എച്ച്‌ഐവി- എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുമായി ആസാം; പിന്നില്‍ മയക്കുമരുന്നെന്ന് മന്ത്രി
എച്ച്‌ഐവി- എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധവുമായി ആസാം. മയക്കുമരുന്ന് കുത്തിവയ്പ്പാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് ആസാം ആരോഗ്യമന്ത്രി കേശബ് മെഹന്ത പറഞ്ഞു. സര്‍ക്കാരിന്‌റെയും എന്‍ജിഒകളുടെയും സഹായത്തോടെ രോഗബാധിതരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടതിനാല്‍ രോഗികളുടെ വിവരങ്ങളോ അവരെ തിരിച്ചറിയുഊപാന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല.
മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമാണ് ഇപ്പോഴത്തെ ഈ വര്‍ധനവിനു പിന്നില്‍. റിപ്പോര്‍ട്ട് അനുസരിച്ച് മയക്കുമരുന്ന് വില്‍പ്പനക്കാരില്‍ 50 ശതമാനം ആളുകളും എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ സിബമണി ബോറ എച്ച്‌ഐവി വ്യാപനത്തിന്‌റെ കാര്യം ചോദ്യോത്തര വേളയില്‍ ഉന്നയിച്ചിരുന്നു. കോവിഡ്-19നു ശേഷം എച്ച്‌ഐവി ബോധവല്‍ക്കരണത്തിനായി സംസ്ഥാനം നടത്തിയ ശ്രമങ്ങള്‍ വളരെ കുറവാണെന്ന് സിബമണി പറഞ്ഞു. 2022-നും 23നും ഇടയിലുള്ള ഡേറ്റ പ്രകാരം 89,84,519 പരിശോധനകള്‍ സംസ്ഥാനത്ത് നടത്തിയതില്‍ 31,729 എച്ച്‌ഐവി-എയ്ഡ്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 ഡിസംബറില്‍ മാത്രം 9,90,372 പരിശോധനകളില്‍ 5791 കേസുകളാണ് പോസിറ്റീവായത്. അണുബാധകളുടെ കൃത്യമായ വര്‍ധനവാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മയക്കുമരുന്ന് കുത്തിവയ്പ്പിലൂടെ വൈറസുകള്‍ പകര്‍ന്നതാണ് അടുത്ത കാലയളവിലുണ്ടായ ഈ വര്‍ധനവിനു കാരണമെന്ന് മന്ത്രി പറഞ്ഞു. അനധികൃതമായ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും കണ്ടെത്താന്‍ പരിശോധനകള്‍ വ്യാപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.