എണ്ണമയമുളള ചര്‍മം എങ്ങനെ സംരക്ഷിക്കാം ?

എണ്ണമയമുളള ചര്‍മം എങ്ങനെ സംരക്ഷിക്കാം ?

വീട്ടില്‍ ചെയ്യാം ചര്‍മ സംരക്ഷണം
Updated on
3 min read

നമ്മുടെ ചര്‍മ്മം മറ്റ് ശരീരഭാഗങ്ങള്‍ പോലെ തന്നെ സംരക്ഷണവും പരിചരണവും ആവശ്യമായ ഒന്നാണ്. ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് വേണം പരിചരണവും നല്‍കാന്‍. എണ്ണമയമുള്ള ചര്‍മ്മത്തിന് പ്രത്യേക സംരക്ഷണം ആവശ്യമാണ്. ശരീരത്തിലെ സെബേഷ്യസ് ഗ്രന്ഥി അമിതമായി എണ്ണ പുറംതള്ളുന്നതിന്റെ ഫലമായാണ് ചര്‍മ്മത്തിലെ എണ്ണമയം കൂടുന്നത്. സെബേഷ്യസ് ഗ്രന്ഥികള്‍ സ്കിന്നിനടിയില്‍ സ്ഥിതി ചെയ്യുന്നാണ്. നമ്മുടെ ചര്‍മ്മത്തെ മാര്‍ദ്ധവമാക്കുന്നതിനും ചര്‍മം വരണ്ടു പോകാതെ സംരക്ഷിക്കുന്നതിലും സെബത്തിന് വലിയ പങ്കുണ്ട്. ജെനറ്റിക്സ് കാരണമോ, ഹോര്‍മോണിലുണ്ടാകുന്ന മാറ്റങ്ങളാലോ ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദമോ കാരണം സെബം കൂടുതല്‍ ഉണ്ടായേക്കാം. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് പ്രായം കൂടുന്നതിനനുസരിച്ച് മുഖത്ത് ചുളിവുകള്‍ വീഴുന്നതും കുറവായിരിക്കും. പക്ഷെ മുഖക്കുരു വരുന്നതും മുഖത്ത് പാടുകള്‍ വീഴുന്നതും വിഷമമുള്ള കാര്യമാണ്. എണ്ണമയമുള്ള ചര്‍മക്കാര്‍ക്കായി ചില വീട്ടു വൈദ്യം പങ്കുവെക്കാം.

1) മുഖം വൃത്തിയായി കഴുകുക

എണ്ണ മുഖത്ത് അടിഞ്ഞു കൂടാതിരിക്കാന്‍ ശ്രമിക്കുന്നതാണ് മുഖക്കുരു കൂടാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. അതിനായി ദിവസത്തില്‍ രണ്ടുനേരമെങ്കിലും മുഖം കഴുകുക. കട്ടിയുള്ള സോപ്പ് പരമാവധി ഒഴിവാക്കുക. പകരം ഫേസ് വാഷോ, ഗ്ലിസറിന്‍ ഉള്ള സോപ്പോ ഉപയോഗിക്കുന്നതാകും നല്ലത്.

Vadym Drobot

2) കോസ്മെറ്റിക് ക്ലേ

കോസ്മെറ്റിക് ക്ലേ അല്ലെങ്കില്‍ ഫ്രഞ്ച് ഗ്രീന്‍ ക്ലേ ചര്‍മ്മത്തില്‍ നിന്ന് എണ്ണമയം വലിച്ചെടുക്കുകയും മുഖക്കുരുവും പാടുകളും വരാതെ സൂക്ഷിക്കുകയും ചെയ്യുന്നു.കോസ്മെറ്റിക് ക്ലേ പൊടി രൂപത്തിലാണ് മാര്‍ക്കറ്റില്‍ ലഭ്യമാവുന്നത്. ഇതുപയോഗിച്ച് സ്പാ ട്രീറ്റ്മെന്‍റ് നടത്താവുന്നതുമാണ്. ഒരു ടീ സ്പൂണ്‍ ക്ലേ പൊടിയെടുത്തു കുറച്ച് റോസ് വാട്ടറോ ഫില്‍റ്റേര്‍ട് വാട്ടറോ ചേര്‍ത്ത് മുഖത്തു പുരട്ടുക. മിക്സ്ച്ചര്‍ ഉണങ്ങിയതിനു ശേഷം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

3) തേന്‍ പുരട്ടാം

പ്രകൃതിയുടെ ഏറ്റവും നല്ല ഔഷധങ്ങളിലൊന്നാണ് തേന്‍. ആന്റി ബാക്റ്റീരീയല്‍, ആന്റി സെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ അണുക്കളോട് പൊരുതുകയും മുഖക്കുരു ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഒരു പ്രകൃതിദത്ത മോയ്സ്ച്ചറൈസര്‍ ആയതുകൊണ്ട് തന്നെ മുഖത്ത് എണ്ണയുടെ അളവു കൂടാതെ ചര്‍മ്മത്തെ മോയ്സ്ച്ചറൈസ് ചെയ്യാന്‍ തേനിന് സാധിക്കും

4) കറ്റാര്‍ വാഴ

കറ്റാര്‍ വാഴ പൊള്ളലിനും മറ്റു ചര്‍മ പ്രശ്നങ്ങള്‍ക്കും വളരെ നല്ലതാണ്. മുഖക്കുരു, എക്സിമ, സൂര്യാഘാതം തുടങ്ങിവയ്ക്കും കറ്റാര്‍ വാഴ ഉപയോഗിക്കാം. എന്നാല്‍ സെന്‍സിറ്റീവ് ചര്‍മ്മത്തില്‍ ഇത് അലര്‍ജി ഉണ്ടാക്കാറുണ്ട്. കറ്റാര്‍ വാഴ മുഖത്ത് ഉപയോഗിക്കുന്നതിനു മുന്‍പായി കൈ തണ്ടയില്‍ അല്‍പം പുരട്ടി നോക്കുക. 24 മണിക്കൂറിനുള്ളില്‍ യാതൊരു വിധ പ്രതികരണവും വരുന്നില്ലെങ്കില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമായിരിക്കും.

5) ഉലുവ

എണ്ണമയവും അണുക്കളും മൃതുകോശങ്ങളുമാണ് മുഖത്തെ കറുത്തപാടുകള്‍ക്ക് കാരണമാകുന്നത്. ഉലുവയിലുള്ള ഡയോസ് ജെന്നിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളടങ്ങിയതിനാല്‍ മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതാക്കാന്‍ സാധിക്കും. ഉലുവ രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തിയതിന് ശേഷം രാവിലെ അല്‍പം പാല്‍ ചേര്‍ത്തു അരച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം വെള്ളം ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കുക. ഉലുവയിലുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ അണുക്കള്‍ അകറ്റാന്‍ സഹായിക്കുന്നു.

6) ഓയില്‍ ഫ്രീ കോസ്മെറ്റിക്സ് ഉപയോഗിക്കുക.

എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ഉപയോഗിക്കേണ്ട കോസ്മെറ്റിക്സ് സൂക്ഷ്മമായി തിരഞ്ഞെടുക്കേണ്ടതാണ്. ഓയില്‍ ഫ്രീ അല്ലെങ്കില്‍ വാട്ടര്‍-ബേസ്ഡ് കോസ്മെറ്റിക്സ് തിരഞ്ഞെടുക്കുന്നതാകും നല്ലത്. മുഖത്തെ സുഷിരങ്ങള്‍ അടഞ്ഞു പോകാത്ത വിധത്തില്‍ കോസ്മെറ്റിക്സുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്

7) ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

എണ്ണമയമുള്ള ഭക്ഷണം മാത്രമല്ല കാര്‍ബോ ഹൈഡ്രോറ്റ് ഒരുപാട് അടങ്ങിയ ആഹാരങ്ങളും (ബ്രഡ്) പോലുള്ളവ ശരീരത്തിലെ കൊഴുപ്പു കൂട്ടാനും മുഖക്കുരുവിനും കാരണം ആകുന്നു.

8) സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കാം

എസ്. പി. എഫ് കുറഞ്ഞത് 30 എങ്കിലും ഉള്ള സണ്‍സ്ക്രീനുകള്‍ മാത്രം ഉപയോഗിക്കുക. വാട്ടര്‍ ബേസ്ഡോ ഓയില്‍ ഫ്രീയോ ആയിട്ടുള്ള സണ്‍സ്ക്രീനുകള്‍ ആണെങ്കില്‍ ചര്‍മ സുഷിരങ്ങള്‍ അടഞ്ഞുപോകാതെ സംരക്ഷിക്കും. പുറത്തു പോകുന്നതിന് 15 മിനിറ്റ് മുന്‍പ് എങ്കിലും ക്രീം പുരട്ടിയിരിക്കണം.

logo
The Fourth
www.thefourthnews.in