ദീർഘകാല കോവിഡ് വൈറസ് ബാധ; അവയവങ്ങളുടെ ആരോഗ്യത്തെ ബാധിക്കും, തലച്ചോറിലും വൃക്കയിലും പ്രകടമായ മാറ്റമെന്ന് പഠനം
കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷവും ദീർഘകാലം വൈറസ് ബാധയുണ്ടായിരുന്നവരിൽ, ചില അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചേക്കാമെന്ന് പഠനം. കോവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ പരിശോധിക്കുന്നതിനായി എംആർഎ സ്കാനുകൾ വിശകലനം ചെയ്ത് യുകെയിൽ നടത്തിയ ഫോസ്പ്-കോവിഡ് പഠനത്തിലാണ് കണ്ടെത്തൽ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷവും കോവിഡ് ദീർഘകാലം നിലനിന്നിട്ടുള്ളവരിൽ ശ്വാസകോശം, തലച്ചോറ്, വൃക്ക തുടങ്ങി ഒന്നിലധികം അവയവങ്ങളിൽ കേടുപാടുകൾ സംഭവിക്കാനുള്ള മൂന്നിരട്ടി സാധ്യതയുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് ഓരോരുത്തരിലും ബാധിച്ച വൈറസിന്റെ തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുമെന്ന് ഗവേഷകർ പറയുന്നു. ദീർഘകാല കോവിഡിന് ഫലപ്രദമായ ചികിത്സാരീതി വികസിപ്പിക്കാൻ പഠനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ഗുരുതരമായി കോവിഡ് ബാധിച്ചവരിൽ, എംആർഐ സ്കാനുകളിൽ തലച്ചോറിലും വൃക്കയിലും അസാധാരണമായ വ്യത്യാസം കണ്ടെത്തിയപ്പോള്‍, ഹൃദയത്തിന്റെയോ കരളിന്റെയോ ആരോഗ്യത്തിൽ കാര്യമായ വ്യത്യാസമില്ല
ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച്, വൈറസ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്ന 259 രോഗികളുടെ എംആർഐ സ്കാനിന്റെ വിവരങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഇതനുസരിച്ച്, ഡിസ്ചാർജ് ചെയ്ത് അഞ്ച് മാസത്തിന് ശേഷം, ഇവരുടെ പ്രധാന അവയവങ്ങളുടെ സ്കാന്‍ റിപ്പോർട്ടുകള്‍ കോവിഡ് ബാധിച്ചിട്ടില്ലാത്ത 52 പേരുടെ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രകടമായ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. ശ്വാസകോശത്തിലാണ് ഏറ്റവും കൂടുതല്‍ വ്യത്യാസം കണ്ടെത്തിയത്. ഗുരുതരമായി കോവിഡ് ബാധിച്ചവരിൽ, എംആർഐ സ്കാനുകളിൽ തലച്ചോറിലും വൃക്കയിലും അസാധാരണമായ വ്യത്യാസം കണ്ടെത്തിയപ്പോള്‍, ഹൃദയത്തിന്റെയോ കരളിന്റെയോ ആരോഗ്യത്തിൽ കാര്യമായ വ്യത്യാസമില്ല.
പ്രാരംഭ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ച ശേഷവും ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുകളിലും ഒന്നിലധികം അവയവങ്ങളില്‍ കേടുപാടുകൾ കാണപ്പെടുന്നു
ദീർഘകാല കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവർക്ക് അവയവങ്ങളില്‍ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രതിനിധിയും ഗവേഷകരില്‍ ഒരാളുമായ ഡോ. ബെറ്റി രാമൻ പറഞ്ഞു. "രോഗിയുടെ പ്രായം, കോവിഡ് ബാധിച്ചതിന്റെ ഗുരുതരാവസ്ഥ, മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നോ എന്നിവയെല്ലാം ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഉണ്ടാകുന്ന കേടുപാടുകളെ ബാധിക്കുന്നവയാണെന്ന് അവർ വ്യക്തമാക്കി.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിലും പ്രാരംഭ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ച ശേഷവും ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുകളിലും ഒന്നിലധികം അവയവങ്ങളില്‍ കേടുപാടുകൾ കൂടുതലായി കാണപ്പെടുന്നുവെന്ന് ഡോ. ബെറ്റി പറയുന്നു. "എംആർഐയിൽ രണ്ടിലധികം അവയവങ്ങളില്‍ മാറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ കഠിനമായ മാനസിക- ശാരീരിക വൈകല്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത നാലിരട്ടി കൂടുതലാണ്. ഇവരിൽ വൃക്ക, മസ്തിഷ്‌കം തുടങ്ങിയവയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പിക്കേണ്ടത് ആവശ്യമാണ്." അവർ വ്യക്തമാക്കി.
ലോങ്ങ് കോവിഡ് സിൻഡ്രോം ഉണ്ടാക്കുന്ന ലക്ഷണങ്ങൾ മനസിലാക്കാൻ പഠനം സഹായകമാണെന്ന് ലെസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ക്രിസ് ബ്രൈറ്റ്ലിങ്ങും പറയുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും എങ്ങനെ പ്രതിരോധിക്കാമെന്നും കണ്ടെത്താനും ദീർഘകാല കോവിഡിന് പുതിയ ചികിത്സാരീതി ആവിഷ്‌ക്കരിക്കാനും പഠനം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.