വൃക്കയിലെ കല്ല് മുതല്‍ അര്‍ബുദ സാധ്യത വരെ; ബഹിരാകാശ യാത്രികരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാം?

വൃക്കയിലെ കല്ല് മുതല്‍ അര്‍ബുദ സാധ്യത വരെ; ബഹിരാകാശ യാത്രികരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാം?

ബഹിരാകാശത്തെ അന്തരീക്ഷം യാത്രികരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Updated on
2 min read

ഏഴ് ദിവസമെന്ന് നിശ്ചയിച്ച ഇന്ത്യന്‍ ബഹിരാകശ സഞ്ചാരി സുനിത വില്യംസിന്‌റെയും സഹയാത്രികന്‍ ബച്ച് വില്‍മോറിന്‌റെയും തിരിച്ചുവരവ് അനിശ്ചിതമായി നീളുകയാണ്. ഏറ്റവുമൊടുവില്‍ ജൂണ്‍ 26ന് മടക്കയാത്ര തീരുമാനിച്ചിരുന്നെങ്കിലും പേടകത്തിന് സാങ്കേതികപ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യാത്ര വീണ്ടും മാറ്റിവെയ്ക്കുകായിരുന്നു. ജൂണ്‍ ആറിനാണ് ഇരുവരും ബഹിരാകാശത്ത് എത്തിയത്.

ബഹിരാകാശത്തെ അന്തരീക്ഷം യാത്രികരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൈക്രോഗ്രാവിറ്റി, റേഡിയേഷന്‍ എക്‌സ്‌പോഷര്‍, പരിമിതമായ ജീവിത സാഹചര്യങ്ങള്‍, ഒറ്റപ്പെടല്‍ എന്നീ സാഹചര്യങ്ങളാകും ബഹിരാകാശത്ത് ഇവര്‍ക്ക് നേരിടേണ്ടിവരിക. ഈ ഘടകങ്ങള്‍ മനുഷ്യശരീരത്തിലെ എല്ലാ സംവിധാനങ്ങളെയും സ്വാധീനിക്കാം. ഇത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഇതില്‍ ഏറ്റവും പ്രധാനം മൈക്രോഗ്രാവിറ്റിയാലുണ്ടാകുന്ന ഫ്‌ലൂയിഡ് റീഡിസ്ട്രിബ്യൂഷനാണ്. ഗുരുത്വാകര്‍ഷണ ശക്തി ഇല്ലാത്തതിനാല്‍ത്തന്നെ ഫ്‌ലൂയിഡ് ശരീരത്തിന്‌റെ മുകള്‍ഭാഗത്തേക്ക് മാറുകയും ഇത് മുഖത്തെ വീക്കത്തിനും കാലുകളിലും പാദത്തിലും ഫ്‌ലൂയിഡ് കുറയുന്നതിനും കാരണമാകും. ഫ്‌ലൂയിഡിലെ ഈ മാറ്റം രക്തത്തിന്‌റെ അളവ് കുറയുന്നതിനും രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തിനും കാരണമാകും. കാലക്രമേണ ഇത് ഹൃദയത്തിന്‌റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ ഓര്‍ത്തോസ്റ്റാറ്റിക് ഇന്‍ടോളറന്‍സിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിന്‌റെ ഫലമായി ബഹിരാകാശ യാത്രികര്‍ക്ക് നില്‍ക്കുമ്പോള്‍ തലകറക്കമോ ബോധക്ഷയമോ അനുഭവപ്പെടാം.

വൃക്കയിലെ കല്ല് മുതല്‍ അര്‍ബുദ സാധ്യത വരെ; ബഹിരാകാശ യാത്രികരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാം?
സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിൽനിന്ന് തിരിച്ചുവാൻ വൈകുന്നത് എന്തുകൊണ്ട്? രക്ഷിക്കാൻ ഇലോൺ മസ്‌ക് എത്തുമോ?

മസ്‌കുലോസ്‌കെലിറ്റല്‍ സിസ്റ്റത്തെയും മൈക്രോഗ്രാവിറ്റി ബാധിക്കാം. ഇത് പേശികളുടെ ക്ഷയത്തിനും എല്ലുകളുടെ സാന്ദ്രത നഷ്ടമാകുന്നതിനും കാരണമാകും. ബഹിരാകാശ യാത്രികര്‍ക്ക് മസില്‍ മാസ് പെട്ടെന്ന് കുറയാം, പ്രത്യേകിച്ച് ശരീരത്തിന്‌റെ കീഴ്ഭാഗത്തെയും പുറകുവശത്തെയും മസിലുകളുടേത്. ഇത് ശരീരഭാരം താങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. കൂടാതെ മെക്കാനിക്കല്‍ ലോഡിങ് കുറയുന്നതിനാല്‍ എല്ലുകള്‍ക്ക് ധാതുക്കളുടെ നഷ്ടം ഉണ്ടാകുകയും ഇത് ഭൂമിയിലെ ഒസ്റ്റിയോപൊറോസിസിന് സമാനമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ബഹിരാകാശനിലയത്തിലെ വ്യായാമങ്ങളും ഉപകരണങ്ങളും ഈ അവസ്ഥ ലഘൂകരിക്കാന്‍ ഉപകരിക്കുമെങ്കിലും അസ്ഥിക്ഷയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഫ്‌ലൂയിഡിന്‌റെ വിതരണത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ യൂറിനറി സിസ്റ്റത്തെയും ബാധിക്കാം. ബഹിരാകാശ യാത്രികര്‍ക്ക് മൂത്രത്തില്‍ കാല്‍സ്യം അടിഞ്ഞുകൂടി വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള സാധ്യത അധികമാണ്. കൂടാതെ മൈക്രോഗ്രാവിറ്റിയിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വ്യത്യാസം പോഷകങ്ങളുടെ ആഗിരണത്തെയും ഉപയോഗത്തെയും ബാധിക്കാം. ഹോര്‍മോണ്‍ അളവ്, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി, ബഹിരാകാശത്തിലെ ഗട്ട് മൈക്രോബയോട്ടയുടെ ഘടന എന്നിവയിലെ മാറ്റങ്ങളും പഠനങ്ങള്‍ കാണിക്കുന്നു. ഇത് ദീര്‍ഘകാല ആരോഗ്യഫലങ്ങളെ സ്വാധീനിച്ചേക്കാം.

ഗുരുത്വാകര്‍ഷണത്തിന്‌റെ അഭാവം സെന്‍സറി ഇന്‍പുട്ടില്‍ മാറ്റം വരുത്തുന്നു. ഇത് ശരീരത്തിന്‌റെ പൊസിഷന്‍ നിലനിര്‍ത്താനുള്ള സ്വാഭാവിക കഴിവ്, സന്തുലനം, കണ്ണു കൈകളും തമ്മിലുള്ള കോര്‍ഡിനേഷന്‍ എന്നിവയില്‍ മാറ്റം വരുത്തും. ചില ബഹിരാകാശ സഞ്ചാരികള്‍ക്ക് ഓക്കാനം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോടെ ഭ്രമണപഥത്തിലെ ആദ്യ കുറച്ച് ദിവസങ്ങളില്‍ സ്‌പേസ് മോഷന്‍ സിക്ക്‌നസ്(എസ്എംഎസ്) അനുഭവപ്പെടാം. പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നതനുസരിച്ച് ഇതില്‍ വ്യത്യാസം വരാം.

വൃക്കയിലെ കല്ല് മുതല്‍ അര്‍ബുദ സാധ്യത വരെ; ബഹിരാകാശ യാത്രികരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാം?
മള്‍ട്ടിവിറ്റാമിനുകള്‍ കഴിക്കുന്നവര്‍ ജാഗ്രതൈ! നേരത്തേയുള്ള മരണസാധ്യത കൂട്ടുമെന്ന് പഠനം

നിരന്തരമായ മൈക്രോഗ്രാവിറ്റി കാരണം ഭാരം താങ്ങുന്ന എല്ലുകളായ പെല്‍വിസ്, നട്ടെല്ല്, തുടയെല്ല് എന്നിവിടങ്ങളിലെ എല്ലുകളുടെ സാന്ദ്രത നഷ്ടമാകാം. പഠനങ്ങള്‍ കാണിക്കുന്നത് നീണ്ട ദൗത്യങ്ങളില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് എല്ലുകളുടെ സന്ദ്രത ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ നഷ്ടമാകാമെന്നാണ്. ഈ അസ്ഥിനഷ്ടം ഒസ്റ്റിയോപൊറോസിസിന് സമാനമാണ്. കൂടാതെ മൈക്രോഗ്രാവിറ്റിയില്‍ ദീര്‍ഘകാലം ചെലവിടുന്നത് ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചേക്കാം.

വ്യായാമം ചെയ്താലും മസില്‍ അട്രോഫി തുടരാം. ബഹിരാകാ സഞ്ചാരികള്‍ക്ക് കഠിനമായ വ്യായാമമുറകളിലൂടെ പേശീനഷ്ടം കുറയ്ക്കാന്‍ കഴിയുമെങ്കിലും മസില്‍മാസ് നിലനിര്‍ത്തുന്നത് വെല്ലുവിളിയായി തുടരും. ഈ നഷ്ടം സ്‌കെലിറ്റല്‍ മസിലുകളെയും ഹൃദയപേശികളെയും ബാധിക്കും. ക്രമേണ ശാരീരിക പ്രകടനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് ബാധിക്കാം.

തലച്ചോറിലെയും കണ്ണുകളിലെയും ഇന്‍ട്രാക്രെനിയല്‍ മര്‍ദത്തിലും ഫ്‌ലൂയിഡ് വിതരണത്തിലും വരുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് ബഹിരാകാശ യാത്രികര്‍ക്ക് കാഴ്ചവൈകല്യവും സംഭവിക്കാം. ദൂരക്കാഴ്ച, ഒപ്റ്റിക് ഡിസ്‌ക് എഡിമ തുടങ്ങിയ കാഴ്ചപ്രശ്‌നങ്ങള്‍ ചില ബഹിരാകാശ സഞ്ചാരികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും അന്വേഷണത്തിലാണെങ്കിലും ദീര്‍ഘകാല ദൗത്യങ്ങളില്‍ കാഴ്ചപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത ഉയര്‍ത്തിക്കാട്ടുന്നു.

മൈക്രോഗ്രാവിറ്റിയുമായി ബന്ധപ്പെട്ട ഫലങ്ങള്‍ക്കപ്പുറം ഭൂമിയുടെ ഉപരിതലവുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹിരാകാശത്ത് ഉയര്‍ന്ന തോതിലുള്ള വികിരണത്തിനും യാത്രികര്‍ വിധേയരാകുന്നുണ്ട്. ഗാലക്‌സിക് കോസ്മിക് വികിരണങ്ങളും സൗരകണികകളും ഡിഎന്‍എ തകരാറിനും അര്‍ബുദ സാധ്യതയ്ക്കും കാരണമാകുന്നുണ്ട്.

ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള ഈ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ബഹിരാകാശ ഏജന്‍സികള്‍ ദൗത്യങ്ങള്‍ക്കിടയിലും ശേഷവും കഠിനമായ വ്യായാമ വ്യവസ്ഥകള്‍, പോഷകാഹാര നിരീക്ഷണം, മെഡിക്കല്‍ നിരീക്ഷണം എന്നിവ നടത്താറുണ്ട്്. സാങ്കേതിക വിദ്യയിലെയും ബയോമെഡിക്കല്‍ ഗവേഷണത്തിലെയും മുന്നേറ്റങ്ങള്‍ പ്രതിരോധ നടപടികളെ പരിഷ്‌കരിക്കുകയും ബഹിരാകാശ യാത്രയുടെ മാനസികവും ശാരീരികവുമായ വെല്ലുവിളികളെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in