കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ് കേസുകള്‍; ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 797 പുതിയ കേസുകളുമായി ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറു മരണങ്ങളും കോവിഡിന്‌റേതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‌റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 4097 സജീവ കേസുകളാണുള്ളത്. പുതുവര്‍ഷാഘോഷം കഴിയുന്നതോടെ കേസുകളുടെ എണ്ണം ഇനിയും കൂടാമെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ജെഎന്‍.1 കോവിഡ്-19 വേരിയന്റ് കൂടുതല്‍ പകരുന്നതും പകര്‍ച്ചവ്യാധിയുമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ ഡെപ്യൂട്ടി ജനറല്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ മൂന്നാമത്തെ കോവിഡ് തരംഗത്തിലേക്ക് നയിച്ച ഒമിക്രോണിന്‌റെ ഉപവകഭേദമാണ് ജെഎന്‍.1. രോഗം വന്നതിലൂടെയും വാക്‌സിനേഷനിലൂടെയും ലഭിച്ച പ്രതിരോധശേഷി ഇപ്പോഴുണ്ട്. അതുകൊണ്ടാണ് കോവിഡ് അണുബാധ പിടിപെടുന്നവരില്‍ രോഗം മൂര്‍ച്ഛിക്കാത്തതിനു കാരണം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരിശോധനകളുടെ എണ്ണം കൂട്ടിയതിന്‌റെ ഫലമാണ് ഇപ്പോള്‍ കാണുന്ന കേസുകളിലെ വര്‍ധനവെന്നും സൗമ്യ ചൂണ്ടിക്കാട്ടി. ജനിതകശ്രേണീകരണത്തിനായി വിശദ പരിശോധന നടത്തുന്നതിലൂടെ കൂടുതല്‍ ജെഎന്‍.1 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാം. ഡിസംബര്‍ 28 വരെ ജെഎന്‍.1ന്‌റേതായി 145 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ആശുപത്രികളില്‍ വേണ്ട സജ്ജീകരണങ്ങളെല്ലാം ഉറപ്പുവരുത്താന്‍ സംസ്ഥന ആരോഗ്യമന്ത്രിമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തില്‍ 78ഉം ഗുജറാത്തില്‍ 34 കേസുകളും പുതുതായി റിപ്പോര്‍ട്ട് ചെയ്തതോടെ അടുത്ത പത്തു മുതല്‍ പതിനഞ്ച് ദിവസത്തേക്ക് കൂടുതല്‍ കരുതലെടുക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
മുന്‍കരുതല്‍ ഡോസുകളായി പ്രതിരോധ കുത്തിവയ്പുകള്‍ക്കായി 30,000 ഡോസ് കോവിഡ് -19 വാക്‌സിന്‍ വാങ്ങുമെന്ന് ഡിസംബര്‍ 26 ന് നടന്ന കോവിഡ് -19 ആദ്യ മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. കോര്‍ബെവാക്സിന്റെ ഡോസുകള്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ജനുവരി ആദ്യവാരം അത് ലഭിക്കുമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.