പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഏഷ്യയിൽ ഏറ്റവും കൂടുതൽ ഗർഭാശയ കാൻസർ ബാധിതർ ഇന്ത്യയിൽ

രോഗബാധിതരുടെ പട്ടികയിൽ ഇന്ത്യയ്ക്ക് പുറകെ ചൈനയും
Updated on
1 min read

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഗർഭാശയ കാൻസർ കേസുകള്‍ ഇന്ത്യൻ സ്ത്രീകളിലെന്ന് പഠനം. സ്തനാര്‍ബുദം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരില്‍ കണ്ടുവരുന്ന വകഭേദമായ ഗര്‍ഭാശയ കാന്‍സറെന്നാണ് വിലയിരുത്തല്‍. ഇതിന്റെ വ്യാപ്തിയാണ് ഇപ്പോള്‍ പുറത്തുവന്ന ലാന്‍സെറ്റ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട് പ്രകാരം ഗർഭാശയ കാൻസർ മൂലം ഏഷ്യയില്‍ മരിച്ചവരില്‍ 23 ശതമാനം ഇന്ത്യയിലാണ്. ഇന്ത്യയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഗർഭാശയ കാൻസർ കേസുകള്‍ ചൈനയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആകെ മരണത്തിന്റെ 17 ശതമാനം ചൈനയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോള തലത്തില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ സാധാരണമായി കാണപ്പെടുന്ന നാലാമത്തെ കാൻസർ വകഭേദമാണ് ഗർഭാശയ കാൻസർ. 2020ലെ കണക്ക് പ്രകാരം, ലോകത്ത് ആകെ 6,04,127 ഗർഭാശയ അർബുദ ബാധിതരാണ് ഉണ്ടായിരുന്നത്. അതില്‍ 3,41,831 രോഗം മൂലം മരിച്ചു. ലോകത്തെ മുഴുവന്‍ ഗർഭാശയ കാൻസർ ബാധിതരില്‍ 21 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ആകെ രോഗബാധിതരില്‍ 58 ശതമാനം കേസുകളും ഏഷ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്ത് ശതമാനം കേസുകള്‍ മാത്രമെ യൂറോപ്പില്‍ നിന്നും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും രേഖപ്പെടുത്തിയിട്ടുള്ളു.

എന്നാല്‍, ഗർഭാശയ കാൻസർ കേസുകളില്‍ കുത്തനെ കുറവ് രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ട്. ഗര്‍ഭധാരണ നിരക്കില്‍വന്ന ഇടിവും നഗരവാസികള്‍ക്കിടയില്‍ സ്ക്രീനിംഗ് പ്രോഗ്രാമുകള്‍ കൂടുതലാക്കിയതും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതുമെല്ലാം ഗർഭാശയ കാൻസർ കേസുകളിൽ കുറവ് വന്നതിലെ പ്രധാന ഘടകങ്ങളാണ്.

അതേസമയം, ഗർഭാശയ കാൻസറിനെ ചെറുക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി 9-14 വയസിനിടയിലുള്ള പെണ്‍കുട്ടികളില്‍ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവെയ്പിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് എന്‍ടിഎജിഐ ചെയര്‍പേഴ്സണ്‍ ഡോ. എന്‍ കെ അറോറ അറിയിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ വാക്സിന്‍ 'സെര്‍വവാക്' പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2023 പകുതിയോടെ പ്രതിരോധകുത്തിവെപ്പ് ഡ്രൈവ് ആരംഭിക്കുന്നതായിരിക്കും. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസത്തോടെ ഗർഭാശയ അർബുധം തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച 'എച്പിവി' വാക്സിന്‍ ലഭ്യമാക്കുന്നതാണ്. ചിലതരത്തിലുള്ള ഹ്യൂമന്‍ പാപിലോമാവൈറസ് ഉണ്ടാക്കുന്ന അണുബാധയാണ് ഗർഭാശയ കാൻസറിന്‍റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്. ഇത്തരം അണുബാധ തടയുന്നതാണ് ഹ്യുമന്‍ പാപിലോമവൈറസ് വാക്സിനുകള്‍.

logo
The Fourth
www.thefourthnews.in