എന്താണ് ഹെപ്പറ്റൈറ്റിസ്? രോഗാവസ്ഥയെക്കുറിച്ച് അറിയേണ്ടതെല്ലാം
ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം. ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടുപിടിച്ച നോബല്‍ സമ്മാന ജേതാവായ ബറൂക്ക് സാമുവല്‍ ബ്ലംബര്‍ഗിന്റെ ജന്മദിനമാണ് ആഗോള തലത്തില്‍ ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ശരീരത്തിലെ ജൈവരാസപ്രവര്‍ത്തനത്തിന്റെ മുഖ്യകേന്ദ്രമായ കരളിന് വിവിധ കാരണങ്ങളാല്‍ ഉണ്ടാവുന്ന വീക്കവും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. സ്വാഭാവികമായി ഭേദമാവുകയോ, കരളിന്റെ മാരക അവസ്ഥയിലേക്ക് രോഗിയെ നയിക്കുന്ന സീറോസിസ്, ഫയിബ്രോസിസ് അവസ്ഥയിലേക്ക് വ്യക്തികളെ എത്തിക്കാനും ഹെപ്പറ്റൈറ്റിസ് കാരണമാവുന്നു.
എന്താണ് ഹെപ്പറ്റൈറ്റിസ്?
കരളിന്‍റെ വീക്കത്തിനെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. വിവിധ ആരോഗ്യപ്രശ്നങ്ങള്‍, മദ്യപാനം, ചില മരുന്നുകള്‍ എല്ലാം ഹെപ്പറ്റൈറ്റിസ് കാരണമാകാം. എന്നിരുന്നാലും വൈറല്‍ അണുബാധയാണ് ഹെപ്പറ്റൈറ്റിസിന്‍റെ പ്രധാന കാരണം. നമ്മളുടെ ശരീരത്തില്‍ പോഷകങ്ങള്‍ പ്രൊസസ് ചെയ്യുകയും രക്തശുദ്ധീകരണം നടത്തുകയും അണുബാധയെ ചെറുക്കുകയും ചെയ്യുന്ന അവയവമാണ് കരള്‍. കരളിനുണ്ടാകുന്ന വീക്കമോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ അതിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാം.
ഹെപ്പറ്റൈറ്റിസ് അണുബാധ എങ്ങനെ പകരുന്നു?
ഹെപ്പറ്റൈറ്റിസ് എയും ഇയും മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും രക്തം, ശരീര സ്രവങ്ങള്‍, യോനീസ്രവം, രേതസ് എന്നിവയിലൂടെയാണ് പകരുന്നത്.
ഹെപ്പറ്റൈറ്റിസിനെ എങ്ങനെ പ്രതിരോധിക്കാം?
ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുന്നതാണ് ആദ്യത്തെ പ്രതിരോധമാര്‍ഗം. പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും വേണം. അതുവഴി രോഗവര്‍ധനവ് തടയുകയും ഹെപ്പറ്റൈറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയുമാണ് വേണ്ടത്. ഇതിനായി 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ 0.1 ശതമാനത്തില്‍ താഴെ കൊണ്ടുവരേണ്ടതാണ്. ഈ ലക്ഷ്യം നേടാന്‍ ജനനത്തില്‍ തന്നെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. രോഗബാധിതയായ അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിന് ജനനത്തില്‍ തന്നെ ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യുണോഗ്ലോബുലിനും നല്‍കേണ്ടതാണ്. എല്ലാ ഗര്‍ഭിണികളും ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുന്നതിനുളള പരിശോധനകള്‍ ചെയ്യേണ്ടതാണ്. തീവ്രരോഗബാധയുണ്ടാകാന്‍ ഇടയുള്ളവരും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും, കഴിക്കുന്നതിന് മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക
മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.
പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.
ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയ്യാറാക്കുക.
ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.
കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക.
രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
കാത്, മൂക്ക് എന്നിവ കുത്തുവാനും പച്ച കുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
ഹെപ്പറ്റൈറ്റിസ് ബിയ്ക്കും സിയ്ക്കും ചികിത്സയും മരുന്നുകളും കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ ചികിത്സാ കേന്ദ്രങ്ങളായിട്ടുണ്ട്.