ഇടയ്ക്കിടെയുള്ള തലവേദന നിസാരമാക്കരുതേ; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ഇടയ്ക്കിടെയുള്ള തലവേദന നിസാരമാക്കരുതേ; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

വല്ലപ്പോഴും വരുന്ന തലവേദന പ്രശ്‌നക്കാരനല്ലെങ്കിലും ഇടയ്ക്കിടെ തലവേദന അലട്ടുന്നുണ്ടെങ്കില്‍ വിദഗ്ധ നിര്‍ദേശം തേടാന്‍ മടിക്കരുത്
Updated on
1 min read

തലവേദന പലരെയും അലട്ടുന്ന ഒന്നാണ്. ടെന്‍ഷന്‍ തലവേദനയില്‍ തുടങ്ങി മാരകമായ പല രോഗങ്ങളുടെയും ലക്ഷണങ്ങളായിവരെ തലവേദന പ്രത്യക്ഷപ്പെടാം. വല്ലപ്പോഴും വരുന്ന തലവേദന പ്രശ്‌നക്കാരനല്ലെങ്കിലും ഇടയ്ക്കിടെ തലവേദന അലട്ടുന്നുണ്ടെങ്കില്‍ വിദഗ്ധ നിര്‍ദേശം തേടാന്‍ മടിക്കരുത്.

നാഡീവ്യവസ്ഥയുടെ തകരാറുകളില്‍ ഒന്നായതിനാല്‍ തലവേദനയെ നിസാരമായി കാണേണ്ടതില്ലെന്നും പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് കഴിഞ്ഞ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തലവേദന അനുഭവപ്പെട്ടിട്ടുണ്ടെന്നും കണക്കാക്കുന്നതായി ലോകാരോഗ്യസംഘടന പറയുന്നു. ആഗോളതലത്തില്‍ നോക്കിയാല്‍ ന്യൂനപക്ഷം മാത്രമാണ് തലവേദന പോലുള്ള രോഗങ്ങള്‍ക്ക് ശരിയായ രോഗനിര്‍ണയം നടത്തുന്നത്.

തലവേദന അനുഭവിക്കുന്നവരില്‍, 30%-ത്തിലധികം പേരില്‍ മൈഗ്രെയിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ മുതിര്‍ന്ന പ്രായക്കാരില്‍ 1.7- 4% പേര്‍ എല്ലാ മാസവും 15-ഓ അതിലധികമോ ദിവസങ്ങളില്‍ തലവേദന നേരിടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏതെല്ലാം തരത്തിലുള്ള തലവേദനകളാണ് പൊതുവായി കാണപ്പെടുന്നതെന്നു നോക്കാം.

ഇടയ്ക്കിടെയുള്ള തലവേദന നിസാരമാക്കരുതേ; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
ആത്മഹത്യ മുതല്‍ ആസക്തിവരെ കാരണങ്ങള്‍; പുരുഷന്മാര്‍ക്ക് ആയുസ് കുറയുന്നു - പഠനം

മൈഗ്രെയ്ന്‍

25നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് മൈഗ്രെയ്ന്‍ കൂടുതലായി കാണപ്പെടുന്നത്. ഹോര്‍മോണ്‍ അസന്തുലനം സ്ത്രീകളില്‍ മൈഗ്രെയ്‌ന് കാരണമാകുന്നുണ്ട്. മൈഗ്രെയിനുകള്‍ തലയിലെ ഞരമ്പുകള്‍ക്കും രക്തക്കുഴലുകള്‍ക്കും ചുറ്റും വേദന ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ പുറത്തുവിടുന്നു. ഇതിന്‌റെ ഫലമായി ആവര്‍ത്തിച്ചുള്ള തലവേദന, ഒരു വശത്തു മാത്രം അനുഭവപ്പെടുന്ന വേദന, ദൈനംദിന കാര്യങ്ങളെ ബാധിക്കുന്ന തരത്തിലുള്ള വേദയയൊക്കെ പ്രത്യക്ഷപ്പെടാം.

ടെന്‍ഷന്‍ തലവേദന

ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ടെന്‍ഷന്‍ തലവേദന. ഒരു മാസത്തില്‍ 15 പ്രാവശ്യംവരെ ഒന്നു മുതല്‍ മൂന്നു ശതമാനം വരെ മുതിര്‍ന്ന ആളുകള്‍ ഈ തലവേദനയുടെ ഇരകളാകുന്നതിനാല്‍ നിസാരമായി കാണാവുന്ന ഒന്നല്ല ടെന്‍ഷന്‍ തലവേദന. കൗമാരപ്രായത്തിലാണ് ഈ തലവേദന ആരംഭിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദവുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ കഴുത്തിലെ മസ്‌കുലോസ്‌കെലെറ്റല്‍ പ്രശ്‌നങ്ങള്‍ കൊണ്ടോ ടെന്‍ഷന്‍ തലവേദന ഉണ്ടാകാം. ഈ തലവേദനയില്‍ തലയ്ക്കു ചുറ്റുമുള്ള സമ്മര്‍ദം ദിവസങ്ങളോളം നീണ്ടുനില്‍ക്കാം.

ക്ലസ്റ്റര്‍ തലവേദന

അത്ര സാധാരണമല്ലെങ്കിലും ക്ലസ്റ്റര്‍ തലവേദന 1000 മുതിര്‍ന്ന പൗരന്‍മാരില്‍ ഒരാള്‍ക്കെന്ന രീതിയില്‍ കാണപ്പെടുന്നുണ്ട്. ഒരു കണ്ണിന് ചുറ്റുമായിട്ടാകും കഠിനമായ വേദന പ്രത്യക്ഷപ്പെടുക. ഒപ്പം കണ്ണില്‍ നിന്നു വെള്ളം വരിക, കണ്ണിനു ചുവപ്പ്, മൂക്കൊലിപ്പ് അല്ലെങ്കില്‍ അടഞ്ഞ മൂക്ക് എന്നിവയും കാണാറുണ്ട്.

ഇടയ്ക്കിടെയുള്ള തലവേദന നിസാരമാക്കരുതേ; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
നിങ്ങള്‍ക്കുണ്ടോ തലവേദന? കാരണം സ്ട്രെസ് മുതൽ ഹോർമോൺ വ്യതിയാനം വരെ

മരുന്നിന്‌റെ അമിതോപയോഗം

മരുന്നുകള്‍ അമിമായി ഉപയോഗിക്കുന്നതിന്‌റെ പാര്‍ശ്വഫലമായും തലവേദന പ്രത്യക്ഷപ്പെടാം. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളാണ് ഇത്തരം തലവേദനയ്ക്കു കൂടുതലും ഇരകളാകുന്നത്. ഇത്തരം തലവേദന നീണ്ടുനില്‍ക്കാന്‍ സാധ്യത കുറവാണ്.

ആവശ്യത്തിനു വെള്ളം കുടിക്കുക, ഉറക്കസമയം നിയന്ത്രിക്കുക, യോഗ, ധ്യാനം എന്നിവയിലൂടെ സമ്മര്‍ദം കുറയ്ക്കുക, വ്യായാമം ശീലമാക്കുക തുടങ്ങിയവയിലൂടെ തലവേദന ഒരു പരിധിവരെ നിയന്ത്രിക്കാം. കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ പലരിലും തലവേദന അപ്രത്യക്ഷമാകാറുണ്ട്.

ഈ ലക്ഷണങ്ങളൊന്നുമല്ലാതെ നീണ്ടുനില്‍ക്കുന്ന വേദന കാണുകയാണെങ്കില്‍ ഡോക്ടറെ കണ്ട് മറ്റ് രോഗത്തിന്‌റെ ഭാഗമല്ല ഈ തലവേദനയെന്ന് ഉറപ്പാക്കണം. സ്വയം മരുന്നുകള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.

logo
The Fourth
www.thefourthnews.in