മാജിക് മഷ്‌റൂം ലഹരി മാത്രമല്ല; വിഷാദരോഗ ചികിത്സയ്ക്കും ഉപകരിക്കുമെന്ന് പഠനം
ValentynVolkov

മാജിക് മഷ്‌റൂം ലഹരി മാത്രമല്ല; വിഷാദരോഗ ചികിത്സയ്ക്കും ഉപകരിക്കുമെന്ന് പഠനം

കടുത്ത വിഷാദരോഗമുള്ള രോഗികളില്‍ 25 മില്ലി ഗ്രാം സൈലോസിബിന്‍ നല്‍കി പരീക്ഷിച്ചപ്പോള്‍ മൂന്നില്‍ ഒന്ന് രോഗികള്‍ക്കും വേഗത്തില്‍ രോഗം ഭേദമായതായി ഗവേഷകര്‍ കണ്ടെത്തി.
Updated on
1 min read

ലഹരി വസ്തുവായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മാജിക് മഷ്‌റൂമില്‍ നിന്ന് ഇനി വിഷാദരോഗത്തിനുള്ള മരുന്ന് ഉത്പാദിപ്പിക്കാമെന്ന് പഠനം. സൈലോസൈബ് ക്യൂബെൻസിസ് എന്ന മാജിക് മഷ്റൂമില്‍ കാണപ്പെടുന്ന സൈലോസിബിന്‍ സംയുക്തമാണ് തലച്ചോറിനെ പുഃനക്രമീകരിച്ച് വിഷാദരോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. വിഷാദരോഗം ബാധിച്ച ആളുകള്‍ക്ക് സൈക്കോതെറാപ്പിയ്ക്കൊപ്പം സൈലോസിബിന്‍ നല്‍കി അടുത്തിടെ നടത്തിയ ഒരു പരീക്ഷണമാണ് പ്രതീക്ഷകള്‍ നല്‍കുന്നത്.

കടുത്ത വിഷാദരോഗമുള്ള രോഗികളില്‍ 25 മില്ലി ഗ്രാം സൈലോസിബിന്‍ നല്‍കി പരീക്ഷിച്ചപ്പോള്‍ മൂന്നില്‍ ഒന്ന് രോഗികള്‍ക്കും വേഗത്തില്‍ രോഗം ഭേദമായതായി ഗവേഷകര്‍ കണ്ടെത്തി. യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നടത്തിയ ഗവേഷണ ഫലങ്ങളെ അസാധാരണം എന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചത്.

സൈലോസിബിന്‍ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിച്ചതിന് ശേഷം വിഷാദ രോഗികളില്‍ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടായെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനങ്ങളുടെ ഫലങ്ങള്‍ പറയുന്നത്. മാജിക് മഷ്‌റൂമില്‍ അടങ്ങിയിട്ടുള്ള സൈലോസിബിന്‍ തലച്ചോറിനെ പെട്ടെന്ന് ബാധിക്കുന്നതിനാല്‍ വിഷാദ രോഗികളില്‍ ഇവ ഉപയോഗിക്കുന്നത് പെട്ടെന്നൊരു മാറ്റത്തിന് ആദ്യഘട്ടത്തില്‍ സാധിക്കും. ഇത് മനോരോഗ ചികിത്സകളില്‍ കൂടുതല്‍ സാധ്യത തുറന്നേയ്ക്കുമെന്നുമാണ് വിലയിരുത്തല്‍.

ഒരു മില്ലി ഗ്രാം മുതല്‍ 10 മില്ലി ഗ്രാം വരെ മരുന്ന് നല്‍കിയവരേക്കാള്‍ 25 മില്ലിഗ്രാം സൈലോസിബിന്‍ ഡോസ് സ്വീകരിച്ചവരിലാണ് കൂടുതല്‍ മാറ്റം കണ്ടെത്തിയത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഏകദേശം 3.7 ബില്യണ്‍ ഡോളറാണ് (3.9 ബില്യണ്‍ യൂറോ) ചികിത്സയ്ക്കായി ചിലവായത്.

എന്നാല്‍, പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടെന്ന് പറയുമ്പോഴും പല രോഗികളിലും പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തതായും പഠനം പറയുന്നു. തലവേദന, ഓക്കാനം, ക്ഷീണം എന്നിവയായിരുന്നു പ്രധാനം. 25 മില്ലിഗ്രാം സൈലോസിബിന്‍ ഡോസിനോട് പ്രതികരിക്കാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. ആത്മഹത്യാ പ്രവണത കാണിച്ചവരും കുറവില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷാവസാനത്തോടെ മരുന്ന് പരീക്ഷണത്തിന്റെ 3ാം ഘട്ടം പരീക്ഷണം ആരംഭിക്കും.

logo
The Fourth
www.thefourthnews.in