ഉമ്മന്‍ ചാണ്ടിക്ക് ഇമ്മ്യൂണോ തെറാപ്പി ചികിത്സ; എന്താണ് ഇമ്മ്യൂണോ തെറാപ്പി?

ഉമ്മന്‍ ചാണ്ടിക്ക് ഇമ്മ്യൂണോ തെറാപ്പി ചികിത്സ; എന്താണ് ഇമ്മ്യൂണോ തെറാപ്പി?

ഡോ. ബോബന്‍ തോമസ് ഇമ്മ്യൂണോ തെറാപ്പിയെക്കുറിച്ച് എഴുതുന്നു. മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ആയ ലേഖകന്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവിയാണ്
Updated on
3 min read

ആധുനിക ക്യാൻസർ ചികിത്സയിൽ (Modern Oncology) നിലവിലുള്ള ഏറ്റവും പുതിയ ചികിത്സ സമ്പ്രദായമാണ് ഇമ്മ്യൂണോ തെറാപ്പി. എന്നാൽ ഇത് സമകാലികമായി ആവിർഭവിച്ച് വന്ന ഒന്നല്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇമ്മ്യൂണോ തെറാപ്പിയെ കുറിച്ചുള്ള ഗവേഷണങ്ങളും അനുബന്ധ ചികിൽസാ രീതികളും ഉപയോഗത്തിലുണ്ടെങ്കിലും അത്ര ഫലപ്രദമല്ലാതിരുന്നത് കൊണ്ടും പാർശ്വഫലങ്ങളുടെ കാഠിന്യം കൊണ്ടും പ്രചാരം സിദ്ധിച്ചില്ലെന്ന് മാത്രം. എന്നാൽ പുതിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ രീതികൾ ക്യാൻസർ ചികിത്സ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്.

എന്താണ് ഇമ്മ്യൂണോ തെറാപ്പി?


നമ്മുടെ ശരീരത്തിൻ്റെ രോഗ പ്രതിരോധ ശേഷിയെ (Immune system) ഉപയോഗിച്ചുകൊണ്ട് ക്യാൻസറിനെ പ്രതിരോധിക്കുന്നതിനെയാണ് ഇമ്മ്യൂണോ തെറാപ്പി എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ ഒരു മുള്ള് കയറുകയും നമുക്കത് നീക്കം ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്താൽ എന്താണ് സംഭവിക്കുക. രണ്ടുദിവസം കഴിയുമ്പോഴേക്കും മുള്ളോ അതിൻ്റെ തരിയോ ഇരുന്ന ഭാഗം നീർക്കെട്ടുകൊണ്ട് ചുവക്കുകയും അതിന് ചുറ്റും പഴുപ്പ് രൂപാന്തരപ്പെടുകയും ചെയ്യും.

പഴുപ്പ് ശരീരത്തിൻ്റെ രോഗപ്രതിരോധ സംവിധാനത്തിൻ്റെ ഫലമായി ഉണ്ടാകുന്നതാണ്. വന്നിരിക്കുന്ന വസ്തു ശരീരത്തിന്റെ ഭാഗമല്ലെന്ന് മനസിലാക്കുകയും ആ ഫോറിൻ പാർട്ടിക്കിളിനെ പുറന്തള്ളാൻ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്ന മെക്കാനിസവുമാണ് പഴുപ്പ്. പിന്നീട് പഴുപ്പിനോടൊപ്പം സ്വാഭാവികമായി ആ വസ്തു പുറന്തള്ളപ്പെടുകയോ, പഴുപ്പ് പൊട്ടിച്ചു കളയുമ്പോൾ അത് പുറത്തേക്ക് പോവുകയോ ചെയ്യും. ഏതാണ്ട് ഇതുപോലെയാണ് ഇമ്മ്യൂണോ തെറാപ്പി ചികിത്സ പ്രവർത്തിക്കുന്നതെന്ന് നമുക്ക് പറയാൻ സാധിക്കും.

ജനിതക വ്യതിയാനങ്ങളെ കണ്ടുപിടിക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്നത് ശരീരത്തിൻ്റെ രോഗ പ്രതിരോധ സംവിധാനമാണ്

എന്നാൽ ക്യാൻസറിൻ്റെ കോശങ്ങൾ പുറത്തു നിന്ന് മുള്ള് പോലെ വരുന്ന ഒരു വസ്തുവല്ല മറിച്ച് ആന്തരിക കോശങ്ങൾ അസ്വഭാവികമായ വളർച്ചയിലൂടെ ക്യാൻസറായി രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ശരീരത്തിലുള്ള കോടാനുകോടി കോശങ്ങൾ ഓരോ മൈക്രോ സെക്കൻ്റിലും ഇരട്ടിച്ചു കൊണ്ടിരിക്കുകയാണല്ലൊ. ഈ പ്രക്രിയ നടക്കുമ്പോൾ തന്നെ ഓരോ കോശത്തിലും പലതരത്തിലുള്ള ജനിതകമായ വ്യതിയാനങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഈ ജനിതക വ്യതിയാനങ്ങളെ കണ്ടുപിടിക്കുകയും അത് കറക്റ്റ് ചെയ്യുകയും ചെയ്യുന്നത് ശരീരത്തിൻ്റെ രോഗ പ്രതിരോധ സംവിധാനമാണ്.

ജനിതക വ്യതിയാനങ്ങൾ സംഭവിച്ച കോശങ്ങളെ റിപ്പയർ ചെയ്യുകയോ അതിന് സാധ്യമല്ലെങ്കിൽ ആ കോശങ്ങളെ നശിപ്പിച്ച് കളയുകയോ ആണ് ഈ മെക്കാനിസം ചെയ്യുന്നത്. മെഡിക്കൽ ഭാഷയിൽ ഞങ്ങളിതിനെ 'Tumor suppressor genes' എന്ന് വിളിക്കും. ശരീരത്തിൻ്റെ  രോഗപ്രതിരോധ സംവിധാനം ഇതിൽ പരാജയപ്പെടുമ്പോഴാണ് കോശങ്ങൾ അനിയന്ത്രിതമായി പെറ്റു പെരുകുന്നതും ട്യൂമറായി രൂപാന്തരം പ്രാപിക്കുന്നതും. തകരാറുള്ള കോശങ്ങൾ ശരീരത്തിന് ആവശ്യമില്ലെന്ന് മനസിലാക്കുകയും അതിനെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്ന ചികിത്സ രീതിയെയാണ് ഇമ്മ്യൂണോ തെറാപ്പി എന്ന് പറയുന്നത്.

താരതമ്യേന ഫലപ്രാപ്തി കുറഞ്ഞതും പാർശ്വഫലങ്ങൾ കൂടിയതുമായ പഴയ ഇമ്മ്യൂണോ തെറാപ്പി മരുന്നുകൾക്ക് പകരം നൂതനമായ "ചെക്ക് പോയിൻറ് ഇൻഫിബിറ്റർ" എന്ന ഗ്രൂപ്പിൽ പെടുന്ന ഇമ്മ്യൂണോ തെറാപ്പി മരുന്നുകളാണ് ഇന്ന് ഉപയോഗിക്കുന്നത്

പലതരത്തിലുള്ള ഇമ്മ്യൂണോ തെറാപ്പികൾ ഇന്ന് ലഭ്യമാണ്. ഇൻറർ ഫെറോൺ (Interferon), ഇൻ്റർ ലുക്കീൻ (Interluekin) തുടങ്ങിയ താരതമ്യേന ഫലപ്രാപ്തി കുറഞ്ഞതും പാർശ്വഫലങ്ങൾ കൂടിയതുമായ പഴയ ഇമ്മ്യൂണോ തെറാപ്പിയിൽ നിന്ന് നൂതനമായ "ചെക്ക് പോയിൻറ് ഇൻഫിബിറ്റർ" എന്ന ഗ്രൂപ്പിൽ പെടുന്ന ഇമ്മ്യൂണോ തെറാപ്പി മരുന്നുകളായ നിവോലുമാബ് (Nivolumab), പെമ്പ്രോലിസുമാബ് (Pembrolizumab), അറ്റിസോലുസുമാബ് (Atezolizumab) എന്നിവയിൽ നമ്മൾ എത്തിച്ചേർന്നിരിക്കുന്നു.

ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സാ രീതി മലയാളികൾ കേൾക്കുന്നത് ഉമ്മൻചാണ്ടിയിൽ നിന്നല്ല. അതിനും ഒരുപാട് വർഷങ്ങൾക്ക് മുൻപ് മമ്ത മോഹൻദാസിനെ ബാധിച്ച ഹോഡ്ജികിൻസ് ലിംഫോമ (Hodgkin's lymphoma) എന്ന അസുഖത്തിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ്. മംമ്തയ്ക്ക് കീമോതെറാപ്പി നടത്തിയിരുന്നു. അസുഖം തിരിച്ചു വന്നതിന് ശേഷം വീണ്ടും കീമോതെറാപ്പി എടുക്കുകയും മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ (Stemcell therapy) നടത്തുകയും ചെയ്തു. അതിന് ശേഷം വീണ്ടും അസുഖം തിരിച്ചു വന്നപ്പോഴാണ് 'നിവോലുമാബ് ' എന്ന ഇമ്മ്യൂണോ തെറാപ്പി മരുന്ന് ആദ്യമായി ഉപയോഗിക്കുന്നത്. അന്ന് ആ മരുന്ന് ഇന്ത്യയിൽ ലഭ്യമല്ലായിരുന്നു. ക്ലിനിക്കൽ ട്രയലിൻ്റെ ഭാഗമായിരുന്ന ആ മരുന്ന് അമേരിക്കയിൽ നിന്നാണ് സ്വീകരിച്ചത് . അതിൻ്റെ ഫലമായി വർഷങ്ങളോളം അസുഖങ്ങളില്ലാതെ കർമമേഖലയിൽ തുടരാൻ അവർക്കുകഴിഞ്ഞിരുന്നു.

മമ്ത മോഹൻദാസ്
മമ്ത മോഹൻദാസ്

ഹോഡ്ജ്കിൻസ് ലിംഫോമയിൽ ഇമ്മ്യൂണോ തെറാപ്പി ഫലപ്രദമാണ് എന്ന് തെളിഞ്ഞതിനുശേഷം ശ്വാസകോശം, വൃക്ക, മൂത്രസഞ്ചി, കുടൽ എന്നിവയിലുണ്ടാകുന്ന പല ക്യാൻസറുകളിലും ഇമ്മ്യൂണോ തെറാപ്പി ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മുൻപൊക്കെ അഡ്വാൻസ്ഡ് സ്റ്റേജിൽ മാത്രം ഉപയോഗിച്ചിരുന്ന ഇമ്യൂണോ തെറാപ്പി മരുന്നുകൾ ഇന്ന് പല ക്യാൻസറുകളുടെയും ആരംഭദശയിൽ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പഠനവും പുരോഗമിക്കുന്നുണ്ട്. പല ക്യാൻസറുകൾക്കും ആരംഭഘട്ടത്തിൽ ഈ ചികിത്സ പ്രയോജനപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്.

ഇമ്മ്യൂണോ തെറാപ്പി വളരെ ചെലവേറിയ ചികിത്സാ സമ്പ്രദായമാണ്. അതിൻ്റെ അടുത്ത ജനറേഷനായ കാർട്ടിസെൽ ഇമ്യൂണോ തെറാപ്പി (CAR T Cell Therapy ) വിദേശ രാജ്യങ്ങളിലെല്ലാം വർഷങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ്. അടുത്തകാലത്ത് മുംബൈയിലും ചെന്നൈയിലും ഉള്ള ചില സെന്ററുകളിൽ ഇത് ഉപയോഗിക്കുകയും ഫലപ്രദമാണെന്ന് തെളിയുകയും ചെയ്ത കാര്യം കൂടി ഞാൻ ഈ അവസരത്തിൽ നിങ്ങളെ ഓർമിപ്പിക്കട്ടെ. ഇമ്മ്യൂണോ തെറാപ്പിയിൽ തന്നെ വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഡോസിൽ കുറവ് വരുത്തി ലോ ഡോസ് (Low dose) ഇമ്മ്യൂണോ തെറാപ്പി എന്ന പേരിൽ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുകയും അത് ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നു. 200/ 240mg എടുക്കുന്നതിന് പകരം 40/100 mg ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇമ്മ്യൂണോ തെറാപ്പിയിൽ തന്നെ വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഡോസ്സിൽ കുറവ് വരുത്തി ലോ ഡോസ് (Low dose) ഇമ്മ്യൂണോ തെറാപ്പി എന്ന പേരിൽ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുകയും അത് ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നു

ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകളിൽ ഇമ്മ്യൂണോതെറാപിക്ക് ഫലപ്രദമായ ഒരു പങ്കുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
നമുക്കേവർക്കും പ്രിയങ്കരനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇമ്മ്യൂണോ തെറാപ്പി ചികിത്സയാണ് നൽകുന്നത് എന്ന കാര്യം നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ആദ്യം വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നതാണ്.

കീമോ തെറാപ്പി ചികിത്സയെ അപേക്ഷിച്ച് ഇമ്യൂണോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ താരതമ്യേന കുറവും വ്യത്യസ്തമായിരിക്കും. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളായ ഛർദിൽ, മുടി കൊഴിച്ചിൽ, ബ്ലഡിലെ കൗണ്ട് കുറയുക എന്നിവ ഈ ചികിത്സാരീതിയിൽ കാണാറില്ല. താരതമ്യേന അപകടകരമല്ലാത്ത മറ്റ് പാർശ്വഫലങ്ങളെ ചെറിയ ഡോസ് സ്റ്റിറോയ്ഡുകൾ കൊണ്ട് മറികടക്കാൻ നമുക്ക് സാധിക്കും.

logo
The Fourth
www.thefourthnews.in