കിറ്റ് പുറത്തിറക്കി. ട്രാന്‍സാസിയ ബയോമെഡിക്കല്‍സ് എന്ന കമ്പനിയാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ആന്ധ്രാ പ്രദേശ് മെഡ്‌ടെക് സോണില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് അജയ് കുമാര്‍ സോദ് കിറ്റ് പുറത്തിറക്കി. കൂടുതല്‍ കാര്യക്ഷമവും എന്നാല്‍ ഉപയോഗിക്കാന്‍ എളുപ്പവുമാണ് പുതിയ കിറ്റ്.
പരിശോധനാ കാര്യക്ഷമത ഉറപ്പാക്കാന്‍ കിറ്റിലെ പ്രൈമറും പ്രോബും പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്. രോഗം നേരത്തെ തന്നെ കണ്ടെത്താനും അതുവഴി മികച്ച പരിചരണം ഉറപ്പാക്കാനും കിറ്റ് സഹായിക്കുമെന്ന് ട്രാന്‍സാസിയ സ്ഥാപക ചെയര്‍മാന്‍ സുരേഷ് വസിരാനി പറഞ്ഞു.
ശാസ്ത്ര സെക്രട്ടറി അരബിന്ദ മിത്ര, ഐസിഎംആര്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ, ബയോടെക്‌നോളജി വകുപ്പ് ഉപദേഷ്ടക അല്‍കാ ശര്‍മ തുടങ്ങിയവര്‍ വെള്ളിയാഴ്ച നടന്ന ലോഞ്ചിങ് പരിപാടിയില്‍ പങ്കെടുത്തു.