ബീജത്തിന്റെ എണ്ണം കുറവുള്ള പുരുഷന്മാരുടെ കുടുംബത്തിൽ കാൻസർ സാധ്യത കൂടുതലെന്ന് പഠനം
ബീജത്തിന്റെ എണ്ണം കുറവുള്ള പുരുഷന്മാരുടെ കുടുംബത്തിൽ കാൻസർ സാധ്യത കൂടുന്നു എന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് ഉട്ടാഹിലെ ഗവേഷകർ ജനറ്റിക് സീക്വൻസിങ് അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ നിഗമനം. ബീജം ഉല്പാദിപ്പിക്കാത്ത വ്യക്തികൾക്കും ബീജത്തിന്റെ എണ്ണം വളരെ കുറവുള്ളവർക്കുമാണ് ഗവേഷകർ ഈ സാധ്യത പറയുന്നത്.
ഇവരിൽ എല്ലിന് കാൻസർ വരാനുള്ള സാധ്യത 156 ശതമാനം വർധിച്ചുവെന്നാണ് പഠനം. മറ്റു ശരീരഭാഗങ്ങളിലും കാൻസർ സാധ്യതയുണ്ടെങ്കിലും ഏറ്റവും കൂടുതൽ സാധ്യത എല്ലില്‍ ബാധിക്കാനാണെന്നും പഠനത്തില്‍ പറയുന്നു. കോശങ്ങളിലും സോഫ്റ്റ് ടിഷ്യൂകളിലും തൈറോയ്ഡിലും കാൻസർ വരാനുള്ള സാധ്യത യഥാക്രമം 60, 56, 54 ശതമാനങ്ങളാണ്.
യൂണിവേഴ്സിറ്റി ഓഫ് ഉട്ടാഹിലെ ഗവേഷകർ പറയുന്നതനുസരിച്ച് ഒളിഗോസൂസ്‌പെമിക്ക് അഥവാ ബീജത്തിന്റെ എണ്ണം കുറയുന്ന അവസ്ഥയുള്ളവരുടെ കുടുംബത്തിൽ എല്ലിനും ജോയിന്റിലും കാൻസർ വരാൻ സാധ്യതയുണ്ട്. ഒരു മില്ലി ലിറ്റർ ശുക്ലത്തില്‍ 1.5 മില്യൺ ബീജമുണ്ടാകണം. അതിൽ കുറവുള്ളവരെ കുറിച്ചാണ് ഗവേഷണം. ടെസ്റ്റിക്കുലാർ കാൻസർ വരാനുള്ള സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു.
വന്ധ്യതയേയും കാൻസറിനെയും മനസിലാക്കുന്നതിൽ ഈ പഠനം മാറ്റം കൊണ്ടുവരുമെന്നാണ് ഗേവഷകർ അവകാശപ്പെടുന്നത്. ഈ പഠനത്തിലൂടെ ആളുകളിലുള്ള കാൻസർ സാധ്യത നേരത്തെ തന്നെ മനസിലാക്കാനും ചികിത്സ ആരംഭിക്കാനും സാധിക്കും. അമേരിക്കയിൽ 1996 മുതൽ 2017 വരെ 21 വര്ഷം വന്ധ്യതാ ചികിത്സയ്ക്ക് വിധേയരായ 786 പുരുഷന്മാരെ സാമ്പിളാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഈ സാമ്പിളുകളെ ഒരു കുട്ടിയെങ്കിലുമുള്ള സമൂഹത്തിലെ മറ്റ് പുരുഷന്മാരുമായി താരതമ്യം ചെയ്തപ്പോൾ 5674 സമാനമായ സാഹചര്യത്തിലുള്ളവരെ കണ്ടെത്താൻ സാധിച്ചു. ഉട്ടാഹ് ജില്ലയിലെ ജനസംഖ്യ വിവരങ്ങളും കാൻസർ രജിസ്ട്രിയും അടിസ്ഥാനപ്പെടുത്തിയാണ് പഠനം.
സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന കുടുംബങ്ങളെ മനസിലാക്കുന്നതിന് ക്ലസ്റ്റർ അനാലിസിസ് എന്ന സാംപ്ലിങ് രീതിയാണ് ഗവേഷകർ ഉപയോഗിച്ചത്. സമാനമായ നിഗമനങ്ങളിലേക്കെത്തിയ പഠനങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലുംവ്യത്യസ്തതരം ക്യാൻസറുകൾക്കുള്ള സാധ്യത മനസിലാക്കുന്നതിൽ ആ പഠനങ്ങൾ പരാജയപ്പെട്ടു എന്നും, ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് ഉട്ടാഹ് സംഘടിപ്പിച്ച ഈ പഠനമാണ് ആദ്യമായി ലോകത്ത് വന്ധ്യതയും വ്യത്യസ്തതരം കാൻസറുകളും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നത്. വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലിരുന്ന പുരുഷന്മാരെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനമെന്നരീതിയിൽ, സമൂഹത്തിന്റെ പരിച്ഛേദം തന്നെ ഈ പഠനത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.