രാത്രിയിലെ അമിത മൂത്രശങ്ക അവഗണിക്കരുത്; ഈ അഞ്ച് രോഗങ്ങളുടെ ലക്ഷണമാകാം
രാത്രിയിലുള്ള അമിത മൂത്രശങ്ക പ്രായഭേദമന്യേ പലരിലും കാണുന്ന ഒന്നാണ്. വിശ്രമമില്ലാത്ത രാത്രികളും ഊര്‍ജസ്വലതയില്ലാത്ത രാവിലെകളുമായിരിക്കും ഇത് നമുക്ക് സമ്മാനിക്കുക. രണ്ടോ അതിലധികമോ തവണ മൂത്രശങ്കയുമായി രാത്രി ഉണരുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില രോഗങ്ങളുടെ ലക്ഷണമാണ് അടിക്കടിയുള്ള മൂത്രമൊഴിക്കല്‍.
ഡയബറ്റിസ് മെലിറ്റസ്
രാത്രിയിലെ അമിതമൂത്രശങ്ക ഡയബറ്റിസ് മെലിറ്റസിന്‌റെ ഒരു പ്രധാന ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ശരീരം ബുദ്ധിമുട്ടുന്നതിന്‌റെ ഫലമാണ് രാത്രിയിലുണ്ടാകുന്ന ഈ ബുദ്ധിമുട്ട്. പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ ഇത് ശരീരത്തില്‍നിന്നു നീക്കംചെയ്യാന്‍ വൃക്കകള്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടിവരും. ഇതിനായി കൂടുതല്‍ മൂത്രം ഉല്‍പ്പാദിപ്പിക്കും. ഫലമായി കൂടുതല്‍ തവണ ബാത്‌റൂമില്‍ പോകേണ്ട അവസ്ഥ ഉണ്ടാകും.
യൂറിനറി അണുബാധ
യൂറിനറി ഇന്‍ഫെക്ഷന്‌റെയും പ്രധാന ലക്ഷണമാണ് ഇടയ്ക്കിടെയുള്ള മൂത്രശങ്ക. യൂറിത്രയ്ക്കുള്ളില്‍ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകുകയും ഇവ യൂറിനറി ട്രാക്ടില്‍ പെരുകുന്നതിന്‌റെയും ഫലമാണ് ഇടയ്ക്കിടെയുള്ള മൂത്രശങ്ക. വയറുവേന, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയുമൊക്കെ യൂറിനിറി ഇന്‍ഫെക്ഷന്‌റെ ലക്ഷണമാണ്. ഇരുണ്ട നിറത്തില്‍ ദുര്‍ഗന്ധവും മൂത്രത്തിനുണ്ടാകും. ഇത് ശരിയായി ചികിത്സിക്കാതിരുന്നാല്‍ വൃക്കകളില്‍ അണുബാധയ്ക്കും കിഡ്‌നി സ്റ്റോണിനും കാരണമാകും.
ഓവറാക്ടീവ് ബ്ലാഡര്‍
മൂത്രസഞ്ചി അമിതമായി പ്രവര്‍ത്തിക്കുന്നതിന്‌റെ ഫലമായി രാത്രിയില്‍ മൂത്രശങ്ക അനുഭവപ്പെടാം. മൂത്രാശയ പേശികള്‍ സ്വമേധയാ സങ്കോചിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ചിലപ്പോള്‍, മൂത്രമൊഴിക്കാനുള്ള തോന്നല്‍ മാത്രമേ അനുഭവപ്പെടൂ, മൂത്രം ഉണ്ടാകണമെന്നില്ല. മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക ന്യൂറോളജിക്കല്‍ അവസ്ഥ കാരണമാണ് മൂത്രസഞ്ചി അമിതമായി പ്രവര്‍ത്തിക്കുന്നത്. ചികിത്സിക്കാതെ വിടുമ്പോള്‍, രാത്രിയില്‍ ഉറക്കമില്ലായ്മയും ഉത്കണ്ഠയും ഉണ്ടാക്കുന്നതിലൂടെ രോഗിയുടെ ജീവിത നിലവാരത്തെ ഇത് ബാധിക്കും.
സ്ലീപ് അപ്നിയ
ഉറക്കത്തിനിടയില്‍ ഒട്ടേറെ തവണ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയാണ് ഉറക്കത്തിലെ ശ്വാസതടസം. ഇത് ശരീരത്തില്‍ ഹോര്‍മോണിന്‌റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. സ്ലീപ് അപ്നിയ കാരണം ഇടയ്ക്കിടെ ഉണരുമ്പോള്‍ ശരീരത്തിന്‌റെ ഫ്‌ലൂയിഡ് കൂടുന്നു. ഫലമായി കൂടുതല്‍ മൂത്രം രാത്രിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. സ്ലീപ് അപ്നിയ കാരണമുള്ള ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ശരീരത്തില്‍ ഫ്‌ലൂയിഡ് നിയന്ത്രിച്ചു നിര്‍ത്താനാകാത്ത അവസ്ഥയും സൃഷ്ടിക്കുന്നു.
ക്രോണിക് കിഡ്നി ഡിസീസ്
വൃകക്കള്‍ ശരിയായി പ്രവര്‍ത്തിക്കാത്തിന്‌റെ ഫലമായി ഇടയ്ക്കിടെ മൂത്രശങ്ക അനുഭവപ്പെടാം.
ക്രോണിക് കിഡ്നി ഡിസീസ് (സികെഡി) എന്നറിയപ്പെടുന്ന ഡീജനറേറ്റീവ് രോഗം വൃക്കകളുടെ പ്രവര്‍ത്തനശേഷി ക്രമേണ നഷ്ടപ്പെടുത്തുന്നു. വിട്ടുമാറാത്ത വൃക്കരോഗം വഷളാകുമ്പോള്‍ ശരീരം ദ്രാവകവും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞേക്കാം, ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ ഇടയാക്കും, പ്രത്യേകിച്ച് രാത്രിയില്‍. കൂടാതെ, രോഗികള്‍ക്ക് നീര്‍വീക്കം, ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മൂത്രത്തിന്റെ അളവ് കൂടുക എന്നിവയുള്‍പ്പടെയുള്ള ലക്ഷണങ്ങളും ഉണ്ടാകാം.