കരൾ
കരൾ

കരളിനെ ബാധിക്കുന്ന ഫാറ്റി ലിവർ, രോഗാവസ്ഥ പൂർണമായി ഭേദമാക്കാം; ഇതാണ് പ്രതിവിധികൾ

കരളിന്റെ ഭാരത്തിനേക്കാൾ അഞ്ച് മുതൽ പത്ത് ശതമാനം വരെ അധികം കൊഴുപ്പിന്റെ സാന്നിധ്യമുണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ
Updated on
3 min read

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളിലൊന്നാണ് കരൾ. ദഹനത്തിനും പോഷകങ്ങളെ ഊർജമാക്കി മാറ്റുന്നതിനുമെല്ലാം സുപ്രധാന പങ്ക് വഹിക്കുന്ന 'ബൈൽ' എന്ന ദ്രാവകം ഉത്പാദിപ്പിക്കുന്നത് കരളാണ്. അതുകൊണ്ട് തന്നെ കരളിന്റെ പൂർണാരോഗ്യം ശരീരത്തിനും അതിപ്രധാനമാണ്. ഇത്രയും സുപ്രധാനമായ കരളിനെ ബാധിക്കുന്ന രോഗമാണ് ഫാറ്റി ലിവർ. കരളിൽ അളവിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്നതുകൊണ്ട് അർഥമാക്കുന്നത്.

കരളിന്റെ ഭാരത്തിനേക്കാൾ അഞ്ച് മുതൽ 10 ശതമാനം വരെ അധികം കൊഴുപ്പിന്റെ സാന്നിധ്യമുണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും അമിതസാന്നിധ്യമാണ് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് പ്രധാന കാരണങ്ങളിലൊന്ന്. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായതിലും അധികമായ തോതിൽ ഈ പദാർത്ഥങ്ങള്‍ ഭക്ഷണത്തിലുണ്ടാകുമ്പോൾ അത് ഊർജമായി മാറാതെ വിവിധ അവയവങ്ങളിൽ അടിയുന്നു. അങ്ങനെ കരളിൽ അടിയുന്ന കൊഴുപ്പ് കെട്ടിക്കിടന്ന് കരളിന് വീക്കം സംഭവിക്കുകയും ചെയ്യുന്നു.

രണ്ട് തരം ഫാറ്റി ലിവറാണ് സാധാരണയായി കണ്ടുവരുന്നത്. ഒന്ന് മദ്യപാനം മുഖേനയുണ്ടാകുന്ന ഫാറ്റി ലിവർ, രണ്ട് മദ്യപാനത്തിലൂടെയല്ലാതെ ഉണ്ടാകുന്ന ഫാറ്റി ലിവർ. ക്ഷീണം, വയറുവേദന, ദഹനക്കേട് എന്നിവയാണ് പ്രധാനമായും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൂടാതെ ടൈപ്പ് രണ്ട് പ്രമേഹവും പൊണ്ണത്തടിയും ഇതിന്റെ ഭാഗമായി ഉണ്ടായേക്കാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

അൾട്രാസൗണ്ട് സ്കാനിനെ മാത്രം ആശ്രയിച്ച് ഫാറ്റി ലിവർ ഉണ്ടെന്ന് സ്ഥിരീകരിക്കുകയോ ചികിത്സ ആരംഭിക്കുകയോ ചെയ്യരുത്

പ്രതിവിധികൾ

വ്യായാമം

മിക്ക ജീവിതശൈലി രോഗങ്ങൾക്കുമെന്ന പോലെ വ്യായാമത്തിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുന്ന അസുഖമാണ് ഫാറ്റി ലിവർ. എയറോബിക് വ്യായാമം, വെയ്റ്റ് ട്രെയിനിങ്, ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ് എന്നിങ്ങനെ മൂന്ന് തരം വ്യായാമ രീതികളാണ് ഫാറ്റി ലിവറുകാർക്ക് ഡോക്ടർമാർ നിർദേശിക്കുന്നത്. ദിനേന നാല് മുതൽ അഞ്ച് കിലോമീറ്റർ ജോഗിങ് പോലുള്ള കഠിനവ്യായാമങ്ങളിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ കത്തിച്ചു കളയാൻ സാധിക്കും. അങ്ങനെ വ്യായാമം ചെയ്യുന്ന സമയങ്ങളിൽ കരളിൽ കെട്ടികിടക്കുന്ന അമിതമായ കൊഴുപ്പ് ശരീരം ഊർജമായി ഉപയോഗിക്കുന്നു.

ഇത് കാർബോഹൈഡ്രേറ്റുകളോ കൊഴുപ്പുകളോ അല്ല, മറിച്ച് കലോറിയാണ്. കുറഞ്ഞ കലോറി ഭക്ഷണരീതികൾ ഏറ്റവും ഫലപ്രദമാണ്. ഫാറ്റി ലിവർ കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമം സലാഡുകൾ, മുട്ട, നാരുകളുള്ള പയർവർഗങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ പ്രോട്ടീൻ ഭക്ഷണമാണ്.

കട്ടൻ കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ ഭേദമാകാൻ സഹായിച്ചേക്കും. ഒരു ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും കട്ടൻ കാപ്പി കുടിക്കുന്നത് നന്നാകും

ഡയറ്റ്

ഭക്ഷണക്രമം നിയന്ത്രിക്കുകയെന്നതാണ് ഫാറ്റി ലിവറിനെ നിയന്ത്രിക്കാനുള്ള മറ്റൊരു മാർഗം. ഭക്ഷണത്തിലെ കലോറിയുടെ അളവ് നിയന്ത്രിക്കുക. പ്രതിദിനം 1000 മുതൽ 1500 കലോറി വരെ ഉൾപ്പെടുന്ന കുറഞ്ഞ കലോറി ഭക്ഷണരീതിയാണ് ഏറ്റവും ഫലപ്രദമായ രീതി. ആൽക്കഹോൾ ഉൾപ്പെടാത്ത മെഡിറ്ററേനിയൻ ഭക്ഷണ രീതിയാണ് അതിലേറ്റവും അഭികാമ്യം. സലാഡുകൾ, മുട്ടകൾ, ഉയർന്ന നാരുകളുള്ള പയർവർഗങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളോ പൂരിത കൊഴുപ്പുകളോ അടങ്ങിയിട്ടില്ലാത്ത പ്രോട്ടീൻ ഭക്ഷണം എന്നിവയാണ് ഫാറ്റി ലിവറിൽ ഉൾപ്പെടുന്ന ഭക്ഷണക്രമം.

ഉറക്കം

ഒരു ദിവസം ആറ് മണിക്കൂറിനുള്ളിൽ താഴെ മാത്രമുള്ള ഉറക്കമോ പകൽ സമയത്ത് ഒരു മണിക്കൂറിന് മുകളിൽ ഉറങ്ങുകയോ ചെയ്യുന്നത് ഫാറ്റി ലിവർ അസുഖത്തെ കൂടുതൽ വഷളാക്കും. പര്യാപ്തമായ ഉറക്കം ലഭിക്കുക എന്നത് കരളിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. കൃത്യമായി ഉറങ്ങിയില്ലെങ്കിൽ ശരീരത്തിന്റെ പ്രവർത്തനങ്ങളും സുഗമമാകില്ല. അതുകൊണ്ട് തന്നെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സുഖപ്പെടുത്താനും കുറഞ്ഞത് 10 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഉറക്കവും ഫാറ്റി ലിവറുമായി നേരിട്ട് ബന്ധമില്ലെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. എന്നാൽ മദ്യപാനം മൂലമാണ് ഉറക്കം നഷ്ടപെടുന്നതെങ്കിൽ ഫാറ്റി ലിവർ കൂടാൻ ഇത് കാരണമാകും.

കട്ടൻ കാപ്പി കുടിക്കുക

കട്ടൻ കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ ഭേദമാകാൻ സഹായിച്ചേക്കും. ഒരു ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും കട്ടൻ കാപ്പി കുടിക്കുന്നത് നന്നാകും. ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്നാൽ അധികം രാത്രിയാകും മുൻപ് തന്നെ കാപ്പി കുടിക്കണമെന്നും വിദഗ്ദർ നിർദേശിക്കുന്നു. കൊഴുപ്പ് കത്തിച്ചു കളയാൻ കട്ടൻ കാപ്പി സഹായിക്കും.

മദ്യപാനം ഒഴിവാക്കുക

ഫാറ്റി ലിവർ ഉണ്ടാകാൻ ഏറ്റവും കൂടുതൽ കാരണമാകുന്നത് മദ്യപാനമാണ്. അതുകൊണ്ട് തന്നെ മദ്യപാനം ഒഴിവാക്കുക എന്നതാണ് ഫാറ്റി ലിവറിനുള്ള പ്രധാന മുൻകരുതൽ. മധുര പാനീയങ്ങൾ ഫ്രക്ടോസ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കേണ്ട പട്ടികയിലുള്ളതാണ്. ഇത്തരം ഭക്ഷണങ്ങൾ കൊഴുപ്പിന്റെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്നതിന് കാരണമാകുന്നവയാണ്. പ്രകൃതിദത്ത പഞ്ചസാരയെക്കാൾ സുരക്ഷിതമാണ് കൃത്രിമമായി ഉത്പാദിപ്പിക്കുന്ന മധുരം. അതുകൊണ്ട് തന്നെ അങ്ങനെയുള്ള പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നതാണ് ഉത്തമം.

മരുന്നുകൾ

ഫാറ്റി ലിവർ രോഗത്തിന്റെ ചികിത്സയ്ക്ക് അംഗീകൃത മരുന്നുകളൊന്നുമില്ല. വിറ്റാമിൻ ഇ, പിയോഗ്ലിറ്റാസോൺ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകൾ. മറ്റ് മരുന്നുകളൊന്നും ഉപയോഗപ്രദമല്ല. ഇവ ജീവിതകാലം മുഴുവൻ ഉപയോഗിക്കുകയും അരുത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ രോഗം സ്ഥിരീകരിച്ചവരിൽ മാത്രമേ ഡ്രഗ് തെറാപ്പി ആരംഭിക്കാവൂ. അൾട്രാസൗണ്ട് സ്കാനിനെ മാത്രം ആശ്രയിച്ച് ഫാറ്റി ലിവർ ഉണ്ടെന്ന് സ്ഥിരീകരിക്കുകയോ ചികിത്സ ആരംഭിക്കുകയോ ചെയ്യരുത്.

logo
The Fourth
www.thefourthnews.in