പിസിഒഎസ് ഉള്ള അമ്മമാര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളില്‍ അമിതവണ്ണത്തിന് സാധ്യതയേറെ
പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉള്ള സ്ത്രീകള്‍ക്ക് ജനിക്കുന്ന ആണ്‍ കുട്ടികളില്‍ അമിതവണ്ണം (obesity) ഉണ്ടാവാനുള്ള സാധ്യത മൂന്ന് മടങ്ങ് ഏറെ. സ്വീഡനിലെ കരോലിന്‍സ്‌കാ സര്‍വകലാശാലയുടേതാണ് പഠനം. അമ്മയില്‍ ഉണ്ടാകുന്ന പിസിഒഎസുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ആണ്‍മക്കളിലൂടെ തലമുറകളിലേക്ക് കൈമാറി വരുമെന്നാണ് പഠനത്തില്‍ വ്യക്തമായത്. സെല്‍ റിപ്പോര്‍ട്ട് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2005 ജൂലൈ മുതല്‍ 2015 ഡിസംബര്‍ വരെ ജനിച്ച 4,60,000 ആണ്‍കുട്ടികള്‍ ഉള്‍ക്കൊള്ളുന്നതാണ് പഠനത്തിനായി തയ്യാറാക്കിയ രജിസ്റ്ററി ഡാറ്റ. പിസിഒഎസ് ബാധിതരായ അമ്മമാര്‍ക്ക് ജനിച്ചവരാണ് ഇതില്‍ 9,000 കുട്ടികളും. പഠനം നടത്തിയ 4,60,000 പേരില്‍ ആർക്കൊക്കെ അമിതവണ്ണം വന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്താന്‍ ശ്രമിച്ചത്. അതില്‍ പിസിഒഎസ് ബാധിതരായ അമ്മമാര്‍ക്കുണ്ടായ കുട്ടികളില്‍ അമിതവണ്ണവും ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോളും ഉണ്ടെന്ന് കണ്ടെത്തി. അത്തരം ആണ്‍കുട്ടികള്‍ക്ക് പിന്നീട് ഇന്‍സുലിന്‍ പ്രതിരോധവും ടൈപ്പ് 2 പ്രമേഹവും വികസിപ്പിക്കാനുള്ള സാധ്യതയുമുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു.
എലികളില്‍ നടത്തിയ പഠനം ഇത് ശരിവയ്ക്കുന്നതാണെന്നും ഗവേഷകര്‍ പറയുന്നു. ഗര്‍ഭ കാലയളവില്‍ സാധാരണ ഭക്ഷണവും കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണവും നല്‍കി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പിസിഒഎസ് ലക്ഷണങ്ങള്‍ കാണിച്ച എലികളുടെ അണ്ഡാശയങ്ങളില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കൂടുതല്‍ ഉണ്ടായെന്നും പഠനം പറയുന്നു.
പിസിഒഎസ് സാന്നിധ്യമുണ്ടായ എലികള്‍ക്ക് ജനിച്ച ആണ്‍ എലികളില്‍ അമിതവണ്ണവും ക്രമരഹിതമായ മെറ്റബോളിസവും കാണാനിടയായെന്നും പഠനം പറയുന്നു. ഗര്‍ഭ കാലയളവില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അമിത ഉത്പാദനവും ജനിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.