ജീന്‍ എഡിറ്റിങ് ഉപയോഗിച്ച് കോശങ്ങളില്‍നിന്ന് എച്ച്‌ഐവി അണുബാധ പൂര്‍ണമായും ഇല്ലാതാക്കാം
എച്ച്‌ഐവിയും എയ്ഡ്‌സും ലോകം ഇന്നും ഭയപ്പാടോടെ കാണുന്നവയാണ്. ഇപ്പോള്‍ എച്ച്‌ഐവി ചികിത്സയില്‍ ഒരു പ്രധാന വഴിത്തിരിവുമായി എത്തിയിരിക്കുകയാണ് ഒരുസംഘം ഗവേഷകര്‍. മെഡിക്കല്‍ റിസര്‍ച്ചിന്‌റെ ഭാഗമായി ഗവേഷകര്‍ നടത്തിയ ലാബ് പരിശോധനയില്‍ കോശങ്ങളില്‍നിന്ന് ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി(എച്ച്‌ഐവി) വൈറസുകള്‍ പൂര്‍ണമായും ഇല്ലാതായതായി. നെതര്‍ലന്‍ഡ്‌സ് ആംസ്റ്റെര്‍ഡാം യുഎംസിയിലെ ഡോ. എലേന ഹരേര കെയ്‌റിലോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ക്രിസ്പര്‍ കാസ് (Crispr-Csa ) എന്ന ജീന്‍ എഡിറ്റിങ് സങ്കേതം ഉപയോഗിച്ച് എച്ച്‌ഐവി ഡിഎന്‍എയെ ലക്ഷ്യമിട്ടാണ് ഗവേഷണം നടത്തിയത്. ഈ ജീന്‍ എഡിറ്റിങ് ടൂളിന് 2020-ലെ നൊബേല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
വിവിധ സെല്ലുലാര്‍ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തങ്ങളായ എച്ച്‌ഐവി വകഭേദങ്ങളെ നിഷ്ക്രിയമാക്കുകവഴി എല്ലാവര്‍ക്കും എച്ച്‌ഐവി രോഗമനം നല്‍കാന്‍ സാധിക്കുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയവര്‍ പറയുന്നു.
പ്രതിരോധ വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന CD4+ T കോശങ്ങളെ പ്രധാനമായും ബാധിക്കുന്ന എച്ച്‌ഐവി വൈറസുകള്‍ മനുഷ്യശരീരത്തിലെ വിവിധ കോശങ്ങളെയും ബാധിക്കുന്നുണ്ട്. കൂടാതെ മാക്രോഫേജുകള്‍, ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍, മറ്റ് പ്രതിരോധ കോശങ്ങള്‍ എന്നിവയെയും ബാധിക്കാം.
CD4+ T കോശങ്ങളില്‍ എച്ച്‌ഐവി വൈറസ് പ്രവേശിക്കുകയും ഇവ ഇരട്ടിക്കുകയും ഇവയുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യും. മാക്രോഫേജുകളും ഡെന്‍ഡ്രിറ്റിക് കോശങ്ങളും വൈറസുകളുടെ സംഭരണികളായി പ്രവര്‍ത്തിക്കുകയും ശരീരത്തിലുടനീളം വൈറസിന്‌റെ വ്യാപനം സുഗമമാക്കുകയും ചെയ്യുന്നു. ഒന്നിലധികം കോശങ്ങളെ ബാധിക്കാനുള്ള എച്ച്‌ഐവി വൈറസിന്‌റെ കഴിവ് എച്ച്‌ഐവി അണുബാധയുടെ വ്യവസ്ഥാപിതമായ സ്വഭാവത്തിനും പ്രതിരോധവ്യവസ്ഥയെ താറുമാറാക്കുന്നതിനും കാരണമാകുന്നു. ചികിത്സിച്ചില്ലെങ്കില്‍ ഇമ്യൂണോ ഡെഫിഷ്യന്‍സിസിന്‍ഡ്രോമിലേക്ക് (എയ്ഡ്‌സ്) നയിക്കും.
എന്താണ് ക്രിസ്പര്‍ കാസ്?
ഇമ്മാനുവെല്ലെ ഷാപെന്‌റിയര്‍, ജെനിഫര്‍ ഡോഡ്‌ന എന്നിവര്‍ക്കാണ് ജീവന്‌റെ കോഡുകള്‍തന്നെ തിരുത്തിയെഴുതാന്‍ ശേഷിയുള്ള ക്രിസ്പര്‍ കാസ്-9 എന്ന വിസ്മയ ജീന്‍ എഡിറ്റിങ് സങ്കേതം വികസിപ്പിച്ചതിന് 2020-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ക്രിസ്പര്‍ കാസ്-9 ഉപയോഗിച്ച് മൃഗങ്ങള്‍, സസ്യങ്ങള്‍, സൂക്ഷ്മാണുക്കള്‍ എന്നിവയുടെ ഡിഎന്‍എ കൃത്യതയോടെ മാറ്റാന്‍ ഇവര്‍ക്കു കഴിഞ്ഞു. ക്ലസ്റ്റേഡ് റഗുലേര്‍ലി ഇന്റര്‍സ്‌പേസ്ഡ് ഷോര്‍ട്ട് പാലിന്‍ഡ്രോമിക് റിപ്പീറ്റ്‌സ് എന്നാണ് ക്രിസ്പറിന്റെ (CRISPR) എന്നതാണ് ക്രിസ്പറിന്‌റെ പൂര്‍ണരൂപം. ഈ തന്‍മാത്ര കത്രിക ഉപയോഗിച്ച് ഡിഎന്‍എ തന്തുക്കള്‍ നിശ്ചിത സ്ഥാനത്ത് കൃത്യമായി മുറിക്കാം. വൈറല്‍ അണുബാധയ്‌ക്കെതിരെ ബാക്ടീരിയയില്‍ കാണപ്പെടുന്ന സ്വാഭാവിക പ്രതിരോധ സംവിധാനത്തില്‍ ക്രിസ്പര്‍ കാസ് പ്രത്യേക ജീനുകളെ മാത്രം കേന്ദ്രീകരിക്കാനും വര്‍ധനവ് തടയുക, ജീനുകള്‍ ചേര്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്യുക, ജീന്‍ നിലനിര്‍ത്തുക തുടങ്ങിയ മാറ്റങ്ങള്‍ വരുത്താനും ഗവേഷകരെ സഹായിക്കുന്നു. മെഡിസിന്‍, കൃഷി, ബയോടെക്‌നോളജി തുടങ്ങി വിവിധ മേഖലകളില്‍ ഈ സങ്കേതം പ്രയോജനപ്പെടുത്താം. ജനിതക രോഗങ്ങള്‍ ചികിത്സിക്കുന്നതിനും നവീനമായ ചികിത്സകള്‍ വികസിപ്പിക്കുന്നതിനും ജീന്‍ പ്രവര്‍ത്തനത്തെയും നിയന്ത്രണത്തെയും കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും ഇത് അവസരങ്ങള്‍ വാഗ്ദനം ചെയ്യുന്നു.
അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളും നിരവധി ജനിതക രോഗങ്ങളും ഭേദമാക്കുന്ന ചികിത്സാരീതികള്‍, ആഗോളതാപനത്തെയും കാലാവസ്ഥ വ്യതിയാനങ്ങളെയും അതിജീവിക്കാന്‍ ശേഷിയുള്ള കാര്‍ഷിക വിളകള്‍, ഔഷധങ്ങളും പ്രോട്ടീനുകളും എന്‍സൈമുകളും സംശ്ലേഷണം ചെയ്യാന്‍ കഴിയുന്നവിധം പ്രോഗ്രാം ചെയ്‌തെടുത്ത ബാക്ടീരിയകള്‍ ഇങ്ങനെ ക്രിസ്പറിനു നിരവധി സാധ്യതകളുണ്ട്.