ഒരു വര്‍ഷം 14 ലക്ഷത്തിലധികം കേസുകള്‍; അര്‍ബുദ രോഗബാധയുടെ ഭയപ്പെടുത്തുന്ന കണക്കുകള്‍
ഇന്ന് ഫെബ്രുവരി 4, ആഗോള തലത്തില്‍ അര്‍ബുദ ദിനമായി ആചരിക്കപ്പെടുന്ന ദിവസം. കാന്‍സര്‍ രോഗം ഇല്ലാത്ത ഒരു ഭാവികാലം എന്നതാണ് ഒരോ കാന്‍സര്‍ ദിനാചരണവും ഓര്‍മ്മിപ്പിക്കുന്നത്. ഇന്ത്യയെ പോലുള്ള ഒരു വികസ്വര രാഷ്ട്രത്തില്‍ കാന്‍സര്‍ എന്ന രോഗം ഉണ്ടാക്കുന്ന ഭീഷണി ഏറെ വലുതാണ് എന്നതാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2022 ല്‍ 14 ലക്ഷത്തിലധികം പുതിയ കാന്‍സര്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 9 ലക്ഷത്തിലധികം മരണങ്ങളും കാന്‍സര്‍ രോഗം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കാന്‍സര്‍ വിഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
കേരളത്തിലും കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍. ഒരു ലക്ഷം പേരില്‍ 137 എന്ന നിലയിലാണ് സംസ്ഥാനത്തെ കാന്‍സര്‍ രോഗികളുടെ കണക്ക്. ഒരു വര്‍ഷം ശരാശരി 66000 പേര്‍ക്ക് എന്ന നിലയില്‍ കാന്‍സര്‍ രോഗബാധ സ്ഥിരീകരിക്കുന്നുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ സ്തനാർബുദത്തിൽ 27 ശതമാനവും സെർവിക്കൽ ക്യാൻസറിൽ 18 ശതമാനവുമാണ് വർധനവ് രേഖപ്പെടുത്തിയിട്ടുള്ളത്
റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുകയും മരണകാരണമാവുകയും ചെയ്യുന്നത് സ്തനാർബുദവും സെര്‍വിക്കല്‍ കാന്‍സറുമാണ്. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ സ്തനാർബുദത്തിൽ 27 ശതമാനവും സെർവിക്കൽ ക്യാൻസറിൽ 18 ശതമാനവുമാണ് വർധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.
പുരുഷൻമാരിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്നത് ചുണ്ടുകൾ, ശ്വാസകോശം, പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ്. പുരുഷന്മാരിൽ പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ ചുണ്ടുകളെ ബാധിക്കുന്ന കാൻസറിൽ 15.6 ശതമാനവും ശ്വാസകോശ കാന്‍സര്‍ കേസുകളിൽ 12.4 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രോഗനിർണയത്തിന് ശേഷമുള്ള അഞ്ച് വർഷം ജീവിച്ചിരിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഏകദേശം 32.6 ലക്ഷം ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 14 ലക്ഷം കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒൻപത് ലക്ഷം മരണങ്ങളുണ്ടായതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ കാൻസർ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രവചനം. 2050ഓടെ മൂന്ന് കോടി 50 ലക്ഷത്തിലധികം പുതിയ കാൻസർ കേസുകൾ രാജ്യത്ത് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. 2022ൽ പ്രതീക്ഷിച്ച കണക്ക് രണ്ട് കോടിയായിയുന്നു, ഇതിൽ നിന്നും 77 ശതമാനം വർധനവാണുണ്ടായത്. 2012 മുതലുള്ള മരണങ്ങളുടെ കണക്കിൽ ഏകദേശം ഇരട്ടി വർധനവാണുള്ളത്, കാൻസർ ബാധിച്ച് ഒരു കോടി എട്ട് ലക്ഷത്തിലധികം മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
വർധിച്ചു വരുന്ന പുകയില ഉപയോഗം, മദ്യപാനം, ഉദാസീനമായ ജീവിതശൈലി, ഇവയൊക്കെയാണ് വർധിച്ചുവരുന്ന ക്യാൻസർ കേസുകൾക്കും ജനസംഖ്യയിലെ വർധനവിനും പിന്നിലെ പ്രധാന ഘടകങ്ങളെന്നാണ് ലോകാരോഗ്യ സംഘടനയുടെ കാൻസർ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തിന് അകത്ത് കാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യവും രാജ്യത്ത് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. മ്യൂട്ടേഷന്‍ സംഭവിച്ച ജനിത പാരമ്പര്യമാണ് ഇത്തരം രോഗാവസ്ഥയ്ക്ക് പ്രധാനമായും കാരണമാകുന്നത്. പാരമ്പര്യത്തിന് പുറമെ പാരിസ്ഥിതിക ഘടകങ്ങളും രോഗ സാഹചര്യം വര്‍ധിപ്പിക്കുന്നു.
ഇന്ത്യയിൽ, 75 വയസ്സ് തികയുന്നതിന് മുമ്പ് കാൻസർ വരാനുള്ള സാധ്യത പത്ത് ശതമാനമാണ്. ഇതേ പ്രായത്തിൽ കാൻസർ ബാധിച്ച് മരിക്കാനുള്ള സാധ്യത ഏഴ് ശതമാനവുമാണ്. ആഗോളതലത്തിൽ, ഈ കണക്കുകൾ യഥാക്രമം 20 ശതമാനവും 9.6 ശതമാനവുമാണ്.
ആഗോളതലത്തിൽ, 2 കോടി പുതിയ കാൻസർ കേസുകളും 97 ലക്ഷം മരണങ്ങളുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്ന കണക്ക്. കാൻസർ രോഗനിർണയത്തിന് ശേഷമുള്ള അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 5.3 കോടി ആളുകൾ രോഗത്തെ അതിജീവിച്ചതായും റിപ്പോർട്ടിലുണ്ട്.
ആരോഗ്യ പരിരക്ഷയുടെ ഭാഗമായി ഭൂരിഭാഗം രാജ്യങ്ങളിൽ ക്യാൻസറിനും പാലിയേറ്റീവ് (വേദനയുമായി ബന്ധപ്പെട്ട) പരിചരണ സേവനങ്ങൾക്കും വേണ്ടത്ര ധനസഹായം നൽകുന്നില്ലെന്നാണ് 115 രാജ്യങ്ങളിൽ നിന്നുള്ള സർവേ ഫലങ്ങൾ അടിസ്ഥനമാക്കി ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ട് പ്രകാരം ഏറ്റവും സാധാരണമായി ആളുകളിൽ കാണപ്പെടുന്ന കാൻസറും ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിനിടയാക്കുന്ന കാൻസറും ശ്വാസകോശ അർബുദമാണ്.